ചമ്പക്കുളം മൂലം ജലോത്സവത്തിൽ നിന്നുള്ള ദൃശ്യങ്ങളോ ഇത്? | Fact Check

ചമ്പക്കുളം മൂലം ജലോത്സവത്തിൽനിന്നുള്ള ദൃശ്യങ്ങൾ എന്ന വാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. മത്സരത്തിൽ പങ്കെടുക്കുന്ന വള്ളങ്ങളിൽ ഒന്ന് ഒരു ബോട്ടിലേക്ക് ഇടിച്ച് കയറുന്നതാണ് ദൃശ്യങ്ങളിൽ. ഇക്കഴിഞ്ഞ ജൂൺ 29-നായിരുന്നു ചമ്പക്കുളം മൂലം വള്ളംകളി. ഈ പ്രചാരണത്തിൻ്റെ യാഥാർത്ഥ്യമന്വേഷിച്ച് ഒട്ടേറെ പേരാണ് മാതൃഭൂമി ഫാക്ട് ചെക്ക് ടിപ്പ് ലൈനുമായി ബന്ധപ്പെട്ടത്. ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
അന്വേഷണം
കുട്ടനാട് എംഎൽഎ റെജി ചെറിയാൻ ജലോത്സവത്തിന് പ്രാദേശിക അവധി വേണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ടതും അതിന് മുഖ്യമന്ത്രി നൽകിയ മറുപടിയും തുടർന്നുണ്ടായ സംഭവങ്ങളും വിവാദമായിരുന്നു. വള്ളംകളി നടക്കുന്ന ദിവസം കുട്ടനാട് താലൂക്കിൽ പ്രാദേശിക അവധി അനുവദിക്കണമെന്നായിരുന്നു റെജി ചെറിയാന്റെ സബ്‌മിഷൻ. പരിശോധിച്ച് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞതിന് പിന്നാലെ തൊട്ടടുത്തിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയോട് 'ഒരു കാരണവശാലും കൊടുക്കില്ല' എന്ന് പറയുകയും ഇതിന്‍റെ വീഡിയോ പുറത്ത് വരികയും ചെയ്തു. മുഖ്യമന്ത്രിക്കെതിരെ വലിയ വിമർശനത്തിന് ഇത് ഇടയാക്കി.
മുഖ്യമന്ത്രി അവധിയൊന്നും പ്രഖ്യാപിച്ചില്ലെന്ന് മാത്രമല്ല, വള്ളംകളി സ്ഥലത്ത് വി.ഡി സതീശനെതിരായ പോസ്റ്ററുകളും ബാനറുകളും ഉയരുകയും ചെയ്തു. മാധ്യമങ്ങളെല്ലാം ഇത് റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ മത്സരത്തിൽ പങ്കെടുത്ത വള്ളം അപകടത്തിൽപ്പെട്ടൊരു സംഭവം നടന്നിരുന്നെങ്കിൽ അത് തീർച്ചയായും വാർത്തയായെനെ. എന്നാൽ, അത്തരത്തിലുള്ള റിപ്പോർട്ടുകളൊന്നും തന്നെ ഇല്ല.
വീഡിയോയിലുള്ള ബോട്ടിൽ 'പള്ളാത്തുരുത്തി ബോട്ട്' എന്ന് എഴുതിയിരിക്കുന്നതായി കാണാം. തുടർന്ന് പ്രചരിക്കുന്ന വീഡിയോയിൽനിന്നു കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. ഇതേ വീഡിയോ 2023 ഡിസംബർ 4-ന് ആലപ്പുഴ പള്ളാത്തുരുത്തി ബോട്ട് ക്ലബ് അവരുടെ ഇൻറ്റഗ്രാം പേജിൽ പങ്കുവച്ചതായി കണ്ടെത്തി. ആലപ്പുഴ പാണ്ടനാട് നടന്ന വള്ളംകളിക്കിടെയുണ്ടായ അപകടമാണിതെന്ന് ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ സംഭവവുമായി ബന്ധപ്പെട്ട് മാതൃഭൂമി നൽകിയ വാർത്ത താഴെ കൊടുക്കുന്നു
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. വാസ്തവത്തിൽ, 2023-ൽ ആലപ്പുഴ പാണ്ടനാട് നടന്ന വള്ളംകളിക്കിടെയുണ്ടായ അപകട ദൃശ്യമാണിത്.
Content Highlights: The viral video claiming an accident at the 2026 Champakulam Boat Race is false., The footage is actually from a 2023 boat race held in Pandanad, Alappuzha., No such accident occurred during the recent Champakulam Moolam Boat Race., The video was originally posted by the Pallathuruthy Boat Club in December 2023.