ഗുരുദേവ നിന്ദയ്ക്കെതിരേ പ്രതിഷേധം

ചെറായി : ശ്രീനാരായണ ഗുരുദേവനെ അവഹേളിക്കുന്ന തരത്തിൽ നടത്തിയ പരാമർശങ്ങൾക്കെതിരേ പ്രതിഷേധം. എസ്.എൻ.ഡി.പി. യോഗം വൈപ്പിൻ യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ചെറായി കരുത്തല ജങ്ഷനിൽ നിന്ന് ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ചെറായി ഗൗരീശ്വര ക്ഷേത്രാങ്കണത്തിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു.
ഗുരുദേവനെയും സന്യാസിമാരെയും സാമൂഹിക പരിഷ്‌കർത്താക്കളെയും നവമാധ്യമങ്ങളിലൂടെ അവഹേളിക്കുന്നവർക്കെതിരേ നിലവിലുള്ള നിയമപ്രകാരം ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും പ്രതിഷേധ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ചെറായി ഗൗരീശ്വര ക്ഷേത്രാങ്കണത്തിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ എസ്.എൻ.ഡി.പി. യോഗം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി അധ്യക്ഷത വഹിച്ചു.
യൂണിയൻ ഡയറക്ടർ കെ.പി. ഗോപാലകൃഷ്ണൻ പ്രതിഷേധ സന്ദേശം അവതരിപ്പിച്ചു. ശ്രീനാരായണ ഗുരുദേവന്റെ മാനവികതയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശത്തെ സംരക്ഷിക്കാനും ഗുരുനിന്ദയ്‌ക്കെതിരേ നിയമപരവും ജനാധിപത്യപരവുമായ പ്രതിഷേധം ശക്തമാക്കാനും യോഗം ആഹ്വാനം ചെയ്തു.
യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ, യൂണിയൻ കൗൺസിലർമാരായ കണ്ണദാസ് തടിക്കൽ, സി.കെ. ഗോപാലകൃഷ്ണൻ, സി.വി. ബാബു, കേന്ദ്രസമിതി വനിതാ സംഘം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഷീജ ഷെമൂർ, സെക്രട്ടറി ധന്യ ഷോബിൻ, ട്രഷറർ സിനി ബിജു, യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി അംഗം ബിനുരാജ് പരമേശ്വരൻ, സൈബർ സേന ചെയർമാൻ ടി.എൻ. നിഷിൽ, കൺവീനർ വിനോദ്, യൂത്ത് മൂവ്‌മെന്റ് ചെയർമാൻ സിനീഷ് രാജ്, കൺവീനർ ഗോകുൽ കൃഷ്ണ, എംപ്ലോയീസ് ഫോറം പ്രസിഡന്റ് ജയശങ്കർ, സെക്രട്ടറി യശ്പാൽ കുമാർ, പെൻഷനേഴ്‌സ് കൗൺസിൽ പ്രസിഡന്റ് മുരളീധരൻ, സെക്രട്ടറി കെ.കെ. രത്‌നൻ, വൈദികയോഗം പ്രസിഡന്റ് രാമചന്ദ്രൻ ശാന്തി, സെക്രട്ടറി സനീഷ് ശാന്തി, വൈപ്പിൻ ശ്രീനാരായണ ഗുരുദേവ പഠനകേന്ദ്രം കോഡിനേറ്റർ സുരേഷ്, ഭാസ്‌കരൻ എന്നിവർ പ്രസംഗിച്ചു.