വോട്ടർ ലിസ്റ്റിൽ പേരില്ലെങ്കിൽ ചലഞ്ചിലൂടെ വോട്ട് രേഖപ്പെടുത്താമെന്ന പ്രചാരണം വ്യാജം | Fact Check

വോട്ടർ ലിസ്റ്റിൽ പേരില്ലെങ്കിലും വോട്ട് രേഖപ്പെടുത്താൻ സാധിക്കുമെന്ന അവകാശവാദത്തോടെ ഒരു സന്ദേശം വാട്‌സാപ്പിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'ചലഞ്ച് വോട്ട്' എന്ന സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഇത് സാധിക്കുക എന്നാണ് അവകാശവാദം.
അതിനായി കയ്യിൽ ആധാർ കാർഡോ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡോ മതി എന്നും സന്ദേശത്തിൽ പറയുന്നു. മാത്രമല്ല, വോട്ട് ചെയ്യാൻ നേരം നമ്മുടെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയതായി കണ്ടാൽ അവസരം പാഴാക്കാതെ ടെണ്ടർ വോട്ട് സംവിധാനത്തിലൂടെ വോട്ട് രേഖപ്പെടുത്താമെന്നും പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നു. ഇതിലെ വാസ്തവമെന്തെന്ന് പരിശോധിക്കാം.
അന്വേഷണം
'സെക്ഷൻ 49P പ്രകാരം' ആണ് ചലഞ്ച് വോട്ടിലൂടെ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാൻ സാധിക്കുന്നതെന്നാണ് പ്രചരിക്കുന്ന സന്ദേശത്തിലുള്ളത്. പക്ഷെ, ഏത് നിയമത്തിലെ സെക്ഷൻ ആണ് ഇതെന്ന് സന്ദേശത്തിൽ വ്യക്തമാക്കുന്നില്ല.
തുടർന്നുള്ള പരിശോധനയിൽ, 1961-ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങളിലാണ് (ദി കണ്ടക്റ്റ് ഓഫ് ഇലക്ഷൻ റൂൾസ്, 1961) ചലഞ്ച് വോട്ടിനെ കുറിച്ച് പ്രതിപാദിക്കുന്നതെന്ന് കണ്ടെത്തി. അതിൽ രേഖപ്പെടുത്തിയിരിക്കുന്നത് ചലഞ്ച് വോട്ട് എന്നല്ല മറിച്ച് 'ചലഞ്ച്ഡ് വോട്ട്' എന്നാണ്. 36, 49 ജെ എന്നീ സെക്ഷനുകളിലാണ് വോട്ട് ചലഞ്ച് ചെയ്യുന്നതിനെ കുറിച്ച് (എതിർപ്പ് രേഖപ്പെടുത്തുന്നതിന് കുറിച്ച്) പ്രതിപാദിക്കുന്നത്.
പ്രചരിക്കുന്ന സന്ദേശത്തിൽ അവകാശപ്പെടുന്നത് പോലെ വോട്ടർ ലിസ്റ്റിൽ പേരില്ലാതെ വന്നാൽ സമ്മതിദാന അവകാശം വിനിയോഗിക്കാൻ അനുവദിക്കുന്ന സംവിധാനം അല്ല 'ചലഞ്ച്ഡ് വോട്ട്'. വോട്ട് രേഖപ്പെടുത്താനെത്തുന്നയാളെ കുറിച്ച് പോളിംഗ് ബൂത്തിലുള്ള ഏജന്റിന് (പോളിംഗ് ഏജന്റ്) എന്തെങ്കിലും സംശയം തോന്നിയാൽ രണ്ടു രൂപ കെട്ടിവെച്ച് വോട്ടിങ്ങിനെ എതിർക്കാം. 'ചലഞ്ചിങ് ഓഫ് ഐഡന്റിറ്റി' എന്നാണ് ഇതിനെ പറയുന്നത്. ഐഡന്റിറ്റി ചലഞ്ച് ചെയ്തു കഴിഞ്ഞാൽ, പ്രിസൈഡിങ് ഓഫീസർ സംഭവത്തിൽ വിശദമായ പരിശോധന നടത്തുകയും തീർപ്പ് കൽപ്പിക്കുകയും ചെയ്യണം.
വോട്ട് രേഖപ്പെടുത്താനെത്തിയ ആൾ യഥാർഥ വോട്ടർ ആണെന്നാണ് ഓഫീസർ കണ്ടെത്തുന്നതെങ്കിൽ അയാൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലാത്ത പക്ഷം അയാൾക്ക് വോട്ട് ചെയ്യാൻ സാധിക്കില്ല. ഇതാണ് ചലഞ്ച്ഡ് വോട്ട് അഥവാ എതിർക്കപ്പെട്ട വോട്ട്. പ്രിസൈഡിങ് ഓഫീസർ അന്വേഷണം തുടങ്ങുന്നതിനു മുൻപേ തന്നെ ഫോം 14 എന്ന രേഖയിൽ ചലഞ്ച്ഡ് വോട്ടുകൾ രേഖപ്പെടുത്തി ഇതിലുൾപ്പെട്ട കക്ഷികളുടെ പേരും ഒപ്പും വാങ്ങുകയും ചെയ്യണം.
