'അസാധുവാക്കിയ 500 രൂപ നോട്ടുകളുമായി കുട്ടികൾ', വീഡിയോ പാകിസ്താനിൽ നിന്നുള്ളതല്ല | Fact Check

നോട്ടുനിരോധനത്തെ അനുകൂലിച്ചു കൊണ്ട് ഒരു സന്ദേശം വാട്‌സ് ആപ്പിൽ അതിവ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജ്യത്ത് അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളുടെ കെട്ടുകൾ ഉപയോഗിച്ചാണ് പാകിസ്താനിലെ കുട്ടികൾ കളിക്കുന്നതെന്ന വാദത്തോടെയാണിത്. നോട്ടുനിരോധനം ഏർപ്പെടുത്തിയില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ സ്ഥിതി എന്താകുമായിരുന്നു എന്ന ചോദ്യവും ഇതിൽ ഉന്നയിക്കുന്നുണ്ട്. എന്നാൽ, ഈ ദൃശ്യങ്ങൾ പാകിസ്താനിൽ നിന്നല്ല മറിച്ച് ഉത്തർപ്രദേശിൽ നിന്നുള്ളതാണെന്ന് പരിശോധനയിൽ കണ്ടെത്തി.
അന്വേഷണം
വെറും 34 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇതിൽ ആക്രിസാധനങ്ങൾ നിറച്ചിരിക്കുന്ന ഒരു വണ്ടിയിൽ ഇരിക്കുന്ന കുട്ടിയുടെ കയ്യിൽ 500 രൂപ നോട്ടിന്റെ വലിയൊരു കെട്ട് കാണാം. വാഹനത്തിന് സമീപം നിൽക്കുന്ന കുട്ടിയുടെ കയ്യിലും നോട്ടുകെട്ടുകളുണ്ട്. മറ്റ് രണ്ടുപേർ കുട്ടികൾക്കരികിൽ ചെന്ന് സംസാരിക്കുന്നതാണ് വീഡിയോയിൽ. ഇവർ കുട്ടികളോട് നോട്ട് ആവശ്യപ്പെടുന്നതും അവർ ഏതാനും നോട്ടുകൾ നൽകുന്നതും വീഡിയോയിലുണ്ട്.
നിരവധി പേർ ഈ വീഡിയോ പാകിസ്താനിൽനിന്നുള്ള ദൃശ്യങ്ങളാണെന്ന തരത്തിൽ ഫേസ്ബുക്കിലും, എക്‌സിലും പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം, ഈ ദൃശ്യങ്ങൾ ഋഷികേശിൽ നിന്നുള്ളതാണെന്ന വാദത്തോടെയുള്ള പോസ്റ്റുകളും കണ്ടു. തപോവൻ ട്രൈ-ജംഗ്ഷനു സമീപമുള്ള ചവറ്റുകുട്ടയിൽനിന്നാണ് 9.85 ലക്ഷം രൂപ വരുന്ന അസാധുവാക്കപ്പെട്ട 500 രൂപ നോട്ടുകൾ കണ്ടെത്തിയതെന്നാണ് ഇതിൽ പറയുന്നത്. ഉത്തം കുമാർ എന്ന ആക്രിക്കച്ചവടക്കാരനാണ് ഇത് ലഭിച്ചതെന്നും പിന്നീട് മുനി കി രേതി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു എന്നും പോസ്റ്റിലുണ്ട്.
ഇതിൽ നൽകിയിരിക്കുന്ന വിവരിങ്ങൾ ഉപയോഗിച്ച് കീ വേർഡ് സർച്ച് ചെയ്തതിൽനിന്നു ചില മാധ്യമ വാർത്തകൾ ലഭിച്ചു. 2017 ജനുവരിയിലെ റിപ്പോർട്ടുകളാണിത്. ഈ വാർത്തയിലെ വിവരങ്ങളാണ് പ്രചരിക്കുന്ന പോസ്റ്റിലുള്ളത്. എന്നാൽ ഈ സംഭവത്തിന്റെ ദൃശ്യങ്ങളാണോ ഇപ്പോൾ പ്രചരിക്കുന്നതെന്ന് ഉറപ്പിക്കണം.
