നായ്ക്കുട്ടിയാണെങ്കിലും ഒരു ജീവനല്ലേ...

റോഡിൽ പരിക്കേറ്റുകിടന്ന നായ്ക്കുട്ടിയെ രക്ഷിക്കാൻ ഓടി പെൺകുട്ടികൾ

മട്ടാഞ്ചേരി : രാവിലെ മുതൽ ഒരു ജീവനുവേണ്ടിയായിരുന്നു അശ്വതിയുടെയും ദേവികൃഷ്ണയുടെയും ഓട്ടം. ഏറെ ശ്രമിച്ചിട്ടും ആ ജീവൻ രക്ഷിക്കാൻ കഴിയാത്തതിന്റെ നിരാശയിലും സങ്കടത്തിലുമാണ് ഈ പെൺകുട്ടികൾ. കോളേജിനുമുന്നിൽ ചോരവാർന്നുകിടന്ന നായ്ക്കുട്ടിയുടെ ജീവൻ രക്ഷിക്കാനായിരുന്നു ഇരുവരുടെയും ഓട്ടം. കൊച്ചിൻ കോളേജിലെ വിദ്യാർഥിനികളാണ് ഇരുവരും. രാവിലെ കോളേജിന് മുന്നിലെത്തിയപ്പോൾ റോഡിൽ ഒരു നായ്ക്കുട്ടി ചോരവാർന്ന് കിടക്കുന്നത് അശ്വതിയാണ് ആദ്യം കണ്ടത്. നായ്ക്കുട്ടിയുടെ കൈയ്ക്ക് അനക്കമുണ്ടെന്ന് അറിഞ്ഞതോടെ ഉടനെ അവൾ കോളേജിലുണ്ടായിരുന്ന കൂട്ടുകാരി ദേവികൃഷ്ണയെ വിളിച്ചുവരുത്തി. ഇരുവരും ചേർന്ന് നായ്ക്കുട്ടിയെ സ്കൂട്ടറിൽ മട്ടാഞ്ചേരി മൃഗാശുപത്രിയിലെത്തിച്ചു.

നായ്ക്കുട്ടിയെ പരിശോധിച്ച ഡോക്ടർ എക്സ്‌റേ വേണമെന്ന് നിർദേശിച്ചു. എന്നാൽ അവിടെയിതിന് സൗകര്യമില്ല. പിന്നാലെ തോപ്പുംപടിയിലെ സ്വകാര്യ മൃഗാശുപത്രിയിലേക്ക് നായ്ക്കുട്ടിയെ എത്തിച്ചു. എന്നാൽ വിദ്യാർഥിനികളുടെ കൈയിൽ ആവശ്യത്തിന് പണമില്ലായിരുന്നു. കൊച്ചിൻ കോളേജിലെ സുവോളജിവിഭാഗം മേധാവി സ്മിതയെ വിവരം അറിയിച്ചതോടെ ടീച്ചർ പണം അയച്ചുനൽകി.

പിന്നാലെ എക്സ്‌റേ റിപ്പോർട്ടും നായ്ക്കുട്ടിയുമായി വീണ്ടും മട്ടാഞ്ചേരി ആശുപത്രിയിലേക്ക്. എന്നാൽ എക്സ്‌റേ പരിശോധിച്ച ഡോക്ടർ പറഞ്ഞ വാക്കുകൾ കേട്ടതോടെ ഇരുവരും വിതുമ്പി. നായ്ക്കുട്ടിയുടെ നട്ടെല്ല് തകർന്നു. തീരെ ചെറിയ കുഞ്ഞായതിനാൽ ജീവൻ നിലനിർത്തുക ബുദ്ധിമുട്ടാണെന്ന് ഡോക്ടർ അറിയിച്ചു.

താമസിയാതെ നായ്ക്കുട്ടിയുടെ അനക്കം നിലച്ചു. ഏറെ ശ്രമിച്ചിട്ടും ആ ജീവൻ രക്ഷിക്കാനാകാത്തതിന്റെ നിരാശയിൽ തേങ്ങലോടെ അശ്വതിയും ദേവികൃഷ്ണയും കോളേജിലേക്ക് മടങ്ങി. വല്ലാർപാടം സ്വദേശിനിയാണ് അശ്വതി. ദേവികൃഷ്ണ പള്ളുരുത്തി സ്വദേശിനിയും. ഇരുവരും കൊച്ചിൻ കോളേജിലെ സുവോളജി മൂന്നാംവർഷ ബിരുദ വിദ്യാർഥിനികളാണ്. വഴിയിൽ പരിക്കേറ്റ് മനുഷ്യൻ കിടന്നാൽ പോലും തിരിഞ്ഞുനോക്കാതെ കടന്നുപോകുന്ന ഇരുണ്ട കാലത്ത്, കാരുണ്യത്തിന്റെ വെളിച്ചമാകുകയാണ് ഈ പെൺകുട്ടികൾ.