യു.ഡി.എഫ്. അംഗങ്ങൾ സെക്രട്ടറിയെ ഉപരോധിച്ചു

മുളന്തുരുത്തി പഞ്ചായത്തിൽ ജെൻഡർ കൗൺസിലറെ പിരിച്ചുവിട്ടു

മുളന്തുരുത്തി : മുളന്തുരുത്തി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയെ പിരിച്ചുവിടാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനമില്ലാതെ പ്രസിഡന്റിന്റെ നിർദേശപ്രകാരം സെക്രട്ടറി ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിലെ യു.ഡി.എഫ്. അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. അംഗങ്ങളായ പാർലമെന്ററി പാർട്ടി ലീഡർ രതീഷ് കെ. ദിവാകരൻ, ജോർജ് മാണി, മറിയാമ്മ ബെന്നി, മധുസുദൻ കെ.പി., സ്നേഹ ഷിവി, അംബിക പങ്കജാഷൻ, സുജാത ബാബു എന്നിവരാണ് ഉപരോധം നടത്തിയത്. രാവിലെ 10-ന് ആരംഭിച്ച ഉപരോധം വൈകീട്ട് 5 വരെ തുടർന്നു.

ജെൻഡർ കൗൺസിലർ സിമി വർഗീസിന്റെ കരാർ ജൂൺ 30-ന് അവസാനിച്ചെങ്കിലും ജൂൺ നാലിനു തന്നെ കരാർ പുതുക്കാനുള്ള അപേക്ഷ ഐ.സി.ഡി.എസ്. സുപ്പർവൈസർ മുഖേന അവർ സമർപ്പിച്ചതാണെന്ന് യു.ഡി.എഫ്. നൽകിയ പത്രക്കുറിപ്പിൽ പറയുന്നു.

വ്യാഴാഴ്ച വരെ പഞ്ചായത്ത് രജിസ്റ്ററിൽ ഒപ്പിടാൻ ഇവരെ അനുവദിക്കുകയും ചെയ്തു. ഇവർക്ക് നിയമനം ദീർഘിപ്പിക്കുന്ന കാര്യം മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റി ഏതാനും ആഴ്ചകൾക്കു മുൻപ് ചർച്ച ചെയ്യുകയും സബ് കമ്മിറ്റിയെ വെച്ച് അന്വേഷണം നടത്തി തീരുമാനിക്കാമെന്ന ധാരണയിലെത്തുകയും ചെയ്തതാണ്. ഈ സാഹചര്യത്തിലാണ് കൗൺസിലർക്ക് വിരമിക്കൽ നോട്ടീസ് നൽകുവാൻ പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറിക്ക് കത്ത് നൽകിയത്. നിയമപരമായി ഇതു പരിശോധിക്കാതെ പഞ്ചായത്ത് സെക്രട്ടറി ജീവനക്കാരിക്ക് വിരമിക്കൽ നോട്ടീസ് നൽകിയത് പഞ്ചായത്ത് കമ്മിറ്റിയെ വഞ്ചിക്കുന്നതിനു തുല്യമാണെന്ന് യു.ഡി.എഫ്. അംഗങ്ങൾ പറഞ്ഞു.

പഞ്ചായത്ത് സെക്രട്ടറിക്കെതിരേ ഉപരോധം നീണ്ടതോടെ പോലീസെത്തി യു.ഡി.എഫ്. അംഗങ്ങളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

യു.ഡി.എഫ്. സമരം രാഷ്ട്രീയപ്രേരിതം - പഞ്ചായത്ത് പ്രസിഡന്റ്

മുളന്തുരുത്തി : മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്തിലെ ജെൻഡർ കൗൺസിലറെ പിരിച്ചുവിട്ടെന്നാരോപിച്ച് യു.ഡി.എഫ്. പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത് തെറ്റിദ്ധാരണ പരത്തുന്നതും രാഷ്ട്രീയപ്രേരിതവുമാണെന്ന് മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് പറഞ്ഞു. പഞ്ചായത്ത് നേരിട്ട് നിയമിച്ച ജീവനക്കാരിയല്ല ജെൻഡർ കൗൺസിലർ. പഞ്ചായത്ത് നടപ്പാക്കുന്ന ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ ഭാഗമായി നിയമിക്കപ്പെട്ട താത്കാലിക ജീവനക്കാരിയാണ് സിമി വർഗീസ്. ഇവരുടെ കരാർ കാലാവധി ഇതിനോടകം പൂർത്തിയായിട്ടുള്ളതാണ്. കരാർ പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ട് ഇവർ നൽകിയ അപേക്ഷ പരിഗണിക്കുന്നതിന് ജില്ലാ പ്ലാനിങ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചിരുന്നു. തുടർന്ന് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും ഐ.സി.ഡി.എസ്. സൂപ്പർവൈസറും പഞ്ചായത്ത് സെക്രട്ടറിയും ഉൾപ്പെടുന്ന സബ് കമ്മിറ്റി രൂപവത്കരിക്കുകയും ഇവരുടെ മുൻ പ്രവർത്തനങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. സബ് കമ്മിറ്റിയുടെ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ ജോലിക്ക് വരേണ്ടതില്ലെന്ന നിർദേശമാണ് സെക്രട്ടറി നൽകിയത്. കരാർ കാലാവധി കഴിഞ്ഞയാൾ ഫയലുകൾ കൈകാര്യം ചെയ്യുന്നത് നിയമവിരുദ്ധമാണ്. അതുകൊണ്ടാണ് പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം കത്ത് നൽകിയത്.