സി.പി.എം. ചതിക്കുമെന്ന് അഡ്വ. ജയശങ്കർ പറഞ്ഞതായി വ്യാജപ്രചാരണം | Fact Check

കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകരിൽ ഒരാളാണ് അഡ്വ. ജയശങ്കർ. രാഷ്ട്രീയ പാർട്ടികളുടെ പല നിലപാടുകളെയും രാഷ്ട്രീയ നേതാക്കളെയും അതിരൂക്ഷമായി വിമർശിക്കാറുള്ള ഇദ്ദേഹത്തിന്റെ ചില പ്രസ്താവനകൾ വളരെയേറെ വിവാദമായി മാറിയിട്ടുമുണ്ട്. ഈ തിരഞ്ഞെടുപ്പ് വേളയിൽ സി.പി.എമ്മിനെതിരെ ജയശങ്കർ പ്രസ്താവനയിറക്കി എന്ന തരത്തിൽ ഒരു പ്രചാരണം വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. സി.പി.ഐ. മത്സരിക്കുന്ന തിരുവനന്തപുരം, തൃശൂർ, വയനാട് മണ്ഡലങ്ങളിൽ സി.പി.എം. കാലുവാരും എന്ന് ഇദ്ദേഹം പറഞ്ഞതായാണ് പ്രചാരണം. അതിനാൽ സി.പി.ഐക്കാർ കോൺഗ്രസിന് വോട്ട് ചെയ്യണം എന്നും ബി.ജെ.പി. ജയിക്കുന്നതിലും നല്ലത് കോൺഗ്രസ് ആണെന്നും ജയശങ്കർ പ്രസ്താവന നടത്തിയെന്നും പ്രചാരണത്തിൽ പറയുന്നു. എന്താണ് ഇതിന്റെ വാസ്തവമെന്ന് പരിശോധിക്കാം.
അന്വേഷണം
വൈറൽ പോസ്റ്റുകളിൽ ആരോപിക്കുന്നത് പോലെ സി.പി.എം. സി.പി.ഐയെ ചതിക്കുമെന്ന രീതിയിൽ എന്തെങ്കിലും പ്രസ്താവന ജയശങ്കർ നടത്തിയതായി റിപ്പോർട്ടുകളോ വീഡിയോകളോ കണ്ടെത്താനായില്ല. തുടർന്ന് ജയശങ്കറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പരിശോധിച്ചു. ഇതിൽ പ്രചാരത്തിലുള്ള പോസ്റ്റുകൾ വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വൈറൽ പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടിനൊപ്പം 'ഇത് വ്യാജമാണ്. ഇത് ഞാൻ പറഞ്ഞതല്ല' എന്നെഴുതിയാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം.
ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിലേക്കുള്ള ലിങ്ക്: https://www.facebook.com/AdvocateAJayashankar/posts/975308373967000
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജയശങ്കർ നടത്തിയ പ്രസ്താവനകളും പരിശോധിച്ചു. ഇതിൽ എവിടെയും സി.പി.എം. സി.പി.ഐയെ ചതിക്കുമെന്ന രീതിയിലുള്ള പ്രസ്താവനയില്ല. അന്വേഷണത്തിൽ, ഒരു പ്രമുഖ മലയാളം ചാനലിന്റെ പരിപാടിയിൽ പ്രചരിക്കുന്നതിനു സമാനമായ മറ്റൊരു പ്രസ്താവന ജയശങ്കർ നടത്തിയതായി കണ്ടെത്തി. ത്രികോണ മത്സരം നടക്കുന്ന തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിൽ വോട്ട് മറിയാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.
ബി.ജെ.പി. സ്ഥാനാർത്ഥിയും കോൺഗ്രസ് സ്ഥാനാർത്ഥിയും തമ്മിൽ കടുത്ത മത്സരം നടക്കുമ്പോൾ എൽ.ഡി.എഫ്. വോട്ടുകൾ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പോകാൻ സാധ്യതയുണ്ടെന്നും മറിച്ച് എൽ.ഡി.എഫ്, ബി.ജെ.പി. സ്ഥാനാർത്ഥികൾ തമ്മിലാണ് കടുത്ത മത്സരമെങ്കിൽ കോൺഗ്രസ് വോട്ടുകൾ എൽ.ഡി.എഫിലേക്ക് പോകാൻ സാധ്യത കുറവാണെന്നും പകരം 14 ശതമാനത്തോളം വരുന്ന മുസ്ലിം വോട്ടുകൾ എൽ.ഡി.എഫിന് ലഭിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ഏപ്രിൽ 18-ന് യൂട്യൂബ് ചാനലിൽ പങ്കിട്ട ഈ വീഡിയോയുടെ പ്രസക്ത ഭാഗം ചുവടെ കാണാം.
ജയശങ്കർ സംസാരിക്കുന്ന വീഡിയോയുടെ ലിങ്ക്:
https://www.youtube.com/watch?v=5f4mBUdQzHg
കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ അഡ്വ. എ. ജയശങ്കറുമായി ബന്ധപ്പെട്ടു. 'പ്രചാരത്തിലുള്ള പോസ്റ്റുകളിലുള്ള കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടുള്ളതല്ല. ഞാൻ മുമ്പ് പറഞ്ഞ ചില കാര്യങ്ങളെ വളച്ചൊടിച്ച് ഇതിൽ ചേർത്തിട്ടുണ്ട്. കോൺഗ്രസ് നിലനിൽക്കേണ്ടത് കോൺഗ്രസുകാരല്ലാത്ത ആളുകളുടെയും ആവശ്യമാണെന്ന് 2013 മുതൽ പലപ്പോഴായി പറഞ്ഞിട്ടുള്ളതാണ്. ഇത്തരം കാര്യങ്ങളെ വളച്ചൊടിച്ചാണ് ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നത്' അദ്ദേഹം പറഞ്ഞു.
ലഭ്യമായ വിവരങ്ങളിൽനിന്നും ജയശങ്കറിന്റെ പ്രസ്താവന എന്ന രീതിയിൽ പ്രചരിപ്പിക്കുന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
വാസ്തവം
ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.എം. സി.പി.ഐയെ ചതിക്കുമെന്ന് അഡ്വ. ജയശങ്കർ പ്രസ്താവന നടത്തി എന്ന പ്രചാരണം വ്യാജമാണ്. അദ്ദേഹം പലപ്പോഴായി പറഞ്ഞ വിവിധ പ്രസ്താവനകളെ വക്രീകരിച്ചാണ് ഇപ്പോഴത്തെ പ്രചാരണം.
(ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)
Content Highlights: CPM wll cheat CPI in Thiruvananthapuram, Thrissur and Wayanad seats is false propaganda