കൊച്ചിയിൽ റെയിൽവേ ബജറ്റ് ഹോട്ടൽ വരുന്നു

കൊച്ചി : ത്രീ സ്റ്റാർ സൗകര്യങ്ങളോടെ കൊച്ചിയിൽ റെയിൽവേയുടെ ബജറ്റ് ഹോട്ടൽ വരുന്നു. വില്ലിങ്ടൺ ഐലൻഡിലെ മട്ടാഞ്ചേരി ഹാൾട്ട് റെയിൽവേ സ്റ്റേഷന്റെ പ്രദേശത്താണ് സ്വകാര്യ പങ്കാളിത്തത്തോടെ ഹോട്ടൽ തുറക്കുന്നത്. ഇതിനായി ടെൻഡർ ക്ഷണിച്ചു. ഇവിടെ റെയിൽവേയുടെ സ്ഥലവും പൈതൃകകെട്ടിടവും ഉണ്ട്. റെയിൽവേ ഭൂമി പാട്ടത്തിനാണ് നൽകുന്നത്. റസ്റ്ററന്റ് ഉൾപ്പെടെയുള്ള ഹോട്ടലിന് കെട്ടിടം പണിയുന്നതും നടത്തിപ്പും സ്വകാര്യ സംരംഭകരായിരിക്കും. റെയിൽവേയുടെ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി പ്രയോജനപ്പെടുത്തി ടിക്കറ്റിതര വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി.

ഗുരുവായൂരും ആലപ്പുഴയും രാമേശ്വരവുമാണ് റെയിൽവേ ബജറ്റ് ഹോട്ടൽ തുടങ്ങുന്ന മറ്റു സ്ഥലങ്ങൾ. ഇതിനു ടെൻഡർ ക്ഷണിച്ചു. നിലവിൽ ട്രെയിൻ യാത്രാ ടിക്കറ്റ് ഉള്ളവർക്കുമാത്രമാണ് റെയിൽവേ സ്റ്റേഷനുകളോടു ചേർന്നുള്ള റിട്ടയറിങ് റൂം അനുവദിക്കുന്നത്. എന്നാൽ ബജറ്റ് ഹോട്ടലിൽ യാത്രാടിക്കറ്റില്ലാതെ എല്ലാവർക്കും താമസസൗകര്യം ലഭ്യമാകും. മട്ടാഞ്ചേരിയും ഫോർട്ട്കൊച്ചിയും സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും വേറിട്ടൊരു യാത്രാനുഭവം സമ്മാനിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നേരത്തേതന്നെ മട്ടാഞ്ചേരി ഹാൾട്ട് സ്റ്റേഷൻ അങ്കണത്തിൽ റെയിൽവേ കോച്ച് റസ്റ്ററൻറ് തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിലുള്ള ആദ്യത്തെ കോച്ച് റസ്റ്ററന്റായി ഇത് ഉടൻതന്നെ പ്രവർത്തനമാരംഭിക്കും. ഉപയോഗശൂന്യമായ പഴയ എ.സി. ട്രെയിൻ കോച്ച് നവീകരിച്ച് ആകർഷകമായ ഭക്ഷണശാലയാക്കി മാറ്റുകയാണ് ചെയ്യുന്നത്.