CPIM എല്‍.സി അംഗത്തിന് ഇരട്ടവോട്ടെന്ന ഈ പ്രചരണം വ്യാജം| Fact Check

ബിജെപിക്കെതിരായി കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി തിരികൊളുത്തിയ ‘വോട്ടുകവർച്ച’ ആരോപണം കത്തിപ്പടരുകയാണ്. ഇതിന്റെ ചുവടുപിടിച്ച്, തിരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിക്ക് ഒത്താശ ചെയ്യുന്നുവെന്ന പ്രചാരണവും ശക്തമായി. തൃശ്ശൂരില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി നടന്ന വ്യാപക വോട്ടു ചേർക്കലും ഇരട്ട തിരിച്ചറിയല്‍ കാർഡ് വിവാദവുമെല്ലാം ബിജെപിയെ പ്രതിക്കൂട്ടിലാക്കി. ഇതിനിടെ CPIM മങ്ങാട് LC( local committee) മെമ്പർ മേരി ദാസന് ഇരട്ട വോട്ടുണ്ട് എന്ന വാദത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. ‘വ്യാജ രേഖകൾ ഉപയോഗിച്ച് ഒരു ഡിവിഷനിൽ രണ്ട് ബൂത്തിലായി 2 വോട്ട് ചേർത്തു’ എന്നാണ് പോസ്റ്റില്‍ ആരോപിക്കുന്നത്. എന്നാൽ പ്രചരണം വ്യാജമാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ വ്യക്തമായി.
അന്വേഷണം
പ്രചരിക്കുന്ന പോസ്റ്റില്‍ വോട്ടർ ലിസ്റ്റിലേതെന്ന തരത്തില്‍ രണ്ട് ചിത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. രണ്ടിലും വ്യത്യസ്ത ഫോട്ടോകളാണെങ്കിലും പേര്- മേരി ദാസന് എന്നാണ്. അച്ഛന്റെ പേര് ഒന്നില്‍ ‘ജെയിംസ്’ എന്നും മറ്റേതില്‍ ‘ജയിംസ്’ എന്നുമാണുള്ളത്. കൂടാതെ ആദ്യത്തേതില്‍ ഇദ്ദേഹം സ്ത്രീയാണ് എന്നും രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം. വീട്ടുപേരും ചെറിയ
വ്യത്യാസത്തോടെയാണ് രണ്ടിലുമുള്ളത്. ഈ പ്രചരിക്കുന്ന പോസ്റ്റില്‍ പറയുന്നതുപോലെ ഇരട്ട വോട്ട് ആരോപണം ശരിയാണോയെന്ന് അന്വേഷിച്ചു. വോട്ടർ ലിസ്റ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. പ്രചരിക്കുന്ന പോസ്റ്റിനൊപ്പം നല്‍കിയിരിക്കുന്ന രണ്ട് വോട്ടർ ലിസ്റ്റിലും നല്‍കിയിരിക്കുന്ന EPIC (Elector's Photo Identity Card number) നമ്പറുകളും അടിസ്ഥാനമാക്കി തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ പരിശോധിച്ചു. അതിൽ ആദ്യത്തേതിലെ EPIC നമ്പർ - DQK2399442 പരിശോധിക്കുമ്പോൾ, കൊല്ലം അസംബ്ലി മണ്ഡലത്തിൽ മേരി ദാസൻ എന്ന പേരിൽ അത് നിലവിലുള്ളതായി കണ്ടെത്തി.
ഇന്ത്യൻ വോട്ടർ ഐഡി കാർഡിൽ കാണപ്പെടുന്ന EPIC നമ്പറിൽ സാധാരണയായി 10 അക്ക ആൽഫാന്യൂമെറിക് കോഡാണുണ്ടാകുക. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്ഥമായി പ്രചരിക്കുന്ന പോസ്റ്റില്‍ നല്‍കിയിരിക്കുന്ന രണ്ടാമത്തെ ചിത്രത്തിലെ EPIC നമ്പർ പതിമൂന്നെണ്ണമുണ്ട്. ഈ നമ്പറും തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ തിരഞ്ഞു. എന്നാൽ ഈ നമ്പറിൽ വോട്ടറുടെ വിവരങ്ങളോന്നും ഒന്നും തന്നെ ലഭ്യമായില്ല.
https://electoralsearch.eci.gov.in/
മുകളിലെ ചിത്രത്തില്‍ മേരിദാസിൻ്റെ വിവരങ്ങളൊള്ക്കൊപ്പം സീരിയൽ നമ്പറായി നൽകിയിരിക്കുന്നത് 542 ആണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ നിന്ന് ലഭിച്ച വോട്ടറുടെ വിവരങ്ങളില്‍ മേരി ദാസന്റെ ബൂത്ത് നമ്പറായി നല്‍കിയിരിക്കുന്നത് 156 ആണ്. കൊല്ലം മണ്ഡലത്തിലെ 156-ാം ബൂത്തിലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ പ്രചരിക്കുന്ന
ചിത്രത്തിൽ നിന്നും വ്യത്യസ്ഥമായി ഇദ്ദേഹത്തിന്റെ സീരിയൽ നമ്പർ 1229 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കണ്ടു. ഇതില്‍ നിന്നും പ്രചരിക്കുന്ന പോസ്റ്റ് എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി.
വിശദമായ വിവരങ്ങൾക്കായി CPIM മങ്ങാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.ബാബുവുമായി ബന്ധപ്പെട്ടു. പ്രചരിക്കുന്ന പോസ്റ്റിൽ പരാമർശിച്ചിട്ടുള്ള മേരി ദാസന് മാങ്ങാട് ലോക്കൽ കമ്മിറ്റി അംഗമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. മേരി ദാസനെതിരെ നടക്കുന്ന പ്രചാരണം വ്യാജമാണെന്നും ഇതിനെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും വ്യാജ പോസ്റ്റ് പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ‘മേരിദാസന്‍ ഇരട്ട വോട്ട്’ എന്ന
ഈ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
വാസ്തവം
പ്രചരിക്കുന്ന പോസ്റ്റിലെ ആരോപണം അടിസ്ഥാനരഹിതമാണ്.തെരെഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റിൽ നല്‍കിയിരിക്കുന്ന വിവരങ്ങൾ പ്രകാരം, മേരി ദാസന് കൊല്ലം അസംബ്ലി മണ്ഡലത്തിലെ 156-ാം ബൂത്തിൽ വോട്ടുണ്ട്. എന്നാല്‍ ഇയാളുടേതെന്ന തരത്തില്‍ രണ്ടാമത് നല്‍കിയിരിക്കുന്ന വോട്ടർ ലിസിറ്റിന്റെ ചിത്രത്തില്‍ പതിമൂന്നക്ക EPIC നമ്പർ ഉണ്ട്. സാധാരണ
ഇത് പത്തക്കമായിരിക്കും.
Content Highlights: A viral post claims a CPIM member has two votes. Mathrubhumi Fact Check reveals the truth.