വിദേശ വനിത ഇന്ത്യയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന ഈ പ്രചാരണം വ്യാജം | Fact Check

#ഷിബിന വാസുദേവൻ

ഇന്ത്യയിലെത്തിയ വിനോദസഞ്ചാരിയായ വിദേശ വനിതയെ തട്ടിക്കൊണ്ടുപോവുകയും അഞ്ച് ദിവസത്തോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചങ്ങലകളാൽ ബന്ധിച്ച നിലയിൽ കട്ടിലിൽ കിടക്കുന്നൊരു യുവതിയെ പോലീസ് രക്ഷപ്പെടുത്തുന്നതാണ് വൈറൽ ദൃശ്യങ്ങളിൽ. എന്നാൽ ഈ പ്രചാരണം വ്യാജമാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

പ്രചരിക്കുന്ന വീഡിയോയുടെ സ്ക്രീൻഷോട്ട്

അന്വേഷണം

വീഡിയോയിൽനിന്നുള്ള കീ ഫ്രെയിമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് സെർച്ചിൽ, 2026 ഓഗസ്റ്റ് 22-ന് ബി ന്യൂസ് എന്ന ഇൻസ്റ്റഗ്രാം പേജിൽ ഇതേ വീഡിയോ പങ്കുവച്ചതായി കണ്ടെത്തി. ബ്രസീലിലെ ആഗ്വാസ് ലിൻഡാസ് ഡി ഗോയാസിൽ (Águas Lindas de Goiás) അഞ്ച് ദിവസം മുൻപ് കാണാതായ സ്ത്രീയെ സംയുക്ത ഓപ്പറേഷനിലൂടെ പോലീസ് രക്ഷപ്പെടുത്തിയതിന്‍റെ ദൃശ്യങ്ങളാണിത്.

റിപ്പോർട്ട് പ്രകാരം,ഓഗസ്റ്റ് 17-ന് യുവതിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകി. ഓഗസ്റ്റ് 21-ന് സ്പെഷ്യലൈസ്ഡ് പോലീസിംഗ് കമ്പനി (CPC) വെസ്റ്റ് സറൗണ്ടിംഗ്‌സിലെ ഉദ്യോഗസ്ഥർ ഇവരെ രക്ഷപ്പെടുത്തി. മുൻ പങ്കാളിയാണ് യുവതിയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ചിരുന്നത്. നിയമവിരുദ്ധമായി തടഞ്ഞുവെക്കൽ, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മുൻ പങ്കാളിയായ ഐൽട്ടൺ റോഡ്രിഗസ് ഡിസൂസ (Ailton Rodrigues de Souza)യെ പോലീസ് സംഭവസ്ഥലത്തു വെച്ചുതന്നെ അറസ്റ്റ് ചെയ്തു

 
 
 
 
 
 
 
 
 
 
 
 
 
 
 

ഇതിൽനിന്നു പ്രചരിക്കുന്ന ദൃശ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ളതാണെ ആരോപണം വ്യാജമാണെന്ന് വ്യക്തമായി. മറ്റ് പല ബ്രസീലിയൻ മാധ്യമങ്ങളും ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. ബ്രസീലിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇന്ത്യയിൽ നിന്നുള്ളതെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.

Content Highlights: Viral video claiming a foreign woman was gang-raped in India is completely fake., The footage actually shows a police rescue operation in Brazil from August 2026., A missing woman was rescued from illegal confinement in Águas Lindas de Goiás, Brazil., The perpetrator, her former partner Ailton Rodrigues de Souza, was arrested by local authorities.