ട്രാൻസ്ഫോമറിന് സമീപം ഇലക്ട്രിക് സ്കൂട്ടർ നിർത്തിയാൽ തീപ്പിടുത്തം ഉണ്ടാകുമോ? | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ഭീതിജനകമായ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഒരു ഇരുചക്രവാഹനം ട്രാൻസ്ഫോർമറിന് താഴെ നിർത്താൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് പൊട്ടിത്തെറിയുണ്ടാകുന്നതും വാഹനവും യാത്രക്കാരനും കത്തിയമരുന്നതുമാണ് ദൃശ്യങ്ങളിൽ. ‘ഇലക്ട്രിക് വാഹനങ്ങൾ (EV) വൈദ്യുത ട്രാൻസ്ഫോമറിന് സമീപം പാർക്ക് ചെയ്യുന്നത് അപകടമാണെന്നും, ഇവയിലെ ബാറ്ററികൾ ട്രാൻസ്ഫോർമറുമായി പ്രതിപ്രവർത്തിച്ച് അപകടമുണ്ടാകും’ എന്ന മുന്നറിയിപ്പോടെയാണ് ഈ വീഡിയോ പങ്കുവെക്കപ്പെടുന്നത്. എന്നാൽ ഈ പ്രചാരണം വ്യാജമാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

അന്വേഷണം

പ്രചരിക്കുന്ന വീഡിയോയിൽനിന്നു കീഫ്രെയിമുകളെടുത്ത് റിവേഴഴ്സ് ഇമേജ് സർച്ച് ചെയ്ത് അന്വേഷിച്ചു. ഇതേ ദൃശ്യങ്ങളടങ്ങിയ റിപ്പോർട്ട് ഫ്രീപ്രസ്സ് ജേർണൽ 2026 ഏപ്രിൽ 28 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹരിയാനയിലെ ഗുരുഗ്രാമിലെ ഐഎംടി മനേസറിൽ ഏപ്രിലിലായിരുന്നു ഈ സംഭവം. യാത്രക്കാരൻ സ്കൂട്ടർ പാർക്ക് ചെയ്യുന്നതിനിടെ ട്രാൻസ്‌ഫോർമറിൽ നേരിട്ട് സ്പർശിച്ചതിനെത്തുടർന്നായിരുന്നു അപകടമെന്നാണ് റിപ്പോർട്ട്. മറ്റ് മാധ്യമങ്ങളും ഈ സംഭവത്തെക്കുറിച്ചുള്ള വാർത്ത നൽകിയിട്ടുണ്ട്.

അപകടത്തിൽപ്പെട്ട വാഹനം ഇലക്ട്രിക് സ്കൂട്ടറാണെന്ന് ഒരു റിപ്പോർട്ടിലും പറയുന്നില്ല. റിപ്പോർട്ടുകളിൽ ഈ വാഹനത്തെ 'സ്കൂട്ടർ' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പച്ചനിറത്തിലുള്ള നമ്പർ പ്ലേറ്റുകളാണുള്ളത്. എന്നാൽ, പ്രചരിക്കുന്ന വീഡിയോയിലെ ഇരുചക്ര വാഹനത്തിന് വെള്ളനിറത്തിലുള്ള നമ്പർ പ്ലേറ്റാണ്. അപകടത്തിൽപെട്ട വാഹനം ഇലക്ട്രിക് അല്ലെന്ന് ഇതിൽനിന്ന്‌ വ്യക്തമാണ്.

വാസ്തവം

ട്രാൻസ്ഫോമറിന് അരികെ ഇലക്ട്രിക് സ്കൂട്ടർ നിർത്തിയതുകൊണ്ടാണ് തീപ്പിടിത്തം ഉണ്ടായതെന്ന പ്രചാരണം വ്യാജമാണ്. സുരക്ഷിതമല്ലാതെ സ്ഥാപിച്ചിരിക്കുന്ന വൈദ്യുത ട്രാൻസ്‌ഫോർമറിൽ നേരിട്ട് സ്പർശിച്ചതായിരുന്നു അപകട കാരണം.

Content Highlights: The viral video claiming EV batteries react with transformers is false., The 2026 incident in Gurugram was caused by direct contact with a transformer, not the vehicle type., The vehicle involved was a standard scooter, confirmed by the white number plate., Electric vehicles are not inherently dangerous when parked near electrical infrastructure.