മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് അമിക്കസ് ക്യൂറി സന്ദർശിച്ചു

തോപ്പുംപടി : മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട പരാതികളും അന്തേവാസികൾ നേരിടുന്ന ദുരിതങ്ങളും നേരിട്ട് മനസ്സിലാക്കുന്നതിന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സ്ഥലം സന്ദർശിച്ചു.

റവന്യൂ, ജി.സി.ഡി.എ., കോർപ്പറേഷൻ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.

അപ്പാർട്ട്‌മെന്റിലെ വിവിധ ഭാഗങ്ങൾ നേരിട്ട് പരിശോധിച്ച സംഘം, നിവാസികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ജീവിത സാഹചര്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. കെട്ടിടത്തിലെ അപാകങ്ങളും നിവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും സമരസമിതി പ്രവർത്തകർ സംഘത്തിന് നേരിട്ട് കാണിച്ചുകൊടുക്കുകയും വിശദീകരിക്കുകയും ചെയ്തു.

പേരണ്ടൂർ കനാലുമായി ബന്ധപ്പെട്ട കേസ് നേരത്തേതന്നെ കോടതിയുടെ പരിഗണനയിലുണ്ട്.

ഈ കേസുമായി ബന്ധപ്പെട്ട്, ഫ്ലാറ്റിന്റെ നിർമാണകാര്യങ്ങളിൽ കോടതി നേരത്തേയും ഇടപെട്ടിരുന്നു. അവ പൂർത്തീകരിച്ച് കൈമാറുന്നതിൽ കാലതാമസം നേരിട്ടപ്പോഴും കോടതി ഇടപെട്ടിരുന്നു. ഇതേ കേസുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായാണ് അമിക്കസ് ക്യൂറി സന്ദർശനം നടത്തിയത്.

അതേസമയം, നിലവിൽ വിജിലൻസ് അന്വേഷണം മാത്രമാണ് മുന്നോട്ടുപോകുന്നതെന്നതും നിവാസികളുടെ സുരക്ഷിതമായ താമസവും പുനരധിവാസവും സംബന്ധിച്ച് അടിയന്തര ചർച്ചകൾ നടക്കുന്നില്ലെന്നും ഫ്ലാറ്റ് ​െറസിഡെൻസ് അസോസിയേഷൻ പ്രസിഡന്റ് അഭിലാഷ് പി. പരമേശ്വരൻ അമിക്കസ് ക്യൂറി അംഗങ്ങളോട് വിശദീകരിച്ചു.

രുക്മിണി മുരുകൻ, വിനയ കെ. ജോസ്, താരാ സുമേഷ് തുടങ്ങിയവരും കാര്യങ്ങൾ വിശദീകരിച്ചു.