കടൽ മാലിന്യത്തിൽനിന്ന് ഉത്പന്നങ്ങൾ: സിഫ്റ്റിന് പേറ്റന്റ്

കൊച്ചി : തകർന്ന ഫൈബർ വള്ളങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് വിവിധ ഉത്പന്നങ്ങൾ നിർമിക്കുന്നതിൽ സെൻട്രൽ ഇൻസ്റ്റിട്ട്യൂട്ട് ഒാഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) ക്ക് പേറ്റന്റ് ലഭിച്ചു. ഇവ പൊടിച്ച് സിമന്റ് ചേർത്താണ് നിർമാണം. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ചിന്റെ കീഴിലുള്ള സിഫ്റ്റിലെ സീനിയർ സയന്റിസ്റ്റ് ഡോ. എൻ. മഞ്ജുലക്ഷ്മിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
ഫൈബർ ഗ്ലാസ് റീഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് ബോട്ടുകളുടെ അവശിഷ്ടങ്ങൾ ശേഖരിച്ച് എങ്ങനെ പുനരുപയോഗിക്കാമെന്ന പഠനത്തിലാണ് കണ്ടെത്തൽ. കേരളത്തിൽ കാസർകോട് മുതൽ വിഴിഞ്ഞം വരെ മത്സ്യബന്ധനവള്ളങ്ങൾ അടുക്കുന്ന 27 കേന്ദ്രങ്ങളിൽ 2021 മുതൽ 2024 വരെ ഇതിന്റെ ഭാഗമായി പഠനം നടത്തി. ആകെ 49,000 കിലോയോളം വരുന്ന, 572 ഉപേക്ഷിക്കപ്പെട്ട വള്ളങ്ങളുടെ അവശിഷ്ടങ്ങളാണ് ലഭിച്ചത്. തുടർന്ന് മാലിന്യം പൊടിച്ച് സിമന്റുമായി ചേർത്ത് നിർമാണ സാധനങ്ങളും ഫർണിച്ചറുകളും മറ്റ് ഘടനകളും ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യകളെക്കുറിച്ച് പഠനം നടത്തി. സൂഫിയാൻ ഫെറോകോൺ എന്ന കമ്പനി പദ്ധതിയിൽ സഹകരിച്ചു.