മണ്ഡലകാലമെത്തിയിട്ടും റോഡുകൾ തകർന്നുതന്നെ

എം.സി. റോഡ് ഉടൻ നന്നാക്കാൻ എം.എൽ.എ. കത്ത് നൽകി

മൂവാറ്റുപുഴ : മണ്ഡല കാലമായിട്ടും പതിനായിരക്കണക്കിന് തീർഥാടകർ യാത്ര ചെയ്യുന്ന എം.സി. റോഡും മൂവാറ്റുപുഴ - തൊടുപുഴ റോഡും സഞ്ചാരയോഗ്യമായില്ല. ഏറ്റവുമധികം യാത്രക്കാരെത്തുന്ന എം.സി. റോഡിലെ സ്ഥിതിയാണ് ഏറെ മോശം. വളരെ നേരത്തേ തന്നെ റോഡ് നന്നാക്കണമെന്ന് ആവശ്യമുയർന്നതാണ്.

ഇത് സംബന്ധിച്ച് ചില നിർദേശങ്ങൾ പോയതല്ലാതെ ജോലി തുടങ്ങാനോ മണ്ഡലത്തിന് മുൻപ് അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്നുറപ്പാക്കാനോ കഴിഞ്ഞില്ല. വളരെ നേരത്തേ അറിയാവുന്ന കാര്യമായിട്ടും സമയബന്ധിതമായി ഇടപെട്ട് പ്രശ്നപരിഹാരമുണ്ടാക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് മുൻ എം.എൽ.എ. എൽദോ എബ്രഹാം പറഞ്ഞു.

മൂവാറ്റുപുഴ മുതൽ കൂത്താട്ടുകുളം വരെയും വെള്ളൂർകുന്നം മുതൽ പെരുമ്പാവൂർ വരെയും എം.സി. റോഡിലെ യാത്ര ദുഷ്‌കരമായിട്ട് രണ്ടുവർഷമായി. ബി.എം.ബി.സി. നിലവാരത്തിൽ പണിത റോഡിലെ കുഴികൾ ബി.സി. പാച്ച് ചെയ്യുന്നതിന് പകരം ലോക്കൽ ടാറിങ് നടത്തി പ്രധാന പാതയുടെ ഗുണനിലവാരം എൻജിനിയറിങ് വിഭാഗം ഇല്ലാതാക്കി. കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് ലഭിച്ച കേന്ദ്രഫണ്ടിന്റെ ഒരു വിഹിതം ജില്ലയുടെ കിഴക്കൻ മേഖലയ്ക്ക് അനുവദിക്കാത്തത് അവഗണനയാണ്.മൂവാറ്റുപുഴ - തൊടുപുഴ റോഡിലും എം.സി. റോഡിലുമായി കഴിഞ്ഞ ഒരു വർഷം 100-ലേറെ വാഹനാപകടങ്ങളുണ്ടായിട്ടുണ്ട്.

2018-19 സാമ്പത്തിക വർഷം എം.സി. റോഡ് നവീകരണത്തിന് 15 കോടിയും 2019-20 ൽ മൂവാറ്റുപുഴ-തൊടുപുഴ റോഡിന്റെ നിലവാരമുയർത്താൻ 10 കോടിയും അനുവദിച്ചത്ശബരി പാക്കേജ് വഴിയാണ്. എന്നാൽ കഴിഞ്ഞ ആറുവർഷമായി ഈ മേഖലയിലെ റോഡ് വികസനത്തിന് പണം അനുവദിച്ചിട്ടില്ലെന്നും എൽദോ എബ്രഹാം പറഞ്ഞു. മണ്ഡലകാലം തുടങ്ങുന്ന നവംബർ 17-നകം പോലീസ് - പൊതുമരാമത്ത് -മോട്ടോർ വാഹന വകുപ്പുകളുടെ ഏകോപനമുണ്ടാകണമെന്നും എൽദോ എബ്രഹാം പറഞ്ഞു. മണ്ഡലത്തലേന്ന് എം.സി. റോഡിലൂടെ കടന്നുപോയത് നൂറുകണക്കിന് അയ്യപ്പതീർഥാടക വാഹനങ്ങളാണ്. അതിലേറെയും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വലിയ ബസുകളും ചെറുവാഹനങ്ങളുമാണ്. രാത്രിയിൽ ഇവരുടെ വരവ് വർധിക്കും.

ഒരുക്കങ്ങളുമായി മൂവാറ്റുപുഴ നഗരസഭ

മൂവാറ്റുപുഴ : മൂവാറ്റുപുഴയിലൂടെ കടന്നുപോകുന്ന ശബരിമല തീർഥാടകർക്ക് സുരക്ഷിതയാത്രയ്ക്കുള്ള ക്രമീകരണങ്ങളൊരുക്കി നഗരസഭ. വിവിധ ക്ഷേത്രങ്ങളുമായി സഹകരിച്ചും പൊതു സംവിധാനങ്ങൾ മെച്ചപ്പെടുത്തിയുമാണ് സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

പുഴക്കരക്കാവ് ഭഗവതി ക്ഷേത്രം, വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രം, ശ്രീകുമാര ഭജന ക്ഷേത്രം, കിഴക്കേക്കര ധർമശാസ്താ ക്ഷേത്രം എന്നിവ ഒരുക്കിയിരിക്കുന്ന വിശ്രമകേന്ദ്രങ്ങൾക്ക് നഗരസഭ പിന്തുണ നൽകുമെന്ന് ചെയർപേഴ്‌സൺ ജോയ്‌സ് മേരി ആന്റണി അറിയിച്ചു. വെള്ളൂർക്കുന്നം ക്ഷേത്രം വൈകീട്ട് നടത്തുന്ന അന്നദാനത്തോട് സഹകരിക്കും.

വിശ്രമകേന്ദ്രങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും പരിസര ശുചിത്വം ഉറപ്പാക്കുന്നതിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ ദിശാ സൂചകങ്ങളും വിവിധ ഭാഷകളിലുള്ള നിർദേശങ്ങളും മുന്നറിയിപ്പുകളുമടങ്ങിയ ബോർഡുകളും സ്ഥാപിച്ചു.

നഗരത്തിലെ കടവുകളിലും അപകടസാധ്യതയുള്ള സ്ഥലങ്ങളിലും സുരക്ഷാ നിർദേശങ്ങൾ പ്രദർശിപ്പിക്കും.

ഹോട്ടലുകളിലും ഭക്ഷണശാലകളിലും ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി. മൂവാറ്റുപുഴ ഗവ. ജനറൽ ആശുപത്രിയിൽ ശബരിമല തീർഥാടകർക്ക് ആരോഗ്യസേവനങ്ങളും വിവരങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. സഹായത്തിനായി ഹെൽപ്പ് ഡെസ്‌ക്കും തുറക്കും

പോലീസ്, എക്‌സൈസ്, ആരോഗ്യം, പൊതുമരാമത്ത് വകുപ്പുകളുടെ സഹകരണത്തിലാണ് ക്രമീകരണങ്ങൾ.