മുത്തോലപുരത്ത് മെറ്റൽ കയറ്റിയെത്തിയ ടോറസ് ലോറി മറിഞ്ഞു

ഇലഞ്ഞി: തലയോലപ്പറമ്പ്-കൂത്താട്ടുകുളം റോഡിൽ മുത്തോലപുരം പറുദീസവളവിൽ മെറ്റൽ കയറ്റിയെത്തിയ ട്രെയ്ലർ ലോറി മറിഞ്ഞു. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. മുത്തോലപുരത്ത് ബാബുവിന്റെ വീടിന്റെ മതിലിനുമുകളിലേക്കാണ് ലോറി മറിഞ്ഞത്. മതിൽ തകർന്നു. വൈദ്യുതി പോസ്റ്റ്, കലുങ്ക് എന്നിവയും തകർന്നു.
മെറ്റൽ, പാറപ്പൊടി എന്നിവ കയറ്റിയെത്തുന്ന ലോറികൾ വളരെ വേഗത്തിലാണ് യാത്ര നടത്തുന്നതെന്ന് നാട്ടുകാർ പരാതിപ്പെട്ടു. 18 ചക്രങ്ങളുള്ള വലിയ ട്രെയ്ലർ ലോറികളിൽ അമിതഭാരം കയറ്റിയാണ് വളവുകൾ ഏറെയുള്ള റോഡിലൂടെ സഞ്ചരിക്കുന്നത്. ലോറികളിൽനിന്ന് മെറ്റലും പാറപ്പൊടിയും റോഡിലേക്ക് വീഴുന്നതുമൂലം മറ്റ് വാഹനങ്ങൾ അപകടത്തിൽ പെടുന്നതായി ഇലത്തി ഗ്രാമപ്പഞ്ചായത്തംഗം ഡോജിൻ ജോൺ പറഞ്ഞു. മുത്തോലപുരം മൃഗാശുപത്രി റോഡ് കവലയ്ക്കുസമീപം റോഡ് പുറമ്പോക്കിൽ നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. പരിചയമില്ലാത്ത വലിയ വളവുകളിൽ അപകടം പതിവാണ്. അമിതഭാരം കയറ്റിയെത്തുന്ന ലോറികളുടെ യാത്രമൂലം കണ്ണങ്കല്ലേൽതാഴം, പരവുമ്മേൽ താഴം എന്നിവിടങ്ങളിലെ കലുങ്കുകൾ തകർന്നു. ഇവയുടെ പുനർനിർമാണം നടക്കുകയാണ്. മൂന്ന് പതിറ്റാണ്ടുകൾക്കുമുൻപ് പണിത മുത്തോല പുരത്തെ കനാൽപാലത്തിനും ബലക്ഷയം ഉണ്ടാകുന്ന വിധത്തിലാണ് അമിതഭാരം കയറ്റിയ ലോറികൾ ഓടുന്നത്. പോലീസ് പൊതുമരാമത്ത് അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Content Highlights: A metal-laden trailer lorry overturned onto a residential wall at Mutholapuram near Koothattukulam, leaving the driver injured and causing damage to local infrastructure.