നഷ്‌ടപരിഹാരം നൽകാതെ അപകടത്തിൽപെട്ട ട്രെയ്‌ലർ ലോറി മാറ്റാൻ ശ്രമം

മുത്തോലപുരത്ത് ട്രെയ്‌ലർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മതിൽ തകർന്നതിന് നഷ്ടപരിഹാരം നൽകണമെന്നാവശ്വ പ്പെട്ട് നാട്ടുകാർ നടത്തിയ പ്രതിഷേധ സമരത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. ഷിബു സംസാരിക്കുന്നു
മുത്തോലപുരത്ത് ട്രെയ്‌ലർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മതിൽ തകർന്നതിന് നഷ്ടപരിഹാരം നൽകണമെന്നാവശ്വ പ്പെട്ട് നാട്ടുകാർ നടത്തിയ പ്രതിഷേധ സമരത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. ഷിബു സംസാരിക്കുന്നു

ഇലഞ്ഞി: അമിതഭാരം കയറ്റി വളരെ വേഗത്തിലെത്തിയ ട്രെയ്‌ലർ ലോറി മുത്തോലപുരം പറുദീസ കവലയിലെ വലിയ വളവിൽ മറിഞ്ഞ് നാശനഷ്ടമുണ്ടാക്കിയതിൽ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ലോറി മറിഞ്ഞ് മുത്തോലപുരം കളത്തിൽ ബാബുവിൻ്റെ വീടിൻ്റെ മതിൽ തകർന്നിരുന്നു. ശനിയാഴ്ച രാവിലെ 11 - ന് ആണ് ലോറി അപകടത്തിൽപെട്ടത്.

രാത്രിയായിട്ടും പോലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചില്ല. ഇലഞ്ഞി പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി. ഷിബു, ഗ്രാമപഞ്ചായത്തംഗം സോജിൻ ജോൺ എന്നിവർ സ്ഥലത്തെത്തി. ഇതിനിടയിൽ ലോറി മാറ്റാനായി ലോറി വാടകക്കെടുത്തവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി. മതിൽ തകർന്നതിനുള്ള നഷ്ടപരിഹാരം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ചർച്ച നടന്നു നഷ്‌ടപരിഹാരം നൽകില്ലെന്ന വാദമുയർന്നതോടെ ലോറി മാറ്റുന്നത് നാട്ടുകാർ തടഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റ് കൂത്താട്ടുകുളം പോലീസുമായി ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ജില്ലാ പോലീസ് അധികൃതരേയും കൺട്രോൾ റൂമിലും പരാതിപ്പെട്ടു. പരാതി എത്തിയതോടെ പോലീസെത്തി. ലോറി മാറ്റാൻ പോലീസും രംഗത്തെത്തിയതോടെ തർക്കം മുറുകി.

പോലീസിൻ്റെ നടപടിയിൽ നാട്ടുകാർ പ്രതിഷേധിച്ചു. ഉന്നത പോലീസ് സംഘം പഞ്ചായത്ത് പ്രസിഡൻ്റുമായി നടത്തിയ ചർച്ചയിൽ തർക്കം പരിഹരിച്ചു. അമിതഭാരം കയറ്റിയ ലോറികളുടെ പാച്ചിൽ തുടരുകയാണ്. പോലീസും മോട്ടോർ വാഹന വിഭാഗവും കണ്ണടയ്ക്കുന്നുവെന്നാണ് പ്രധാന ആരോപണം.

Content Highlights: Locals protest as attempts were made to remove an overturned trailer lorry without paying compensation for property damage in Elanji.