പ്രചരിക്കുന്ന വീഡിയോ എപ്പോഴാണ് ആദ്യമായി അപ്ലോഡ് ചെയ്യപ്പെട്ടതെന്ന് പരിശോധിച്ചു. അന്വേഷണത്തിൽ അക്കി മിശ്ര എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് ഡിസംബർ 27-നാണ് വീഡിയോ ആദ്യമായി പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. ഇതിനകം 14 മില്ല്യണിൽ അധികം വ്യൂസ് ആണ് ഈ റീലിന് ലഭിച്ചത്. പ്രചരിക്കുന്ന വീഡിയോയിൽ കുട്ടികളോട് സംസാരിക്കുന്നതായി കേൾക്കുന്ന ശബ്ദത്തിന്റെ ഉടമ ബ്രിജേഷ് മിശ്ര എന്നയാളാണ്. ഇയാളുടെ മറ്റൊരു വീഡിയോയും അന്വേഷണത്തിൽ കണ്ടെത്തി. തങ്ങളുടെ റീലിന് ലഭിച്ച സ്വീകാര്യതയ്ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ളതാണ് ഇത്. ഇതിൽ കുട്ടികൾ തനിക്ക് നൽകിയ പണവും ഇയാൾ കാണിക്കുന്നുണ്ട്.
കുട്ടികളെ കണ്ടെത്തി അവരുടെ വിവരങ്ങൾ പങ്കുവയ്ക്കുമെന്നും ഈ വീഡിയോയിൽ ബ്രിജേഷ് പറയുന്നുണ്ട്. ഇതിനിടെ, ഈ ദൃശ്യങ്ങൾ പാകിസ്താനിൽനിന്നും ഋശികേശിൽനിന്നും ഉള്ളതാണെന്ന തരത്തിൽ പ്രചരിച്ചതോടെ ഇതിൽ വിശദീകരണവുമായി ഇവർ മറ്റൊരു വീഡിയോയും പങ്കുവച്ചിരുന്നു. വൈറലായ ദൃശ്യങ്ങളിലെ കുട്ടികളുടെ അമ്മയെയും ബന്ധുവിനെയും ഉൾപ്പെടുത്തിയായിരുന്നു ഇത്. ആസാം സ്വദേശികളായ തങ്ങൾ കുട്ടികൾക്കൊപ്പം ലഖ്‌നൗവിലാണ് താമസമെന്ന് ഇതിൽ പറയുന്നുണ്ട്.
മുകളിൽ നൽകിയിരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ബ്രിജേഷ് മറ്റൊരു വീഡിയോയുമായെത്തി. ഇതിൽ അയാൾക്കൊപ്പം വൈറൽ വീഡിയോയിലെ കുട്ടികളുമുണ്ടായിരുന്നു. ആക്രിസാധനങ്ങൾ ശേഖരിക്കുന്നതിനിടെയായിരുന്നു കുട്ടികൾക്ക് നോട്ടുകെട്ടുകൾ ലഭിച്ചതെന്നാണ് സൂചന. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രചരിക്കുന്ന വീഡിയോ പാകിസ്താനിൽ നിന്നാണെന്ന വാദം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.
വാസ്തവം
അസാധുവാക്കപ്പെട്ട നോട്ടുകളുമായുള്ള കുട്ടികളുടെ വീഡിയോ പാകിസ്താനിൽ നിന്നാണെന്ന പ്രചാരണം വ്യാജമാണ്. ഉത്തർ പ്രദേശിലെ ലഖ്നൗവിൽ നിന്നാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചത്.
Content Highlights: What would have been the situation in India if demonetisation had not been imposed, the video asks