സംരക്ഷിക്കണം വൈപ്പിൻകരയിലെ തോടുകൾ

#പി.ജി ലാലൻ

ചെറായി : നൂറ്റാണ്ടുകളുടെ പ്രൗഢി ഓർമ്മിപ്പിച്ച് വൈപ്പിൻകരയിലെ 'പുത്തൻ തോടുകൾ' അശാസ്ത്രീയ നിർമിതികളിലും മാലിന്യത്തിലും ശ്വാസംമുട്ടുന്നു. കാർഷികവൃത്തിക്കും ജലസേചനത്തിനുമപ്പുറം ഒരുകാലത്ത് ചരക്കുഗതാഗതത്തിന്റെയും യാത്രാമാർഗത്തിന്റെയും പ്രധാന സിരാകേന്ദ്രങ്ങളായിരുന്ന വൈപ്പിൻകരയിലെ പതിന്നാലോളം 'പുത്തൻ തോടുകൾ' കടുത്ത അവഗണനയിലാണ്.

റോഡുകളുടെ ആവിർഭാവത്തോടെ പ്രാധാന്യംകുറഞ്ഞ ഈ ജലാശയങ്ങൾ പലതും ഇന്ന് മാലിന്യം തള്ളുന്ന കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു.

റോഡുകൾ ഇല്ലാതിരുന്ന പഴയകാലത്ത് ഉൾപ്രദേശങ്ങളിലേക്ക് ഈ പുത്തൻതോടുകളിലൂടെ വലിയ ചങ്ങാടങ്ങളിലാണ് അങ്ങാടികളിലേക്ക് ചരക്കുകൾ എത്തിച്ചിരുന്നത്. 'തോട്ടുങ്ങൽ' എന്ന്‌ വൈപ്പിൻകരയിലെ അങ്ങാടികളുള്ള പല സ്ഥലങ്ങളും ഇപ്പോഴും അറിയപ്പെടുന്നുണ്ട്.

വിദൂരസഞ്ചാരത്തിനും ജനങ്ങൾ ആശ്രയിച്ചിരുന്ന പ്രധാനമാർഗം ജലഗതാഗതം തന്നെയായിരുന്നു. ചാമ്പച്ചൻ, സെയ്ന്റ്‌ സെബാസ്റ്റ്യൻ തുടങ്ങിയ ബോട്ടുകൾ വൈപ്പിൻകരയുടെ കിഴക്കുഭാഗത്തുകൂടി സർവീസ് നടത്തിയിരുന്നതാണ്.

പ്രധാനമായും നെൽകൃഷിക്കും ചെമ്മീൻകെട്ടുകളിലേക്കും വെള്ളം എത്തിക്കുന്നതിലും മത്സ്യങ്ങളുടെ കയറ്റിറക്കത്തിനും ഈ തോടുകൾ വലിയ പങ്കുവഹിക്കുന്നുണ്ട്. കൂടാതെ വലവീശി മീൻപിടിക്കുന്നതിനും ഞണ്ടുപിടിക്കുന്നതിനുമായി ഒട്ടേറെപ്പേർ ആശ്രയിച്ചിരുന്ന ഈ ജലാശയങ്ങളിൽ ഇന്ന് മാലിന്യവും വൃക്ഷക്കമ്പുകളും നിറഞ്ഞതിനാൽ വലയെറിയാൻ കഴിയാത്ത സ്ഥിതിയാണ്.

പഴങ്ങാട്, അണിയിൽ തുടങ്ങിയ മേഖലകളിൽ പാലങ്ങൾ താഴ്ത്തിപ്പണിതത് മൂലം വഞ്ചികൾക്കും ചെറിയ ബോട്ടുകൾക്കും ഇതുവഴി സുഗമമായി സഞ്ചരിക്കാനാവാത്ത സാഹചര്യമുണ്ട്.

ചിലയിടങ്ങളിലാകട്ടെ ജലഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് തോടുകളിലേക്ക് മരങ്ങൾ വീണുകിടക്കുന്നത് വെട്ടിമാറ്റുന്നതിനുപോലും ആരും ശ്രദ്ധിക്കുന്നില്ല. തോടുകളുടെ അരികുകൾ സംരക്ഷിക്കാത്തതിനാലും മതിയായ ഉയരമില്ലാത്തതിനാലും റോഡരികുകൾ വലിയ അപകടമേഖലകളായി മാറി.

എടവനക്കാട് അണിയിൽ പുത്തൻതോടിന്റെ സമീപത്തുകൂടി സൈക്കിളിൽവന്ന വിദ്യാർഥിനി നിയന്ത്രണംവിട്ട് വെള്ളത്തിൽ വീണത് ഉൾപ്പെടെയുള്ള സംഭവങ്ങൾ ഇതിന് ഉദാഹരണമാണ്. പഴങ്ങാട് പാലത്തിന്റെ കോൺക്രീറ്റ് ഭിത്തിയുടെ അടിയിലൂടെ മണ്ണിടിഞ്ഞ്‌ അപകടമേഖലയായത് മറ്റൊരുദാഹരണം മാത്രം. ഇടവേളകളിൽ തോടുകൾക്ക്‌ ആഴംകൂട്ടാനും സംരക്ഷണഭിത്തികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉത്തരവാദപ്പെട്ടവരും തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മുന്നിലുണ്ട്് വിദേശ മാതൃകകൾ

വിദേശരാജ്യങ്ങളിലെ മാതൃകയിൽ ഈ ജലാശയങ്ങളെ ടൂറിസം മേഖലയ്ക്കായി ഉപയോഗപ്പെടുത്താം. സ്പീഡ് ബോട്ടുകളിലൂടെ ടൂറിസ്റ്റുകളെ വൈപ്പിനിലെ പ്രകൃതിസൗന്ദര്യമുള്ള ഉൾപ്രദേശങ്ങളിലേക്ക് എത്തിക്കാനായാൽ അത് വലിയൊരു മാറ്റത്തിന് വഴിയൊരുക്കും.

