പറവൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് പുതിയ കെട്ടിടം

രൂപരേഖ തയ്യാറാക്കി
പറവൂർ : പറവൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള രൂപരേഖ തയ്യാറായതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
ഏറെ കാലപ്പഴക്കം ചെന്നതാണ് ഇപ്പോഴുള്ള കെ.എസ്.ആർ.ടി.സി.യുടെ കെട്ടിടങ്ങളും വർക്ക് ഷോപ്പും. ദീർഘദൂര സർവീസുകൾ ഉൾപ്പെടെ പ്രതിദിനം നൂറുകണക്കിന് സർവീസുകളുള്ള ഇവിടെ വിപുലമായ സൗകര്യത്തോടുകൂടിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
2026-27 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി നാലു കോടി രൂപ അനുവദിച്ചിട്ടുണ്ട്.
വികസനം നടപ്പാക്കുന്നത് സംബന്ധിച്ച് തുടർനടപടികൾക്കായി പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തെ ചുമതലപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവ് ഇറങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞു. പുതിയ രൂപരേഖ പ്രകാരം ഒൻപതു ബസുകൾക്ക് ഒരേസമയം മഴനനയാതെ പാർക്ക് ചെയ്യാവുന്ന വിധത്തിൽ മേൽക്കൂരയോടുകൂടിയുള്ളതാണ് പുതിയ കെട്ടിടം.
താഴത്തെ നിലയിൽ കഫറ്റീരിയ, സെക്യൂരിറ്റി റൂം, പോലീസ് എയ്ഡ്‌പോസ്റ്റ്, ക്ലോക്ക്‌റൂം, സ്ത്രീകൾക്കും പുരുഷൻമാർക്കും ഭിന്നശേഷിക്കാർക്കും വേണ്ടിയുള്ള വാഷ്‌റൂമുകൾ, പുരുഷൻമാർക്കും സ്ത്രീകൾക്കുമായി പ്രത്യേകം ഇരിപ്പിടങ്ങൾ, എൻക്വയറി റൂം, കൂറിയർ സേവനങ്ങൾക്കുള്ള മുറി, സ്റ്റേഷൻ മാസ്റ്റർക്കുള്ള മുറി എന്നിവയുമുണ്ട്.
ഒന്നാം നിലയിൽ സ്ത്രീ-പുരുഷ ജീവനക്കാർക്കുള്ള വിശ്രമ മുറി, ഷോപ്പ്, അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസറുടെ മുറി, ടിക്കറ്റ് ആൻഡ് കാഷ് മുറികൾ, ഓഫീസ് റൂമുകൾ എന്നിവയും രണ്ടാം നിലയിൽ വിശാലമായ കോൺഫറൻസ് ഹാൾ, പാൻട്രി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
മണ്ണുപരിശോധനയ്ക്കുള്ള നടപടികൾ ആരംഭിച്ചതായും ഇതിനു ശേഷം ഡിസൈൻ തയ്യാറാക്കി എത്രയും വേഗം ഭരണാനുമതിക്കായി സർക്കാരിലേക്ക് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.