കാറ്റ് കശക്കിയെറിഞ്ഞ് ഊരമന നാശനഷ്ടങ്ങൾ വിലയിരുത്താൻ മന്ത്രിയെത്തി

രാമമംഗലം : കനത്ത കാറ്റും മഴയും നാശം വിതച്ച ഊരമനയിൽ നാശനഷ്ടങ്ങൾ വിലയിരുത്താൻ മന്ത്രി അനൂപ് ജേക്കബ് എത്തി. രാമമംഗലം പഞ്ചായത്തിന്റെ കിഴക്കൻ മേഖലയായ ഊരമനയിൽ വ്യാഴാഴ്ച വൈകീട്ടാണ് വീശിയടിച്ച ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. വിവരറിഞ്ഞ മന്ത്രി വെള്ളിയാഴ്ച അതിരാവിലെ തന്നെ ഊരമനയിലെത്തുകയായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് ഊരമനയുടെ കിഴക്കൻ മലയോര മേഖലയിൽ കാറ്റ് വീശിയടിച്ചത്. ഊരമന ശിവലി, സാൽവേഷൻ ആർമി റോഡ്, ഗാന്ധി നഗർ പറമ്പ്രക്കാട് എന്നിവിടങ്ങളിൽ മാത്രമായിരുന്നു കനത്ത കാറ്റ്.
എന്നാൽ ഊരമനയുടെ മറ്റ് ഭാഗങ്ങളിൽ കാറ്റിന്റെ ലക്ഷണം പോലുമുണ്ടായില്ല. ആഞ്ഞിലി, തേക്ക് തുടങ്ങിയ വൻമരങ്ങൾ പോലും കാറ്റിൽ നിലംപൊത്തി. മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണ് ഒട്ടേറെ വീടുകൾക്ക് കേടുപാടുകൾ പറ്റി.
വൈദ്യുതി പോസ്റ്റുകൾ മരം വീണ് ഒടിഞ്ഞതോടെ വൈദ്യുതി ലൈനുകൾക്ക് പരക്കെ നാശമുണ്ടായി. നാട്ടുകാരും അഗ്നിരക്ഷാസേനയും രാത്രി വൈകിയും പണിപ്പെട്ടാണ് റോഡിലേക്കുവീണ മരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. സാൽവേഷൻ ആർമി റോഡിൽ പാണാട്ട് ഏലിയാമ്മ, പാണാട്ട് ജെയിംസ്, രാജു പാലൻ, തൊട്ടിയിൽ ബിജു, കരിപ്പാക്കുടിയിൽ ചന്ദ്രൻ, കൊടികുത്തിയിൽ സണ്ണി തുടങ്ങിയവരുടെ വീടുകൾക്ക് മരം വീണ് കേടുപാടുകൾ പറ്റി.
ഊരമന പാടിയേടത്ത് ജോൺസൺ വിത്സന്റെ വീടിന്റെ മുകളിലേക്ക് അടുത്ത പറമ്പിലെ ആഞ്ഞിലി മരം കടപുഴുകി വീണു. വീടിന്റെ രണ്ടാം നിലയിലേക്കാണ് മരം വീണത്. വിത്സന്റെ ജാതി മരങ്ങളും വാഴയും കാറ്റിൽ നിലംപൊത്തി. സാൽവേഷൻ ആർമി റോഡിൽ കരിപ്പനാൽ ബിന്ദു ദിലീപിന്റെ ചുറ്റുമതിൽ മരം വീണ് തകർന്നു. ഊരമന കൊടികുത്തിമലയിലും പറമ്പക്കാട്ടും ഗാന്ധിനഗറിലുമായി പത്തോളം ഇലക്ട്രിക് പോസ്റ്റുകൾ വട്ടമൊടിഞ്ഞു. വൈദ്യുതി ബന്ധം തകരാറിലായി. ഊരമന കളമ്പാശേരിയിൽ ലെതിഷ്, ശ്രീകാന്ത്, വട്ടംകണ്ടത്തിൽ മോഹനൻ എന്നിവരുടെ ജാതി മരങ്ങളും വാഴയും കാറ്റിൽ നശിച്ചു. അബിൻ വർക്കി എം.എൽ.എ.യുടെ പുരയിടത്തിലും ജാതിമരങ്ങൾ നശിച്ചു.
നാശനഷ്ടം വിലയിരുത്താനെത്തിയ മന്ത്രി അനൂപ് ജേക്കബ് വീടുകൾക്ക് മുകളിൽ മരം വീണ സ്ഥലങ്ങൾ സന്ദർശിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെസി രാജുവും മറ്റ് ജനപ്രതിനിധികളും റവന്യൂ അധികൃതരും ഒപ്പമുണ്ടായിരുന്നു.നാശനഷ്ടങ്ങളുടെ കണക്കെടുക്കുവാനും സഹായങ്ങൾ ലഭ്യമാക്കുവാനും മന്ത്രി ജില്ലാ കളക്ടർക്ക് നിർദേശം നൽകി. സംസ്ഥാന ഭക്ഷ്യ കമ്മിഷനംഗം കെ.എൻ. സുഗതന്റെ നേതൃത്വത്തിൽ സി.പി.ഐ. ഭാരവാഹികൾ ഊരമനയിൽ സന്ദർശനം നടത്തി.