കെ.കെ. ശൈലജയുടെ പേരിൽ വീണ്ടും വ്യാജ പ്രചാരണം | Fact Check

#Published by Fact Crescendo . Edited by Mathrubhumi
.
.

ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറെ വാശിയേറിയ മത്സരം നടന്ന മണ്ഡലങ്ങളിൽ ഒന്നാണ് വടകര. എംഎൽഎമാരായ ഷാഫി പറമ്പിലും കെ.കെ ശൈലജയും തമ്മിലായിരുന്നു പോരാട്ടം. തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ശൈലജയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിൽ സൈബർ ആക്രമണങ്ങൾ നടന്നതായി പരാതി ഉയർന്നു. വോട്ടെടുപ്പിന് ശേഷവും കെ.കെ. ശൈലജയ്ക്ക് നേരായ വ്യാജപ്രചാരണങ്ങൾ തുടരുകയാണ് എന്നതിന് തെളിവാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ പോസ്റ്റർ. 

ഏതാനും ദിവസങ്ങൾക്ക് മുൻപും സെമാനമായി വ്യാജ പോസ്റ്റർ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ ശൈലജ രൂക്ഷവിമർശനം നടത്തി എന്ന തരത്തിലാണ് ഇപ്പോൾ നടക്കുന്ന പ്രചാരണം. ''സഖാവ് റിയാസിന്റെ വഴി എളുപ്പമാക്കാൻ തന്നെ ബലി കൊടുത്തതാണ് വടകരയിൽ. വടകരയിൽ തനിക്ക് വിജയ പ്രതീക്ഷയില്ലാ. മാധ്യമങ്ങൾക്ക് മുമ്പിൽ പിണറായിക്കെതിരെ പൊട്ടിത്തെറിച്ച് വടകര സിപിഎം സ്ഥാനാർത്ഥി കെ.കെ.ശൈലജ.. ' 
എന്റെ കോൺഗ്രസ് എന്ന ഫേസ്ബുക്ക് പേജിലാണ് ഈ പോസ്റ്റ് പങ്കുവയ്ക്കപ്പെട്ടത്.

ഫേസ്ബുക്ക് പോസ്റ്റ് കാണാം - 

https://www.facebook.com/groups/385235209570602/permalink/968490374578413/ 

അന്വേഷണം

കെ.കെ ശൈലജ ഇങ്ങനെയൊരു പരാമർശം നടത്തിയിട്ടുണ്ടെങ്കിൽ അത് വലിയ വാർത്തയാകേണ്ടതാണ്. പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്ന കാര്യങ്ങളും പരാമർശിക്കപ്പെട്ട വ്യക്തികളുടെ പേരുകളും ഉപയോഗിച്ച് കീവേർഡ് സർച്ച് ചെയ്തുവെങ്കിലും ഇതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളൊന്നും കണ്ടെത്തിയില്ല. തുടർന്ന് കെ.കെ. ശെലജയുമായി ഫോണിൽ ബന്ധപ്പെട്ടതിൽനിന്നു ലഭിച്ച മറുപടി ഇപ്രകാരമാണ്-
''തികച്ചും അടിസ്ഥാന രഹിതമായ വ്യാജ പ്രചരണമാണിത്. ബിജെപി കോൺഗ്രസിന് വോട്ട് മറിച്ചു എന്ന വിവരം മാധ്യമങ്ങൾ മുൻപിൽ അറിയിച്ചതിന് പിന്നാലെ വീണ്ടും ലീഗ്-കോൺഗ്രസ് പ്രവർത്തകർ സൈബർ ആക്രമണവുമായി വന്നതിൻറെ ഭാഗമാണ് ഈ വ്യാജ പ്രചരണം''. 

വാസ്തവം

കെ.കെ ശൈലജ മാധ്യമങ്ങൾക്ക് മുന്നിൽ പിണറായി വിജയനെതിരെ പൊട്ടിത്തെറിച്ചു എന്ന പ്രചാരണം വ്യാജമാണ്. റിയാസിന് വേണ്ടി തന്നെ ബലികൊടുത്തു എന്നൊരു പ്രസ്താവന ശൈലജ നടത്തിയിട്ടില്ല. 

(തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഫാക്ട് ക്രസൻറോ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)

Content Highlights: Even after the polling, fake propaganda against K.K. Shailaja continues | Fact Check