അങ്കമാലി കത്തീഡ്രലിൽ നവീകരിച്ച മദ്ബഹയുടെ കൂദാശ നടത്തി

അങ്കമാലി : അങ്കമാലി സെയ്ന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ കത്തീഡ്രലിൽ നവീകരിച്ച വിശുദ്ധ മദ്ബഹയുടെ കൂദാശ കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ് മാർ ഐറേനിയോസ് നിർവഹിച്ചു. പള്ളിയിൽ ആനിദെ ആണ്ടുപെരുന്നാളിനോടനുബന്ധിച്ചുനടന്ന സന്ധ്യാ പ്രാർഥനയ്ക്കുശേഷമായിരുന്നു കുദാശ ശുശ്രൂഷ.
പള്ളിവികാരി ഫാ. ഗീവർഗീസ് മണ്ണാറമ്പിൽ, സഹവികാരി ഫാ. എൽദോ ചെറിയാൻ കൂരൻ, ട്രസ്റ്റിമാരായ സി.സി. ജോസഫ് ചുള്ളിയിൽ, പി.ഐ. ജോയി പൈനാടത്ത് എന്നിവർ നേതൃത്വം നൽകി.
പള്ളി മുൻ വികാരിമാരായ ടൈറ്റസ് വർഗീസ് കോർഎപ്പിസ്കോപ്പ, വർഗീസ് അരീക്കൽ കോർ എപ്പിസ്കോപ്പ, ഭദ്രാസന മേഖലാ വൈദിക സെക്രട്ടറി ഫാ. തങ്കച്ചൻ അരീക്കൽ എന്നിവരും 15-ഓളം വൈദികരും മദ്ബഹ ശുശ്രൂഷകരും നിരവധി വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു. സ്നേഹവിരുന്നുമുണ്ടായിരുന്നു.