യു.സി. കോളേജിൽനിന്ന് ഗൂഞ്ചിലേക്ക് 586 കിലോ വസ്ത്രങ്ങൾ

ആലുവ : ഉപയോഗശൂന്യമെന്നു കരുതി തള്ളിക്കളയുന്ന തുണിത്തരങ്ങൾക്ക് പുനരുപയോഗത്തിലൂടെ പുതുജീവൻ പകർന്ന് ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ എൻ.എസ്.എസ് വൊളന്റിയർമാർ. കോളേജിലെ എൻ.എസ്.എസ്. യൂണിറ്റും 'തണലിടം' കൂട്ടായ്മയും ചേർന്ന് കാമ്പസിൽനിന്ന് സമാഹരിച്ച 586 കിലോഗ്രാം തുണിത്തരങ്ങൾ സന്നദ്ധ സംഘടനയായ ഗൂഞ്ചിന് കൈമാറി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. മിനി ആലീസ് തുണിത്തരങ്ങൾ ഗൂഞ്ച് പ്രതിനിധി സാറ ആനന്ദിന് കൈമാറി.

ചടങ്ങിൽ തണലിടം കോർഡിനേറ്റർ ഡോ.അനുമോൾ ജോസ്, ഡോ. നിളാദേവി കെ.എൻ.എൻ.എസ്.എസ്. വൊളന്റിയർമാർ എന്നിവർ പങ്കെടുത്തു.

ഒരു കിലോ തുണി പുനരുപയോഗം ചെയ്യുന്നത് വഴി 25 കിലോ കാർബൺ വികിരണമാണ് കുറക്കുന്നത്. 586 കിലോ തുണി പുനരുപയോഗം ചെയ്യുക വഴി 14650 കിലോ കാർബൺ വികിരണം കുറക്കാൻ ഈ പദ്ധതിയിലൂടെ സാധിച്ചു.

വിദ്യാർഥികളിൽ നിന്നും ജീവനക്കാരിൽ നിന്നും സ്വരൂപിച്ച തുണിത്തരങ്ങൾ വോളന്റിയർമാർ തന്നെ തരംതിരിച്ച്, വൃത്തിയാക്കി, ഉപയോഗയോഗ്യമായവ പ്രത്യേകം പാക്കറ്റുകളിലാക്കിയാണ് കൈമാറിയത്.

തുണിത്തരങ്ങൾക്ക് പുറമെ, കാമ്പസിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശാസ്ത്രീയമായി പുനരുപയോഗിക്കുന്ന പദ്ധതിയും നടക്കുന്നുണ്ട്. വൊളന്റിയർമാർ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ 'ഹമാരാ പ്ലാസ്റ്റിക്സ്' എന്ന സ്ഥാപനത്തിന് കൈമാറി.

ഇവ റീസൈക്കിൾ ചെയ്ത് ബെഞ്ച്, ഡെസ്ക്, കസേരകൾ എന്നിവയാക്കി മാറ്റി കോളേജിനുതന്നെ തിരികെ ലഭ്യമാക്കുന്നതാണ് പദ്ധതി.