കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ ദൃശ്യങ്ങളാണിതെന്ന പ്രചാരണം വ്യാജം | Fact Check

കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല, കോൺഗ്രസ് പാർട്ടിയിൽ പോലും അവർക്ക് രക്ഷയില്ല എന്ന ആരോപണത്തോടെ ഒരു പോസ്റ്റ് എക്സിൽ പ്രചരിക്കുന്നുണ്ട്. ഇതിനൊപ്പം നൽകിയിരിക്കുന്ന വീഡിയോയിൽ, ഏതാനും പേർ കൂട്ടമായി നിന്ന് പ്രതിജ്ഞ ചെയ്യുന്നതിനിടെ ഒരാൾ സമീപത്ത് നിൽക്കുന്ന സ്ത്രീയുടെ വള അഴിച്ചെടുക്കാൻ ശ്രമിക്കുന്നതായി കാണാം.
കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെ ടാഗ് ചെയ്തുകൊണ്ടുള്ളതാണ് പോസ്റ്റ്. ഡൽഹിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതുമായി ബന്ധപ്പെട്ട ഷമയുടെ പോസ്റ്റ് റീപോസ്റ്റ് ചെയ്തുകൊണ്ടാണ് സുമിത് ജോഷി എന്ന അക്കൗണ്ടിൽനിന്നും ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
പോസ്റ്റിലെ ആദ്യ വീഡിയോ പ്രതിജ്ഞക്കിടെ വള അഴിച്ചെടുക്കാൻ ശ്രമിക്കുന്നയാളുടേതാണ്. അതുകൂടാതെ, കോൺഗ്രസിൽ സിനിമയിലേതിന് സമാനമായി 'കാസ്റ്റിങ് കൗച്ച്' ഉണ്ടെന്ന ആരോപണം ഉന്നയിച്ചതിനെ തുടർന്ന് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട സിമി റോസ്‌ബെൽ ജോൺ ഇംഗ്ലീഷ് വാർത്താ ചാനലിന് നൽകിയ പ്രതികരണവുമുണ്ട്.
കോൺഗ്രസ് പ്രവർത്തകയോട് നേതാവിന്‍റെ പെരുമാറ്റം എന്ന വാദത്തോടെ നൽകിയിരിക്കുന്ന വീഡിയോ പരിശോധിച്ചു. ഇതിലെ പ്രതിജ്ഞ മലയാളത്തിലല്ല മറിച്ച് തമിഴിലാണ്, ‘തമിഴ്നാട് പ്രതിരോധിക്കും വിജയിക്കും’ എന്നാണ് ഇവർ പ്രതിജ്ഞചെയ്യുന്നത്. വീഡിയോയിൽ നിന്നുള്ള കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്ത് പരിശോധിച്ചു. ബിജെപി നേതാവ് അമിത് മാളവ്യ ഇതേ വീഡിയോ 2025 മാർച്ച് 5-ന് എക്സിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. പോസ്റ്റിൽ പറയുന്നത്- “ഹിന്ദി ഭാഷയ്‌ക്കെതിരായി പ്രതിജ്ഞയെടുക്കാൻ ഡിഎംകെ നേതാക്കൾ ഒത്തുചേർന്നപ്പോൾ, എം.കെ. സ്റ്റാലിന്റെ കൗൺസിലറായ സാക്കിർ ഹുസൈന്റെ ശ്രദ്ധ മറ്റൊന്നിലായിരുന്നു. ഡിഎംകെയെ സംബന്ധിച്ചിടത്തോളം, ഹിന്ദി അടിച്ചേൽപ്പിക്കുന്നു എന്ന ഭീതി പരത്തുന്നത് അവരുടെ വിഭജനപരമായ രാഷ്ട്രീയം നിലനിർത്താനുള്ള ഒരു മറ മാത്രമാണ്. ഹിന്ദി മാത്രമല്ല, എല്ലാ ഇന്ത്യൻ ഭാഷകളെയും ദേശീയ വിദ്യാഭ്യാസ നയം (NEP) പ്രോത്സാഹിപ്പിക്കുന്നുണ്ട്; എന്നിട്ടും ഡിഎംകെയുടെ എതിർപ്പിന് പിന്നിൽ രാഷ്ട്രീയ അവസരവാദമാണ്.” എന്നാണ്. ദേശീയ മാധ്യമമായ ഇന്ത്യടുഡേ ഇതേക്കുറിച്ച് നൽകിയ വാർത്തയും ചുവടെ നൽകുന്നു.
ഡിഎംകെ നേതാവും കൂനൂരിലെ 25ാം വാർഡ് മെമ്പറുമായ എ. ജസീർ ഹുസൈനാണ് ദൃശ്യങ്ങളിൽ ഉള്ളത്. പ്രവർത്തകർ കൂട്ടമായി നിന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ അദ്ദേഹം സീപത്ത് നിന്ന സ്ത്രീയുടെ കയ്യിലെ വളയിൽ പിടിച്ച് അഴിക്കാൻ ശ്രമിച്ചു. തൊട്ടടുത്ത് നിന്ന സ്ത്രീ വള തിരികെ ഇട്ടുകൊടുക്കുന്നതും ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കഴിഞ്ഞ വർഷം മാർച്ചിൽ ഡിഎംകെ പ്രവർത്തകർ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് നടത്തിയ പ്രതിഷേധ പരിപാടിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത് എന്ന് സ്ഥിരീകരിച്ചു.
Content Highlights: A viral video claims Kerala women and Congress workers are unsafe, showing a man trying to remove a woman's bangles., The video is actually from Tamil Nadu, featuring DMK councilor A. Jazeer Hussain during an anti-Hindi imposition protest in March 2025., BJP leader Amit Malviya originally shared the video on X, which is now being falsely linked to the Kerala Congress.