കർണാടക ട്രാൻസ്‌പോർട്ട് ബസ്സിൽ ഡ്രൈവർ കുടപിടിച്ച് ബസ്സോടിച്ചു എന്ന പ്രചാരണം വ്യാജം | Fact Check

സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു മഴക്കാല വീഡിയോയാണ് കുട പിടിച്ച് ബസ്സ് ഓടിക്കുന്ന ഒരു ഡ്രൈവറുടേത്. കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബസിന്റെ ശോച്യാവസ്ഥ എന്ന തരത്തിലാണ് ഇത് പ്രചരിക്കുന്നത്.
''കർണ്ണാടകത്തിലെ സർക്കാർ ബസ്സ് കാഴ്ച ആണ്... ഭരിക്കുന്നത് കൊൺഗ്രസ്സ് സർക്കാരും'' എന്നൊരു കുറിപ്പും പരിഹാസ രൂപേണ ഈ വീഡിയോയ്ക്കൊപ്പം നൽകിയിട്ടുണ്ട്
ഇതിലെ യാഥാർത്ഥ്യം പരിശോധിക്കാം
അന്വേഷണം
ഒരുമിനുറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ബസ്സിൽ ചോർച്ച ഉള്ളതായി ദൃശ്യങ്ങളിൽ വ്യക്തമല്ല. വീഡിയോ മുപ്പത് സെക്കൻറിലെത്തുമ്പോൾ ഡ്രൈവർ പിടിച്ചിരിക്കുന്ന കുട പൂർണമായി കാണാനാകും. ഇതിൽ കുടയ്ക്ക് മുകളിൽ വെളളം വീണതിന്റെ അടയാളങ്ങളൊന്നും തന്നെ ഇല്ല.
ഇതുമായി ബന്ധപ്പെട്ട കീ വേർഡുകൾ ഉപയോഗിച്ച് സർച്ച് ചെയ്തതിൽ ഒരു മാധ്യമ വാർത്ത ലഭിച്ചു. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ 2024 മെയ് 25-ന് പ്രസിദ്ധീകരിച്ച വാർത്തയിൽ പ്രചരിക്കുന്ന വീഡിയോയിൽ നിന്നുള്ള സ്‌ക്രീൻഷോട്ട് നൽകിയിട്ടുണ്ട്. നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പൊറേഷൻ (NWKRTC) ബസ് ഡ്രൈവറെയും കണ്ടക്ടറെയും സസ്‌പെൻഡ് ചെയ്തു എന്നതാണ് വാർത്തയുടെ തലക്കെട്ട്.
വാർത്ത അനുസരിച്ച്, കഴിഞ്ഞ മെയ് 23നായിരുന്നു സംഭവം. ഹനമന്ദ കില്ലേധര എന്നയാളാണ് കുട പിടിച്ച് വാഹനമോടിച്ചത് വീഡിയോ ചിത്രീകരിച്ചത് കണ്ടക്ടർ എച്ച്. അനിതയും. ഈ സമയത്ത് ബസ്സിൽ മറ്റ് യാത്രക്കാർ ഉണ്ടായിരുന്നില്ല എന്നും വാർത്തയിലുണ്ട്. ദൃശ്യങ്ങൾ വൈറലായതോടെ NWKRTC വിഷയത്തിൽ അന്വേഷണം നടത്തുകയും ബസ് ഡ്രൈവറെയും കണ്ടക്ടറെയും സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ച് വൈറലാകാൻ വേണ്ടിയാണ് ഇരുവരും ചേർന്ന് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്നും ബസിന് ചോർച്ചയില്ലായിരുന്നു എന്നുമായിരുന്നു കോർപ്പറേഷൻറെ കണ്ടെത്തൽ.
ശക്തമായ മഴക്കിടെ ആയിരുന്നു സംഭവം എന്നിരിക്കെ, മറ്റ് വാഹന യാത്രക്കാർക്കും അപകടം വരുത്തുന്ന വിധമാണ് ഡ്രൈവർ ബസ് ഓടിച്ചതെന്ന വിമർശനവും പല കോണുകളിൽനിന്നും ഉയർന്നിരുന്നു.
ടൈംസ് ഓഫ് ഇന്ത്യാ റിപ്പോർട്ട്- https://timesofindia.indiatimes.com/city/bengaluru/bus-driver-suspended-for-driving-with-umbrella/articleshow/110409221.cms
നിഗമനം
സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടി ബസ് ഡ്രൈവറും കണ്ടകട്‌റും ചേർന്ന് ചിത്രീകരിച്ചതാണ് വീഡിയോ. ബസിന് ചോർച്ചയില്ലായെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഫാക്ട് ക്രസൻറോ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)
Content Highlights: It is being circulated as the poor condition of KSRTC bus | Fact Check