മോദിക്ക് ധ്രുവ് റാഠിയുടെ പ്രശംസയോ? വൈറൽ വീഡിയോയുടെ യാഥാർത്ഥ്യമറിയാം | Fact Check

#ഫാക്ട് ചെക്ക് ഡെസ്ക്ക്

ബിജെപിയെയും നരേന്ദ്ര മോദി സർക്കാരിനെയും വസ്തുതകൾ നിരത്തി വിമർശിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠിയുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ 'Is India becoming a Dictatorship?' എന്ന അദ്ദേഹത്തിന്റെ വീഡിയോ രാജ്യത്താകെ ചർച്ച ചെയ്യപ്പെട്ടു. ഭരണഘടനാ സ്ഥാപനങ്ങളുടെ തകർച്ചയെക്കുറിച്ചും രാജ്യത്തെ ജനാധിപത്യം നേരിടുന്ന ഭീഷണികളെക്കുറിച്ചുമുള്ള റാഠിയുടെ നിരീക്ഷണങ്ങളായിരുന്നു ഇതിന് കാരണം. എന്നാൽ, റാഠിയുടെ നിലപാടുകൾ രാജ്യവിരുദ്ധമാണെന്നും അദ്ദേഹം വിദേശ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ആളാണെന്നുമാണ് ബിജെപി അനുഭാവികൾ ആരോപിച്ചത്.

ഈ പശ്ചാത്തലം നിലനിൽക്കുമ്പോൾ, ധ്രുവ് റാഠിയുടെ പുതിയൊരു വീഡിയോ ബിജെപി അനുകൂല അക്കൗണ്ടുകളിൽ നിറയുകയാണ്. ധ്രുവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സർക്കാരിനെയും പുകഴ്ത്തി സംസാരിക്കുന്നതാണ് ദൃശ്യങ്ങളിൽ. എൽപിജി പ്രതിസന്ധി പരിഹരിച്ചതിനും ഇന്ത്യൻ റെയിൽവേയുടെ പുരോഗതിക്കും അദ്ദേഹം വീഡിയോയിൽ കേന്ദ്ര സർക്കാരിനെ അഭിനന്ദിക്കുന്നുണ്ട്. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

പ്രചരിക്കുന്ന വീഡിയോകളുടെ സ്ക്രീൻഷോട്ട്.

അക്കൗണ്ട് ലിങ്ക് : https://www.instagram.com/pmmodi.again/reels/

അന്വേഷണം

പ്രചരിക്കുന്ന ദൃശ്യങ്ങൾ റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. 'pmmodi.again എന്ന പേരിൽ മറ്റൊരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇതേ വീഡിയോകൾ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. കേന്ദ്ര സർക്കാറിനെയും മോദിയെയും രൂക്ഷമായി വിമർശിക്കുന്ന ധ്രുവ് റാഠി ഇത്തരത്തിലൊരു പ്രശംസാ വീഡിയോ ചെയ്തിരുന്നെങ്കിൽ തീർച്ചയായും അതും വലിയ ചർച്ചയായേനെ. എന്നാൽ, അത്തരത്തിലുള്ള റിപ്പോർട്ടുകളൊന്നും തന്നെ ഇല്ല. മാത്രമല്ല, വൈറൽ വീഡിയോകളിൽ ചില അപാകതകളും കാണാൻ സാധിക്കും.

ഒറ്റനോട്ടത്തിൽ വീഡിയോ യഥാർത്ഥമാണെന്ന് തോന്നാമെങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ചാൽ ദൃശ്യങ്ങളിൽ ധ്രുവ് റാഠിയുടെ ചലനങ്ങളും ശബ്ദവും സ്വാഭാവികമല്ല. ദൃശ്യങ്ങളിൽ കാണുന്ന വ്യക്തിയുടെ പല്ലുകൾക്ക് യഥാർഥത്തിൽ ഉള്ളതിനെക്കാൾ കൂടുതൽ തിളക്കവും വിസ്താരവും ഉള്ളതായി കാണാം. കൈകളുടെ ചലനങ്ങൾ യാന്ത്രികമാണ്, വിരലുകളുടെ ഘടനയിലും സംസാരരീതിയിലും വ്യത്യാസമുണ്ട്. ദൃശ്യങ്ങൾ ഡീപ് ഫേക്ക് ആണെന്ന സൂചനയാണിത് നൽകുന്നത്. തുടർന്ന് എഐ ഡിറ്റക്ഷൻ ടൂളുപയോഗിച്ച് വീഡിയോ പരിശോധിച്ചു. വീഡിയോ 99 ശതമാനവും എഐ നിർമ്മിതമാണെന്ന ഫലമാണ് ലഭിച്ചത്.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. പ്രചരിക്കുന്നത് എഐ നിർമ്മിത വീഡിയോ.

Content Highlights: Viral videos claiming Dhruv Rathee praised PM Modi are confirmed as AI-generated deepfakes., Technical analysis shows unnatural lip-sync, hand movements, and facial anomalies., AI detection tools confirmed a 99% probability of synthetic manipulation., No credible media reports exist to support the authenticity of these viral clips.