രാഹുൽ ഗാന്ധി അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തിയോ? | Fact Check

രാഹുൽ ഗാന്ധി അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ അതിവ്യാപകമായി പ്രചാരിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാടിന് പുറമേ രാഹുൽ മത്സരിക്കുന്ന റായ്ബറേലിയിലെ നാമനിർദേശ പത്രികാ സമർപ്പണത്തിന് ശേഷമായിരുന്നു ക്ഷേത്രസന്ദർശനം എന്നാണ് അവകാശവാദം. ക്ഷേത്രത്തിലെത്തിയ രാഹുലിനെ മോദി, മോദി വിളികളോടെയാണ് ജനങ്ങൾ വരവേറ്റതെന്നും പ്രചരിക്കുന്ന വീഡിയോക്ക് ഒപ്പമുള്ള കുറിപ്പിൽ പറയുന്നു.
അന്വേഷണം
ഒരു കവാടത്തിന് മുന്നിൽ തടിച്ചുകൂടിയ ജനങ്ങളും ഇവർക്കിടയിലൂടെ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം നടന്നുനീങ്ങന്ന രാഹുൽ ഗാന്ധിയുമാണ് ദൃശ്യങ്ങളിൽ. രാഹുൽ നെറ്റിയിൽ കുറിയും കഴുത്തിൽ മാലയും അണിഞ്ഞിട്ടുണ്ട്. ജനക്കൂട്ടം രാഹുലിനെതിരായി മോദി മുദ്രാവാക്യം മുഴക്കുന്നതും വീഡിയോയിലുണ്ട്.
കീവേർഡ് ഉപയോഗിച്ചുള്ള പരിശോധനയിൽ ഇതേ വീഡിയോ നിരവധി പേർ ഫേസ്ബുക്കിലും എക്‌സിലുമായി (നേരത്തെ ട്വിറ്റർ)
പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ചില സന്ദേശങ്ങളിലാകട്ടെ, വയനാട്ടിൽ മുസ്ലീങ്ങളുടെ വോട്ടു വാങ്ങിയ ശേഷം റായിബറേലിയിൽ ഹിന്ദുക്കളുടെ വോട്ട് നേടാൻ രാഹുൽ അയോധ്യയിലെത്തിയെന്നും ഹിന്ദുക്കൾ മണ്ടന്മാരാണെന്നാണോ കോൺഗ്രസ് ധരിച്ചിരിക്കുന്നതെന്നും കുറിച്ചിരിക്കുന്നു.
വീഡിയോയിലെ കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഈ ദൃശ്യങ്ങൾ അയോധ്യയിൽ നിന്നുള്ളതല്ല മറിച്ച് ജാർഖണ്ഡിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്ര 2024 ഫെബ്രുവരി രണ്ടിന് ജാർഖണ്ഡിൽ പ്രവേശിച്ചിരുന്നു. ഫെബ്രുവരി മൂന്നിനാണ് അദ്ദേഹം സംസ്ഥാനത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായ ദേവ്ഗറിലുള്ള ബാബാ ബൈദ്യനാഥ ധാമിൽ ദർശനം നടത്തിയത്. രാഹുൽ ക്ഷേത്രത്തിലെത്തുന്നതിന്റെയും പൂജാരിമാർക്കൊപ്പം പൂജയിൽ പങ്കെടുക്കുന്നതിന്റെയും തുടർന്ന് അദ്ദേഹത്തിൻറെ നെറ്റിയിൽ അവർ കുറി ചാർത്തിക്കൊടുക്കുന്നതിന്റെയും ദൃശ്യങ്ങളടങ്ങിയ വീഡിയോ കോൺഗ്രസ്സിന്റെ ഔദ്യോഗിക എക്‌സ് ഹാൻറിലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിനുശേഷം പുറത്ത് വന്ന രാഹുലിന് നേരെയാണ് ജനക്കൂട്ടത്തിൽനിന്നു ചിലർ മോദി അനുകൂല മുദ്രാവാക്യം മുഴക്കിയത്. അതേസമയം, രാഹുലിനുവേണ്ടിയുള്ള ജയ് വിളികളും പല ഭാഗത്തുനിന്നും ഉയർന്നിരുന്നു. ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ ഇത് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ഫെബ്രുവരി മൂന്നിന് എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര ജാർഖണ്ഡിന് മുൻപ് ആസാമിലൂടെ കടന്ന് പോകുമ്പോഴും ബി.ജെ.പി. പ്രവർത്തകർ കൂട്ടമായെത്തി 'ജയ് ശ്രീ റാം', 'മോദി-മോദി' മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു.
മെയ് മൂന്നിനായിരുന്നു രാഹുൽ ഗാന്ധി റായ്ബറേലിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇതിന് ശേഷം അദ്ദേഹം അയോധ്യയിലെത്തി എന്ന ആരോപണത്തോടെ പ്രചരിപ്പിക്കുന്ന വീഡിയോ ആകട്ടെ കഴിഞ്ഞ ഫെബ്രവരി മൂന്നിലേതും. ഈ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.
വാസ്തവം
റായ്ബറേലിയിലെ നാമനിർദേശ പത്രികാ സമർപ്പണത്തിന് ശേഷം രാഹുൽ ഗാന്ധി അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി എന്ന പ്രചാരണം വ്യാജമാണ്. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരി മൂന്നിന് രാഹുൽ ജാർഖണ്ഡിലെ ബാബ ബൈദ്യനാഥ ധാം സന്ദർശിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്. സന്ദർശനവേളയിൽ ക്ഷേത്രത്തിന് പുറത്ത് കൂടിനിന്ന ജനങ്ങളിൽ ചിലർ മോദി അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു. അതോടൊപ്പം രാഹുലിനായുള്ള ജയ് വിളികളും ജനക്കൂട്ടത്തിൽനിന്ന് ഉയർന്നിട്ടുണ്ട്.
Content Highlights: It is claimed that the temple visit was after submission of nomination papers in Rae Bareli