അണ്ണാമലൈക്ക് കോയമ്പത്തൂരിലെ ഒരു ബൂത്തിൽ കിട്ടിയത് ഒരു വോട്ട് മാത്രമോ? | Fact Check

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷൻ അണ്ണാമലൈ കോയമ്പത്തൂർ മണ്ഡലത്തിൽ ഡി.എം.കെ. സ്ഥാനാർത്ഥിയോട് 91,000 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. അണ്ണാമലൈയുടെ പരാജയവുമായി ബന്ധപ്പെടുത്തി ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെറും ഒരു വോട്ട് മാത്രമാണ് കോയമ്പത്തൂരിലെ ഒരു ബൂത്തിൽ അണ്ണാമലൈക്ക് ലഭിച്ചത് എന്ന തരത്തിലാണിത്. വസ്തുത പരിശോധിക്കാം.
അന്വേഷണം
പ്രചരിക്കുന്ന ചിത്രം ഗൂഗിൾ ലെൻസിന്റെ സഹായത്തോടെ പരിശോധിച്ചതിൽനിന്നു സമാനമായ മറ്റൊരു ചിത്രം ലഭിച്ചു. നിന്നമ്പലം എന്ന ഇൻസ്റ്റഗ്രാം ഹാൻറിലിൽ ആണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://ghostarchive.org/iarchive/instagram/minnambalam/3382733596509738436
ജൂൺ നാലിന് ചെയ്തിരിക്കുന്ന ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ - '#MinnambalamExclusive: Coimbatore Constituency Status!.' എന്നാണ്. പ്രചരിക്കുന്ന പോസ്റ്റിലെ ചിത്രത്തിൽ ഒരു വോട്ട് മാത്രം എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിന് പകരം ഈ ചിത്രത്തിൽ 101 എന്നാണ് എഴുതിയിരിക്കുന്നതെന്ന് കാണാം.
തുടരന്വേഷണത്തൽ തമിഴ് മാധ്യമമായ സൺ ന്യൂസ് ഇതേ ചിത്രം എക്‌സിൽ (നേരത്തെ ട്വിറ്റർ) പോസ്റ്റ് ചെയ്തതായി കണ്ടെത്തി. വോട്ടെണ്ണലിൻറെ ആദ്യഘട്ടത്തിന് ശേഷം ഡി.എം.കെ. സ്ഥാനാർത്ഥി ഗണപതി രാജ്കൂമാർ ലീഡ് ചെയ്യുന്നു എന്ന വിവരത്തോടൊപ്പമാണ് പ്രസ്തുത ചിത്രം നൽകിയിരിക്കുന്നത്.
ചിത്രത്തിലെ ലിസ്റ്റ് പ്രകാരം, ബിസിയുഎഎഫ് 07464 എന്ന ബൂത്തിൽ അണ്ണാമലൈക്ക് 101 വോട്ടുകളാണ് ലഭിച്ചത്. ഈ ചിത്രം എഡിറ്റ് ചെയ്താണ് തെറ്റായി പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി
വാസ്തവം
തമിഴ്‌നാട്ടിലെ ബി.ജെ.പി. അധ്യക്ഷൻ അണ്ണാമലൈക്ക് കോയമ്പത്തൂരിലെ ഒരു ബൂത്തിൽ ഒരു വോട്ട് മാത്രമേ ലഭച്ചുള്ളൂ എന്ന പ്രചാരണം തെറ്റാണ്. എഡിറ്റ് ചെയ്ത ചിത്രം ഉപയോഗിച്ചാണ് വ്യാജ പ്രചാരണം നടത്തുന്നത്.
(തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ദി ക്വിൻറ് പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്.)
Content Highlights: Poster claims that Annamalai got only one vote in a booth in Coimbatore parliament constituency