ടെണ്ടർ വോട്ടുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സന്ദേശത്തിൽ നൽകിയ വിവരങ്ങൾ ഭാഗികമായി ശരിയാണ്. 1961-ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങളിലെ സെക്ഷനുകൾ 42 എ, 49 പി എന്നിവയിലാണ് ഇതിനെ കുറിച്ച് പ്രതിപാദിക്കുന്നത്. ടെണ്ടർ വോട്ട് എന്നല്ല 'ടെന്റേഡ് വോട്ട്' എന്നാണ് ഇതിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
തന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയതായി ഒരു സമ്മതിദായകന് ബോധ്യപ്പെട്ടാൽ പ്രിസൈഡിങ് ഓഫീസറോട് കാര്യം ബോധിപ്പിക്കുകയും തന്റെ സമ്മതിദാന അവകാശം വിനിയോഗിക്കുകയും ചെയ്യാം. അതിനു മുൻപായി ഫോം 15 എന്ന രേഖയിൽ തന്റെ പേരും മറ്റു വിവരങ്ങളും എഴുതി നൽകണം. ബാലറ്റ് പേപ്പർ ആയിരിക്കും ടെന്റേഡ് വോട്ട് രേഖപ്പെടുത്താൻ ഉപയോഗിക്കുക.
ഒരു ബൂത്തിൽ 14 ശതമാനത്തിൽ അധികം ടെന്റേഡ് വോട്ടുകൾ ഉണ്ടെങ്കിൽ റീ പോളിംഗ് നടത്തണമെന്ന ചട്ടം നിലവിലില്ല. 1951-ലെ ജനപ്രാധിനിത്യ നിയമത്തിന്റെ സെക്ഷനുകൾ 57, 58 എ എന്നിവ പ്രകാരമാണ് പോളിംഗ് നിർത്തിവെക്കാറ്. അടിയന്തിര സാഹചര്യങ്ങളിൽ പോളിംഗ് നിർത്തിവെക്കുന്നതിനെ കുറിച്ചാണ് സെക്ഷൻ 57-ൽ പറയുന്നത്. 'സെക്ഷൻ 58 എ' ബൂത്തുപിടുത്തത്തെ തുടർന്ന് പോളിംഗ് നിർത്തിവെക്കുന്നതിനെ കുറിച്ചാണ്.
ഇരു സാഹചര്യങ്ങളിലും പ്രിസൈഡിങ് ഓഫീസറുടെയോ റിട്ടേണിങ് ഓഫീസറുടെയോ റിപ്പോർട്ടു പ്രകാരം ഇലക്ഷൻ കമ്മീഷൻ ആണ് പോളിംഗ് നിർത്തിവെക്കുന്നത്. പിന്നീട്, കമ്മീഷൻ നിശ്ചയിക്കുന്ന ദിവസം വീണ്ടും അവിടെ പോളിംഗ് നടത്താം. ടെന്റേഡ് വോട്ടുകൾ കൂടുതൽ ഉണ്ടെന്ന് കണ്ടാൽ റിട്ടേണിങ് ഓഫീസർക്ക് മേല്പറഞ്ഞവയിൽ ഒരു സെക്ഷൻ പ്രയോഗിക്കാൻ സാധിക്കും എന്നല്ലാതെ ഇത്ര ശതമാനം ടെന്റേഡ് വോട്ടുകൾ അതിനായി ഉണ്ടാകണം എന്നില്ല.
1961-ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടം:
https://ceorajasthan.nic.in/rti/THE%20CONDUCT%20OF%20ELECTION%20RULES,%201961.pdf
1951-ലെ ജനപ്രാധിനിത്യ നിയമം:
https://ceochandigarh.gov.in/cadmin/uploads/advertisments/rpact51.pdf
വാസ്തവം
വോട്ടർ ലിസ്റ്റിൽ പേരില്ലെങ്കിലും 'ചലഞ്ച് വോട്ടി'ലൂടെ വോട്ട് രേഖപ്പെടുത്താമെന്ന പ്രചാരണം വ്യാജമാണ്. വോട്ടർ ലിസ്റ്റിൽ പേരില്ലാതെ സമ്മതിദാന അവകാശം വിനിയോഗിക്കാൻ സാധിക്കില്ല. സമ്മതിദായകനെ കുറിച്ച് പോളിംഗ് ഏജന്റ് സംശയം തോന്നിയാൽ അയാളുടെ വോട്ടിങ്ങിനെ ഏജന്റിന് എതിർക്കാം. 'ചലഞ്ചിങ് ഓഫ് ഐഡന്റിറ്റി' എന്നാണിത് ഇതറിയപ്പെടുന്നത്. ഇത്തരത്തിൽ എതിർക്കപ്പെട്ട വോട്ടാണ് ചലഞ്ച്ഡ് വോട്ട്. 14 ശതമാനത്തിലേറെ ടെന്റേഡ് വോട്ടുകൾ രേഖപ്പെടുത്തിയ സ്റ്റേഷനുകളിൽ റീപോളിംഗ് നടത്തും എന്ന പ്രചാരണവും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇങ്ങനെ ഒരു ചട്ടം നിലവിൽ ഇല്ല (നമ്മുടെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയെന്ന് വ്യക്തമായ സാഹചര്യത്തിൽ സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള മാർഗ്ഗമാണ് ടെന്റേഡ് വോട്ട്).
Content Highlights: A message circulated claiming that one can cast his vote even if his name is not on voter's list