ചാമ്പ്യൻസ് ട്രോഫി, പാക് മണ്ണിൽ ഇന്ത്യൻ പതാകയുമായി അഫ്ഗാൻ താരം? സത്യമറിയാം | Fact Check

ഫെബ്രുവരി 26-ന് പാകിസ്താനിലെ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന ഐ.സി.സി. ചാമ്പ്യൻസ് ട്രോഫിയിൽ അഫ്ഗാനോട് തോറ്റ് ഇംഗ്ലണ്ട് സെമി കാണാതെ പുറത്തായിരുന്നു. ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാൻ ടീം വിജയിച്ചതിന് ശേഷം ഒരു അഫ്ഗാൻ താരം ഇന്ത്യൻ ദേശീയ പതാക വീശി ആഘോഷിച്ചു എന്ന വാദത്തോടെ ഒരു ചിത്രം വൈറലായി.
*ഇംഗ്ലണ്ടിനെതിരായ വിജയത്തിനുശേഷം, അഫ്ഗാനിസ്ഥാൻ ടീം പാകിസ്താൻ ഗ്രൗണ്ടിൽ ഇന്ത്യൻ പതാക ഉയർത്തി ഇത് കണ്ട് പാകിസ്താൻ ജനത മുഴുവൻ രോഷാകുലരാണ്. (ഇംഗ്ലീഷിൽനിന്ന് പരിഭാഷപ്പെടുത്തിയത്) എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്.
വൈറൽ ചിത്രം സൂക്ഷ്മമായി പരിശോധിച്ചാൽ അതിൽ കാണുന്ന വ്യക്തി ഇന്ത്യൻ പതാക കൈകൾ കൊണ്ട് പിടിച്ചിട്ടില്ലെന്ന് കാണാം. ചിത്രം എഡിറ്റ് ചെയ്തതാകാമെന്ന സൂചന ഇതിൽനിന്നു ലഭിച്ചു.
2025 ഫെബ്രുവരി 26-ന് നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടും അഫ്താനിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിന്റെ പൂർണ്ണ റീപ്ലേ JioHostar-ൽ പരിശോധിച്ചു. റീപ്ലേയിൽ ഇപ്പോൾ വൈറലായ ദൃശ്യങ്ങൾ 9:09:21 ഭാഗത്തായി കാണാം. ഇതിൽനിന്നു വൈറൽ ചിത്രം അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഒരു സപ്പോർട്ട് സ്റ്റാഫ് ടീം അംഗം റാഷിദ് ഖാനെ അഭിനന്ദിക്കാൻ എത്തുന്ന ദൃശ്യം എഡിറ്റ് ചെയ്ത് ഇന്ത്യൻ പതാക ചേർത്തതാണെന്ന് വ്യക്തമായി. യഥാർത്ഥ ദൃശ്യങ്ങളിൽ അദ്ദേഹം കയ്യിൽ ഒന്നും പിടിച്ചിരുന്നില്ല.
മത്സരത്തിന്റെ റീപ്ലേയിൽ കാണുന്ന യഥാർത്ഥ രംഗം താഴെ കാണാം :
മാത്രമല്ല, ഒരു അഫ്ഗാനിസ്ഥാൻ താരം ഇന്ത്യൻ പതാക പാകിസ്താൻ ഗ്രൗണ്ടിൽ വീശിയാൽ അത് തീർച്ചയായും വാർത്തയാകും. എന്നാൽ അറിയപ്പെടുന്ന ഒരു മാധ്യമവും ഇത്തരത്തിലൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ല.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമാണ്.
(വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)
Content Highlights: Photo claiming that an Afghan player celebrated by waving the Indian flag after the Afghan victory