ആറ്റിങ്ങലിൽ ബി.ജെ.പി. പ്രവർത്തകർ ആഹ്‌ളാദ പ്രകടനം നടത്തിയോ? | Fact Check

#Published by Fact Crescendo . Edited by Mathrubhumi
.
.

ബി.ജെ.പിക്ക് വൻമുന്നേറ്റം പ്രവചിച്ച എക്‌സിറ്റ് പോൾ ഫലങ്ങളെ അപ്പാടെ തെറ്റിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം. എൻ.ഡി.എ. പാളയത്തെ ഞെട്ടിച്ചുകൊണ്ട്  ഇന്ത്യ മുന്നണി മുന്നേറ്റം നടത്തി. എക്‌സിറ്റ്‌പോളുകളുകൾക്കെതിരായ പരിഹാസവും വിമർശനങ്ങളുമാണ് സമൂഹമാധ്യമങ്ങളിലെല്ലാം. ഇതിനിടെ, വി. മുരളീധരൻ വിജയിക്കുമെന്ന എക്‌സിറ്റ്‌പോൾ ഫലത്തിന് പിറകെ ആറ്റിങ്ങൽ മണ്ഡലത്തിൽ ബി.ജെ.പി. പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിയിരുന്നു എന്ന വാദത്തോടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

 ''എക്‌സിറ്റ് പോളിൽ വിജയിച്ച ആറ്റിങ്ങൽ മണ്ഡലം ബിജെപി സ്ഥാനാർഥി വി മുരളീധരന് അഭിവാദ്യങ്ങൾ അർപ്പിച്ചു ബിജെപി പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനം'' എന്ന കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്. 

പ്രചരിക്കുന്ന പോസ്റ്റ്

https://www.facebook.com/groups/276354972986739/posts/1458971668058391/ 

അന്വേഷണം

വസ്തുതാ പരിശോധനയുടെ ഭാഗമായി ആറ്റിങ്ങൽ ബി.ജെ.പി. മണ്ഡലം പ്രസിഡൻറ് സന്തോഷുമായി സംസാരിച്ചു. പ്രചാരണം വ്യാജമാണെന്നും അത്തരത്തിലൊരു ആഹ്‌ളാദ പ്രകടനം ബി.ജെ.പി. പ്രവർത്തകർ ആറ്റിങ്ങലിൽ നടത്തിയിട്ടില്ലെന്നും വ്യാജ പ്രചരണത്തിനെതിരെ  നിയമ നടപടി സ്വീകരിക്കുമെന്നും സന്തോഷ് വ്യക്തമാക്കി. 

തുടർന്ന് പോസ്റ്റിലെ ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ കായംകുളത്തെ കൃഷ്ണപുരം പഞ്ചായത്തിലെ ബി.ജെ.പി. പഞ്ചായത്ത് മെമ്പർമാരും പ്രവർത്തകരുമാണ് ചിത്രത്തിലുള്ളതെന്ന് കണ്ടെത്തി.  2022-ൽ ഉത്തർ പ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുണ്ടായ വിജയത്തിൽ ബി.ജെ.പി. കായംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്‌ളാദപ്രകടനം നടന്നിരുന്നു. പാറയിൽ രാധാകൃഷ്ണൻ, ശരത്ത് കുമാർ പാട്ടത്തിൽ, കൃഷ്ണപുരം പഞ്ചായത്ത് മുൻ പ്രസിഡൻറ് മഞ്ജു അനിൽ തുടങ്ങിയവരെയാണ് പ്രകടനത്തിന്റെ മുൻനിരയിൽ കാണുന്നത്. 

കൃഷ്ണപുരം പഞ്ചായത്ത് മെമ്പറും ബി.ജെ.പി. സ്റ്റേറ്റ് കൗൺസിലുമായ പാറയിൽ രാധാകൃഷ്ണനുമായി സംസാരിച്ചു. '2022 മാർച്ചിൽ അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാലിലും ബി.ജെ.പി. മികച്ച വിജയം നേടിയപ്പോൾ കൃഷ്ണപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഞങ്ങൾ  2022 മാർച്ച് 10-11 തിയതികളിൽ നടത്തിയ ആഹ്‌ളാദ പ്രകടനത്തിൽ നിന്നുള്ള ചിത്രമാണിത്. ആറ്റിങ്ങലുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല. ഞങ്ങളുടെ ചിത്രം ഉപയോഗിച്ച് ദുഷ്പ്രചാരണം നടത്തുന്നതിനെതിരെ നിയമനടപടികൾ സ്വീകരിക്കും.'' എന്നാണ് അദ്ദേഹം പ്രതികരിച്ചത്.  

വാസ്തവം

ആറ്റിങ്ങളിൽ ബി.ജെ.പി. പ്രവർത്തകർ ആഹ്‌ളാദപ്രകടനം നടത്തി എന്ന തരത്തിൽ നടക്കുന്ന പ്രചാരണം വ്യാജമാണ്. 2022-ൽ നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നേടിയ വിജയത്തെ തുടർന്ന് കായംകുളത്തെ കൃഷ്ണപുരത്ത് ബി.ജെ.പി. പ്രവർത്തകർ നടത്തിയ ആഹ്‌ളാദ പ്രകടനത്തിന്റെ ചിത്രമാണ് തെറ്റായി പ്രചരിപ്പിക്കുന്നത്. 

(തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഫാക്ട് ക്രസൻറോ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)

Content Highlights: It is claimed that BJP workers celebrating the exit poll results in Attingal constituency