വോട്ടിംഗ് യന്ത്രം തകർത്തത് കോൺഗ്രസ് എം.എൽ.എയോ? വാസ്തവമറിയാം | Fact Check

#Published by News Checker. Edited by Mathrubhumi
.
.

ഒരാൾ പോളിംഗ് സ്റ്റേഷനിലെത്തി വോട്ടിംഗ് മെഷീൻ നിലത്തെറിഞ്ഞ് തകർക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കോൺഗ്രസ് എം.എൽ.എയാണ് ഈ കൃത്യത്തിന് പിന്നിൽ എന്ന തരത്തിൽ പോസ്റ്റുകൾ പ്രചരിച്ചു.

പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നത് - ''കോൺഗ്രസ് എംഎൽഎ വോട്ടിംഗ് മെഷീൻ തകർക്കുന്നു. ഇപ്പോഴേ തോൽവി ഭയം തുടങ്ങി. ബാക്കി ജൂൺ 4നു ശേഷം അരങ്ങേറും എന്ന് പറയുവാൻ പറഞ്ഞു. എങ്ങനെയുണ്ട്. ഇതാണ് ഇന്നത്തെ കോൺഗ്രസ്. അഹിംസ വാദം ഒക്കെ പൊയ്മുഖം മാത്രം ഫലത്തിൽ മത തീവ്രവാദ സംഘടനയെക്കാൾ ഭീകരം,'' 

അന്വേഷണം

പ്രചരിക്കുന്ന വീഡിയോയിൽ നിന്നുള്ള കീ ഫ്രേമുകളുപയോഗിച്ച് നടത്തിയ പരിശോധനയിൽ ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ ഇക്കഴിഞ്ഞ മെയ് 22-ന് ഇത് സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. ജഗൻമോഹൻ റെഡ്ഢിയുടെ പാർട്ടിയിലെ എം.എൽ.എ. വോട്ടിംഗ് മഷീൻ നശിപ്പിച്ചു എന്നാണ് വാർത്തയുടെ തലക്കെട്ട്. റിപ്പോർട്ട് പ്രകാരം മെയ് 13-നായിരുന്നു സംഭവം നടന്നത്. ആന്ധ്ര പ്രദേശിലെ ഭരണ കക്ഷിയായ, ജഗൻമോഹൻ റെഡ്ഢിയുടെ വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടിയുടെ (വൈ.എസ്.ആർ.സി.പി.) മച്ചെർലയിൽ നിന്നുള്ള എം.എൽ.എ. പി. രാമകൃഷ്ണ റെഡ്ഡിയാണ് അതിക്രമത്തിന് പിന്നിൽ.

ഇ.വി.എം. നശിപ്പിച്ചത് ഗൗരവമായി കാണുന്നുവെന്നും എം.എൽ.എക്കെതിരെ അന്വേഷണം ആരംഭിച്ചതായും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അന്വേഷണത്തിനായി അതിക്രമ സംഭവത്തിന്റെ ദൃശ്യങ്ങൾ സംസ്ഥാന പോലീസിന് കൈമാറിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയതായും വാർത്തയിൽ പറയുന്നുണ്ട്.

ഇന്ത്യാ ടുഡേ വാർത്തയുടെ സ്‌ക്രീൻഷോട്ട്

https://www.indiatoday.in/india/andhra-pradesh/story/andhra-praesh-mla-ysrcp-p-ramakrishna-reddy-voting-machine-destroyed-election-2542202-2024-05-21 

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ എം.എൽ.എ. മുൻകൂർജാമ്യം തേടി ആന്ധ്ര ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തു. വരുന്ന ജൂൺ 5 വരെയാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.  

ദി ഹിന്ദു പ്രസിദ്ധീകരിച്ച വാർത്തയുടെ സ്‌ക്രീൻഷോട്ട്

https://www.thehindu.com/elections/andhra-pradesh-assembly/evm-damage-case-ap-high-court-grants-interim-protection-to-macherla-mla-pinnelli-ramakrishna-reddy-till-june-5/article68209018.ece 

ഇതിൽനിന്നും ഇ.വി.എം. തകർത്തത് കോൺഗ്രസ് എം.എൽ.എ. അല്ല, മറിച്ച് ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈ.എസ്.ആർ.സി.പി. എം.എൽ.എ. ആണെന്ന് സ്ഥിരീകരിച്ചു. 

വാസ്തവം

കോൺഗ്രസ് എം.എൽ.എ. വോട്ടിംഗ് യന്ത്രം തകർത്തു എന്ന തരത്തിൽ നടക്കുന്ന പ്രചാരണം വ്യാജമാണ്. ആന്ധ്രയിലെ വൈ.എസ്.ആർ.സി.പി. എം.എൽ.എയാണ് വോട്ടിംഗ് മഷീൻ തകർത്തത്.

തിഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ന്യൂസ് ചെക്കർ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)

Content Highlights: Video of a man reaching the polling station and smashing the voting machine