ഡൽഹിയിൽ വികസനം നടന്നില്ലെന്ന് കെജ്രിവാൾ പറഞ്ഞോ? വാസ്തവമറിയാം | Fact Check

ഡൽഹി മുൻമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . കഴിഞ്ഞ പത്ത് വർഷം അധികാരത്തിലിരുന്നിട്ടും ഡൽഹിയിലെ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പാക്കാനായില്ലെന്ന് കെജ്രിവാൾ സമ്മതിച്ചതായാണ് പ്രചരിക്കുന്ന സന്ദേശത്തിലെ അവകാശവാദം.
കെജ്രിവാൾ പ്രസംഗിക്കുന്നതിൻറെ 14 സെക്കൻറ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇതിൽ പറയുന്നത്- 'എല്ലാ കോളനികളിലും കുടിവെള്ളക്ഷാമം ഇല്ലേ, മലിനജല പ്രശ്മനില്ലേ, റോഡുകളെല്ലാം തകർന്നു, എല്ലായിടത്തും മാലിന്യം കുന്നുകൂടി കിടക്കുന്നു.''
https://x.com/AdityaTrivedi_/status/1881362391952482793
ബി.ജെ.പിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലും ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
https://x.com/BJP4Delhi/status/1881341756362412052
എന്നാൽ പ്രചരിക്കുന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണം
പ്രചരിക്കുന്ന വീഡിയോയിൽ നിന്നുള്ള കീ ഫ്രേമുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 2025 ജനുവരി 20-ന് ആം ആദ്മി പാർട്ടിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത 'Arvind Kejriwal's public meeting in Vishwas Nagar' എന്ന വീഡിയോ ലഭിച്ചു. ഫെബ്രുവരി അഞ്ചിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹി വിശ്വാസ് നഗറിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിക്കുന്ന കെജ്രിവാളിന്റെ വീഡിയോയാണ് ഇത്.
പ്രസംഗത്തിന്റെ തുടക്കത്തിൽ ആം ആദ്മി പാർട്ടി ഡൽഹിയിൽ നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചാണ് കെജ്രിവാൾ പറയുന്നത്. കൂടാതെ, വിശ്വാസ് നഗർ മണ്ഡലത്തെപ്പറ്റിയും അതുപോലെ 2013 മുതൽ അവിടുത്തെ ബി.ജെ.പി. എം.എൽ.എയായ ഓം പ്രകാശ് ശർമ്മയെ പറ്റിയുമാണ് പരാമർശിക്കുന്നത് .
പ്രസംഗത്തിൽ പറയുന്നത്: 'കഴിഞ്ഞതവണ ജനങ്ങൾക്ക് തെറ്റുപറ്റി, 70 മണ്ഡലങ്ങളിൽ 62 മാത്രമേ ആം ആദ്മി പാർട്ടിക്ക് ഡൽഹിയിൽ ലഭിച്ചുള്ളൂ.അതിൽ ജനങ്ങൾക്ക് തെറ്റുപറ്റിയ ഒരു മണ്ഡലം വിശ്വാസ് നഗർ ആണ്. ഈ മണ്ഡലത്തിലെ ജനങ്ങൾ ബി.ജെ.പിയുടെ സ്ഥാനാർഥിയായ ഓം പ്രകാശ് ശർമയെ വിജയിപ്പിച്ചു. അദ്ദേഹം ഈ പത്തുവർഷം ഞങ്ങളുമായി തർക്കിച്ച് കാര്യങ്ങളൊന്നും ചെയ്തില്ല. അടുത്ത അഞ്ച് വർഷത്തേക്കുള്ള പോരാട്ടങ്ങൾ മാത്രമേ ജനങ്ങൾ ആഗ്രഹിക്കുന്നുള്ളൂവെങ്കിൽ, അവർ ശർമ്മയ്ക്ക് വോട്ട് ചെയ്യണമെന്നും അതല്ല ജനങ്ങൾക്ക് അവരുടെ കാര്യങ്ങൾ നടക്കണമെന്നാണെങ്കിൽ ആം ആദ്മിയുടെ സ്ഥാനാർഥിയായ ദീപക് സിംഗ്ലയ്ക്ക് വോട്ട് ചെയ്യണം''.
വിശ്വാസ് നഗറിലെ പ്രസംഗം 2025 ജനുവരി 20-ന് കെജ്രിവാൾ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റിന്റെ തലക്കെട്ട് 'വിശ്വാസ് നഗർ വികസനത്തിൽ പിന്നാക്കം പോയത് ഇവിടുത്തെ ജനങ്ങൾ ബിജെപി എംഎൽഎയെ തിരഞ്ഞെടുത്തതുകൊണ്ടാണ്. കഴിഞ്ഞ 10 വർഷമായി അദ്ദേഹം ഞങ്ങളോട് യുദ്ധം ചെയ്യുന്നു. ഇത്തവണ വിശ്വാസ് നഗർ 'എഎപി' എംഎൽഎയെ തിരഞ്ഞെടുക്കും ' എന്നാണ്.
https://x.com/ArvindKejriwal/status/1881322520311460086
യൂട്യൂബിൽ അപ്ലോഡ് ചെയ്ത പ്രസംഗത്തിന്റെ 25 മിനിറ്റ് 44 സെക്കൻഡിൽ പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളത്. യഥാർത്ഥത്തിൽ കെജ്രിവാൾ വിശ്വാസ് നഗറിലെ ജലക്ഷാമത്തെ പറ്റിയും റോഡിന്റെ ശോചനീയാവസ്ഥയെ പറ്റിയുമാണ് പറയുന്നത്. ഇതാണ് ഡൽഹിയിലാകെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നടത്തിയില്ലെന്ന് കെജ്രിവാൾ ഏറ്റുപറഞ്ഞു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.
വാസ്തവം
ഡൽഹിയിൽ വികസന പ്രവർത്തനങ്ങളൊന്നും നടത്തിയില്ലെന്ന് മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു എന്ന തരത്തിൽ നടക്കുന്ന പ്രചാരണം വ്യാജമാണ്. ജനുവരി 20-ന് ഡൽഹിയിലെ വിശ്വാസ് നഗർ മണ്ഡലത്തിൽ നടന്ന പൊതുയോഗത്തിലെ കെജ്രിവാളിന്റെ പ്രസംഗത്തിൽ നിന്നുള്ള ഭാഗം അടർത്തിയെടുത്താണ് പ്രചരിപ്പിക്കുന്നത്. വിശ്വാസ് നഗർ മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങളെ കുറിച്ചാണ് കെജ്രിവാൾ യഥാർത്ഥത്തിൽ സംസാരിച്ചത്.
(വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ലോജിക്കലി ഫാക്ടസ് പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)
Content Highlights: This is a video of Kejriwal addressing a public meeting in Delhi's Vishwas Nagar