ആനയെ തുരത്താൻ സൗരോർജ തൂക്കുവേലി

കോതമംഗലം : തട്ടേക്കാട്, കവളങ്ങാട് മേഖലയിൽ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി കാളക്കടവുമുതൽ നേര്യമംഗലം കൃഷിഫാംവരെയുള്ള പ്രദേശത്ത് സ്ഥാപിക്കുന്ന സൗരോർജ തൂക്കുവേലി നിർമാണോദ്ഘാടനം ഷിബു തെക്കുംപുറം എം.എൽ.എ. നിർവഹിച്ചു.എ.ഐ. സാങ്കേതികവിദ്യയോടെയുള്ള സൗരോർജ തൂക്കുവേലിയിൽ സ്മാർട്ട് എനർജൈസർ പ്രവർത്തിക്കുന്നതാണ്.

മോഷൻ സെൻസറിൽ പ്രവർത്തിക്കുന്ന ക്യാമറയും ഏർളി വാണിങ് സിസ്റ്റവും ഉൾപ്പെടുന്നതാണ് സ്മാർട്ട് എനർജൈസർ. ഇതുപ്രകാരം വിവിധ ഭാഗത്തായി 20 ഏർളി വാണിങ് സിസ്റ്റവും 5 സ്മാർട്ട് എനർജൈസറും ആണ് സ്ഥാപിക്കുന്നത്. ആന, വേലിക്കുസമീപം എത്തിയാൽ ഇതുവഴി മൊബൈൽ ഫോണിലേക്ക് മുന്നറിയിപ്പ്് സന്ദേശവും ചിത്രവും എത്തും. കൂടാതെ ആനയെ തുരത്തുന്ന ശബ്ദസംവിധാനവും പുറപ്പെടുവിക്കും. സന്ദേശം എത്തുന്നത് പ്രദേശവാസികൾക്ക്് ജാഗ്രതയും ആർ.ആർ.ടി. ഉടൻ എത്താനും സഹായകമാവും. രാഷ്ട്രീയ കൃഷി വികാസ് യോജന (ആർ.കെ.വി.വൈ.) പദ്ധതിയിൽ ഉൾപ്പെടുത്തി 1.66 കോടി രൂപയുടെ അടങ്കൽ തുകയിൽ കോതമംഗലം ഫോറസ്റ്റ് ഡിവിഷന് കീഴിൽ രണ്ട് ഭാഗത്തായി 18.50 കിലോമീറ്റർ നീളത്തിലാണ് സൗരോർജ തൂക്കുവേലി സ്ഥാപിക്കുന്നത്.

പെരിയാറിലൂടെ ജനവാസ മേഖലയിലേക്ക്് കടന്നുവരുന്ന കാട്ടാനകളുടെ ശല്യം നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. പുന്നേക്കാട് കവലയിൽനടന്ന ചടങ്ങിൽ കീരംപാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റീന ജോഷി അധ്യക്ഷയായി.

കൃഷി ബ്ലോക്ക്് അസിസ്റ്റന്റ് ഡയറക്ടർ പ്രിയാമോൾ തോമസ് പദ്ധതി വിശദീകരിച്ചു.കോതമംഗലം ഡി.എഫ്.ഒ. കെ.ആർ. സൂരജ് ബെൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജോയ് ജോസഫ്, ബ്ലോക്ക് വികസനകാര്യ കമ്മിറ്റി ചെയർപേഴ്‌സൺ റാണിക്കുട്ടി ജോർജ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് സി. പുല്ലൻ, വാർഡ് അംഗങ്ങളായ ഗോപി മുട്ടത്ത്, ബിന്ദു പൗലോസ്, എം.സി. അയ്യപ്പൻ, എ.സി. രാജശേഖരൻ, മാമച്ചൻ ജോസഫ്, രാജു എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.