ഹോണടിച്ചതിൽ പ്രകോപനം; പോലീസുകാരന്റെ കാറിന്റെ ചില്ല് തകർത്തു

അരൂർ : ഗതാഗതക്കുരുക്കിൽ ഹോണടിച്ചതിൽ പ്രകോപിതരായ സംഘം പോലീസ് ഉദ്യോഗസ്ഥനും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ലടിച്ച് പൊട്ടിച്ചു. എറണാകുളം കെ.എ.പി. ബറ്റാലിയൻ ഒന്നിലെ ഉദ്യോഗസ്ഥൻ പാണാവള്ളി തൃച്ചാറ്റുകുളം കണ്ണികാട്ട് ജിബി സെബാസ്റ്റ്യന്റെ കാറിന് നേരേയാണ് ആക്രമണം ഉണ്ടായത്. അരൂർ- അരൂക്കുറ്റി റോഡിൽ തേയിലക്കമ്പനിക്ക് സമീപം ഞായറാഴ്ച രാത്രി 9.30-ഓടെയാണ് സംഭവം. കാറിന്റെ മുൻചില്ലടക്കം പൊട്ടിച്ച സംഘം അരലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കി.
ലോറിയുടെ ടയർ തകാരാറിലായതിനെ തുടർന്നാണ് അരൂക്കുറ്റി റോഡിൽ ഗതാഗതക്കുരുക്കുണ്ടായത്. ജിബിയും ഭാര്യയും എട്ട് വയസ്സുള്ള കുട്ടിയും വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു. മുന്നിലെ വാഹനം നീങ്ങി തുടങ്ങിയതോടെയാണ് താൻ ഹോൺ മുഴക്കിയതെന്ന് ജിബി പറഞ്ഞു. ഈ സമയം ലോറിക്കരുകിൽ നിന്നിരുന്ന നാലഞ്ചാളുകൾ എത്തി ചില്ലടിച്ചു പൊട്ടിച്ച് അസഭ്യവർഷം നടത്തുകയായിരുന്നു.
കാറിന്റെ ബമ്പറും നശിപ്പിച്ചു. വിവരം അറിഞ്ഞ് അരൂർ പോലീസ് എത്തിയപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞു. തിങ്കളാഴ്ച സ്റ്റേഷനിലെത്തി പരാതി നൽകി മടങ്ങവേ സംഘത്തിലൊരാളെ ജിബി കണ്ടു. ഇയാളുമായി സംസാരിച്ചപ്പോൾ വണ്ടി നന്നാക്കി നൽകാമെന്ന തരത്തിൽ അനുനയ നീക്കമാണുണ്ടായത്.
ഇതടക്കം വീഡിയോ ആയി ചിത്രീകരിച്ച ജിബി ഇത് പോലീസ് സ്‌റ്റേഷനിൽ നൽകി. അക്രമത്തിന് നേതൃത്വം നൽകിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
സമാനമായ സംഭവം ശനിയാഴ്ച വൈകീട്ട് എരമല്ലൂർ ചേന്നമന റോഡിലും അരങ്ങേറി. ഇവിടെ ബൈക്കിന്റെ അമിതവേഗം ചോദ്യം ചെയ്ത അമ്മയെയും മകനെയും രണ്ടംഗസംഘം അസഭ്യം പറഞ്ഞ് കത്തി വീശി ഭീഷണിപ്പെടുത്തുകയായിരുന്നു.
കത്തി വീശുന്നതിനിടെ യുവാവായ മകന്റെ കൈക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിലും അരൂർ പോലീസ് കേസെടുത്തിട്ടുണ്ട്.