ഫ്രാങ്കോ മുളയ്ക്കലിന് വത്തിക്കാനിൽ പുതിയ പദവിയെന്ന പ്രചാരണം വ്യാജം | Fact Check

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ വിചാരണക്കോടതി വെറുതേവിട്ട ജലന്ധർ മുൻബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി അടുത്ത വർഷം മാർച്ചിൽ പരിഗണിക്കും. കേസ് നടത്തിപ്പിനായി കന്യാസ്ത്രീക്ക് ഒപ്പംനിൽക്കുന്നവർ പൊതുജനങ്ങളിൽനിന്ന് ധനസമാഹരണവും ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ ഫ്രാങ്കോ മുളയ്ക്കലിനെ വത്തിക്കാനിലെ വിശ്വാസകാര്യങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയിലേക്ക് തിരഞ്ഞെടുത്തു എന്ന വാദത്തോടെ ഒരു പോസ്റ്റർ ഫേസ്ബുക്കിൽ പ്രചരിക്കാൻ തുടങ്ങി. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
വത്തിക്കാനിൽ കത്തോലിക്കാ സഭയുടെ കേന്ദ്ര ഭരണസംവിധാനമായ റോമൻ കൂരിയയിലെ പ്രധാനപ്പെട്ടൊരു വിഭാഗമാണ് വിശ്വാസകാര്യങ്ങൾക്കായുള്ള ഡിക്കാസ്റ്ററി (Dicastery for the Doctrine of the Faith, ഡിഡിഎഫ്). കത്തോലിക്കാ സഭയുടെ വിശ്വാസസത്യങ്ങളും ധാർമ്മിക പ്രബോധനങ്ങളും സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയുമാണ് ഇതിന്‍റെ പ്രധാന ചുമതല. നിലവിൽ, കർദിനാൾ വിക്റ്റർ മാനുവൽ ഫെർണാണ്ടസാണ് ഡിഡിഎഫിന്‍റെ നേതൃസ്ഥാനത്ത്. പ്രധാനമായും ഡോക്ട്രിനൽ, ഡിസിപ്ലിനറി എന്നീ രണ്ട് വിഭാഗങ്ങളായാണ് ഇതിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ ആദ്യ വിഭാഗം സഭയുടെ സാർവത്രിക പഠനങ്ങളും വിശ്വാസ വിഷയങ്ങളും കൈകാര്യം ചെയ്യുമ്പോൾ, രണ്ടാമത്തേത് പേരുപോലെ തന്നെ സഭാനിയമങ്ങളുമായി ബന്ധപ്പെട്ട അച്ചടക്ക വിഭാഗമാണ്. സമിതി തലവനായ പ്രിഫെക്ട്, ഡോക്ട്രിനൽ-ഡിസിപ്ലിനറി വിഭാഗം സെക്രട്ടറിമാർ, അഡ്ജങ്ക്‌ട് സെക്രട്ടറിമാർ, അണ്ടർ സെക്രട്ടറി, പ്രൊമോട്ടർ ഓഫ് ജസ്റ്റിസ് എന്നിങ്ങനെയാണ് ഡിഡിഎഫിലെ സുപ്പീരിയർ പദവികൾ.
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ തെളിവുകളുടെ അഭാവത്തിൽ കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി (2022 ജനുവരിയിൽ ) ഒരു വർഷം കഴിഞ്ഞായിരുന്നു ( 2023 ജൂണിൽ) അദ്ദേഹം ജലന്ധർ ബിഷപ്പ് സ്ഥാനത്ത് നിന്നും രാജിവെച്ചത്. വത്തിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു രാജി എന്നായിരുന്നു പുറത്തുവന്ന വിവരം. പിന്നീട് കോട്ടയം കേന്ദ്രീകരിച്ചുള്ളൊരു ധ്യാനകേന്ദ്രത്തിൽ ‘വിജയാരാധനാ ധ്യാനം’ എന്ന പേരിൽ ഫ്രാങ്കോ പ്രാർത്ഥനാ ചടങ്ങുകൾ നടത്തുന്നതായും റിപ്പോർട്ടുകൾ വന്നു. പ്രചരിക്കുന്ന പോസ്റ്ററിൽ പറയുന്നതുപോലെ ഫ്രാങ്കോ മുളക്കലിനെ വത്തിക്കാനിലെ വിശ്വാസകാര്യങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയിലേക്ക് തിരഞ്ഞെടുത്തതായുള്ള വിശ്വസനീയ റിപ്പോർട്ടുകളൊന്നുമില്ല. ഡിഡിഎഫിന്‍റെ ഔദ്യോഗിക സൈറ്റിലും ഇത് സംബന്ധിച്ച വിവരങ്ങളില്ലെന്ന് പരിശോധിച്ച് ഉറപ്പിച്ചു. തുടർന്ന് കേരള കത്തോലിക് ബിഷപ് കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിലുമായി ഫോണിൽ ബന്ധപ്പെട്ട് വിഷയത്തിൽ പ്രതികരണം തേടി. പ്രചാരണം വ്യാജമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
Content Highlights: Social media posts claim Franco Mulakkal was appointed to the Vatican's Dicastery for the Doctrine ofelic Faith., Mathrubhumi Fact Check verified this and confirmed the claim is completely fake., KCBC Deputy Secretary Fr. Thomas Tharayil also confirmed the news is false.