കുഴുപ്പിള്ളി കടപ്പുറത്തേക്ക് കിഴക്കൻപുഴ വഴി എത്തുന്ന ടൂറിസ്റ്റ് സംഘങ്ങൾക്ക് പടിഞ്ഞാറൻ മേഖലയുടെ ദൃശ്യഭംഗി ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യാം. ഓലമെടയൽ അടക്കം കരകൗശലവസ്തുക്കളുടെ പ്രദർശനവും നാടൻ ഭക്ഷണങ്ങളും ലഭ്യമാക്കിയാൽ വൈപ്പിൻകരയെ മികച്ചൊരു ടൂറിസം പാതയാക്കി മാറ്റാൻ സാധിക്കും.

തോടുകളുടെ സംരക്ഷണം കേവലമൊരു ജലസംഭരണിയെയോ ഒഴുക്കിനെയോ നിലനിർത്തുന്നതിനപ്പുറം, ഒരു സമഗ്ര ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനമാണ് എന്ന തരത്തിലുള്ള ബോധവത്കരണം വേണം

കിഴക്കുഭാഗത്തെ വീരൻപുഴയുടെയും പുത്തൻ തോടുകളുടെയും ആഴം കൂട്ടിയാൽ നീരൊഴുക്ക് സുഗമമാക്കുന്നതിനും നിലവിൽ പല പ്രദേശങ്ങളിലുമുള്ള വെള്ളക്കെട്ട് തടയുന്നതിനും സഹായിക്കും.

പ്രകൃതിയുടെ സുരക്ഷാകവചമായി പ്രവർത്തിക്കുന്ന ഈ തോടുകളെ മാലിന്യനിക്ഷേപ കേന്ദ്രങ്ങളാക്കി മാറ്റുന്നതിലൂടെ ഇവ വെറും അഴുക്കുചാലുകളായി മാറുകയാണ്.

മുൻ ജില്ലാ കളക്ടർ, എം.ജി. രാജമാണിക്യത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ 'എന്റെ കുളം എറണാകുളം' ജില്ലയിലെ കുളങ്ങൾ ശുദ്ധീകരിക്കുന്നതിന് രൂപപ്പെടുത്തിയ ഒരു പദ്ധതിയായിരുന്നു. കുളങ്ങൾ ശുദ്ധീകരിക്കാൻ കളക്ടർ നേരിട്ടിറങ്ങിയപ്പോൾ തോളോടുതോൾ ചേർന്ന് യുവാക്കൾ അടക്കമുള്ള ജനങ്ങളും ഒപ്പം ഇറങ്ങി. ൈപ്പിനിലെ പല പ്രദേശങ്ങളിലുമുള്ള വെള്ളക്കെട്ട്‌ പൂർണമായി ഒഴിവാക്കാനും നീരൊഴുക്ക് സുഗമമാക്കാനും ഈ ജലാശയങ്ങളുടെ പുനരുദ്ധാരണം സഹായിക്കും. മത്സ്യബന്ധനത്തിനും ജലഗതാഗതത്തിനും ഒപ്പം ടൂറിസംസാധ്യതകൾ വർധിപ്പിക്കാനും ഇത് വഴിതെളിക്കും. പുത്തൻ തോടുകളെ മാലിന്യമുക്തമാക്കി നീരൊഴുക്കുള്ള ജലാശയങ്ങളാക്കി മാറ്റാൻ ഒരു സമഗ്ര പദ്ധതി വരേണ്ടതുണ്ട്.

ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെയുള്ള ഇത്തരം പ്രവർത്തനങ്ങൾ നാടിന്റെ നിലനിൽപ്പിനും ജലസംരക്ഷണത്തിനും അത്യന്താപേക്ഷിതമാണ്.

ഒട്ടേറെ സാധ്യതകൾ

:സംസ്ഥാനപാതയിലെ പാലങ്ങളോടടുത്ത ഭാഗങ്ങളിൽ നല്ലരീതിയിൽ അലങ്കാരവിളക്കുകൾ സ്ഥാപിക്കുകയും ഭക്ഷണശാലകൾ സ്ഥാപിക്കുകയും ചെയ്താൽ അത് നല്ലൊരു ദൃശ്യവിരുന്നാവുക മാത്രമല്ല, വൈകുന്നേരങ്ങളിൽ ജനങ്ങൾക്ക് ഒത്തുകൂടുന്നതിന് ഒരു കേന്ദ്രമായിക്കൂടി അത് വളരും. ഇതിനെല്ലാം പദ്ധതി തയ്യാറാക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. റോഡ് ഗതാഗതത്തിന് പകരം ജലഗതാഗതമാർഗം ഉപയോഗിക്കുന്നത് ടൂറിസ്റ്റുകൾക്ക് വൈപ്പിന്റെ പ്രകൃതിഭംഗി കൂടുതൽ ആസ്വദിക്കാൻ സഹായിക്കും.