ഷഷ്ടിപൂർത്തി വേളയിൽ മകനൊപ്പം എം.ഡി. ബിരുദം നേടി ഡോക്ടർ

ന്യൂഡൽഹി : അക്ഷരങ്ങളെയും അറിവിനെയും ഒരുപോലെ നെഞ്ചേറ്റിയ അച്ഛനും മകനും ഒടുവിൽ ചരിത്രനേട്ടം സ്വന്തമാക്കി. മകനൊപ്പം അച്ഛനും മെഡിക്കൽ ബിരുദാനന്തര ബിരുദം നേടി. ഷഷ്ടി പൂർത്തിക്കുപിന്നാലെ കവി ജെ.കെ.എസ്. വീട്ടൂർ (ഡോ. ജീമോൻ കെ. സാം) തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽനിന്ന് ഫിസിയോളജിയിൽ എം.ഡി. ബിരുദം നേടിയപ്പോൾ മകൻ ഡോ. പ്രിൻസ് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽനിന്ന് കമ്യൂണിറ്റി മെഡിസിനിൽ എം.ഡി. നേടി. ഡോ. ജീമോന് സിലബസിൽ എസൻസ് ഓഫ് ഹ്യൂമൺ ഫിസിയോളജി എന്ന തന്റെ തന്നെ പുസ്തകം പഠിക്കാനുണ്ടായിരുന്നു എന്നത് നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു.
57-ാം വയസ്സിൽ പ്രവേശന പരീക്ഷയെഴുതി വീണ്ടും വിദ്യാർഥിയായ അച്ഛനും മകനും ഒരേസമയം പഠിച്ചിറങ്ങിയത് മെഡിക്കൽ രംഗത്ത് അപൂർവം. ഡോ. പ്രിൻസ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പഠിക്കുമ്പോൾ ഫിസിയോളജി അധ്യാപകൻ കൂടിയായിരുന്നു അച്ഛൻ. എം.ഡി. പ്രവേശന പരീക്ഷയെഴുതാൻ പ്രായപരിധി 2022-ൽ 45 വയസ്സിൽനിന്ന് ഉയർത്തിയതാണ് ഡോ. ജീമോന് അനുഗ്രഹമായത്. പ്രവേശനപരീക്ഷയിൽ ഉയർന്ന റാങ്ക് വാങ്ങി 2023-ൽ തിരുവനന്തപുരത്ത് എം.ഡി.ക്ക് ചേർന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽനിന്ന് 1983-88-ലാണ് എം.ബി.ബി.എസ്. പൂർത്തിയാക്കിയത്. പ്രിൻസ് കോലഞ്ചേരിയിൽനിന്നാണ് എം.ബി.ബി. എസ്. നേടിയത്.
മൂവാറ്റുപുഴയ്ക്കു സമീപം വീട്ടൂർ സ്വദേശിയായ ഡോ. ജീമോൻ, ജെ.കെ.എസ്. വീട്ടൂർ എന്നപേരിൽ എട്ടു കവിതാസമാഹാരങ്ങളും നാലു കഥാസമാഹാരവും ഒരു മഹാകാവ്യവും ഉൾപ്പെടെ 16 പുസ്തകങ്ങൾ എഴുതി. ഒട്ടേറെ പുരസ്കാരങ്ങളും നേടി. കവിതകൾ സ്കൂൾ പാഠപുസ്തകത്തിലും ഉൾപ്പെട്ടു.
‘‘ഇപ്പോഴത്തെ ചോദ്യപ്പേപ്പർ പ്രായോഗികാനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഇത്രയും വർഷത്തെ പരിചയമുള്ളതിനാൽ അത് എളുപ്പത്തിൽ എഴുതാൻ പറ്റി. എന്റെ പുസ്തകം എന്നെ പഠിപ്പിക്കുമ്പോൾ അധ്യാപകർക്ക് വലിയ കൗതുകമായിരുന്നു. എന്നോടൊപ്പം മകനും എം.ഡി. നേടി എന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ല.’’ -ഡോ. ജീമോൻ കെ. സാം പറഞ്ഞു.
‘‘തോൽക്കാൻ മനസ്സില്ലാത്ത അച്ഛന്റെ ഇച്ഛാശക്തിയുടെ തണലിലാണ് ഞാൻ വളർന്നത്. അച്ഛന്റെകൂടെ ബിരുദം ഏറ്റുവാങ്ങാൻ കഴിഞ്ഞതാണ് എന്റെ ജീവിതത്തിലെ വലിയ പുരസ്കാരം.’’ -ഡോ. പ്രിൻസ് പറഞ്ഞു.