കിഫ്ബി പൊളിച്ചെഴുത്ത്; തീരദേശപാത അനിശ്ചിതത്വത്തിലായോ?

വൈപ്പിൻ : വൈപ്പിൻ സംസ്ഥാനപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന തീരദേശപാതയുടെ നിർമാണം അനിശ്ചിതത്വത്തിൽ.
6500 കോടി രൂപയുടെ കിഫ്ബി പദ്ധതിയായാണ് തീരദേശപാത പ്രഖ്യാപിക്കപ്പെട്ടിരുന്നത്. എന്നാൽ യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നതോടെ കിഫ്ബി ഇന്നത്തെ നിലയിൽ തുടരില്ല എന്ന് വ്യക്തമാക്കിയിരുന്നു. കിഫ്ബിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ ഒരു സമിതിയെയും സർക്കാർ നിശ്ചയിച്ചിരുന്നു. കിഫ്ബി പദ്ധതികളുടെ പൊളിച്ചെഴുത്താണ് സമിതി സർക്കാരിന് മുന്നിൽ സമർപ്പിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. പുതിയ പദ്ധതികൾ ഏറ്റെടുക്കേണ്ടതില്ല എന്നാണ് ഒരു ശുപാർശയെന്നും വ്യക്തമാക്കിയിട്ടുണ്ട്. സ്വാഭാവികമായും പ്രാഥമികഘട്ടത്തിൽ നിൽക്കുന്ന തീരദേശ ഹൈവേയുടെ കാര്യത്തിൽ പുനഃപരിശോധന ഉണ്ടായേക്കാം.
തിരുവനന്തപുരം മുതൽ കാസർകോട് വരെ 625 കിലോമീറ്ററാണ് തീരദേശഹൈവേയിൽ നിർമിക്കാനിരുന്നത്. വൈപ്പിൻ ഉൾപ്പെടെ പല ഭാഗങ്ങളിലും പാതയ്ക്കുള്ള പ്രാരംഭനടപടികൾ ആരംഭിച്ചിരുന്നു. 2016-ൽ അലൈൻമെന്റ് നിശ്ചയിച്ച് വൈപ്പിനിൽ പിങ്ക് കുറ്റികൾ സ്ഥാപിച്ചിരുന്നു. 2025 ഓഗസ്റ്റ് 18-ന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു.
പഴയ കുറ്റികൾ പലതും കാണാതായതിനാലും ഡിജിറ്റൽ സർവേയിൽ ഭേദഗതികൾ വന്നതിനാലും ചെറിയ മാറ്റങ്ങളോടെ പുതിയ കുറ്റികൾ നാട്ടിയിട്ടുണ്ട്.
കിഫ്ബി പദ്ധതികൾക്കായുള്ള ഭൂമി ഏറ്റെടുക്കലിനുള്ള പ്രത്യേക തഹസിൽദാരുടെ നേതൃത്വത്തിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള സർവേ നടപടികൾ നടന്നിരുന്നു.
വൈപ്പിൻകരയിലെ ആറ് പഞ്ചായത്തുകളിലെയും കൊച്ചി നഗരസഭ, ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളിലുമായി 54.8 ഹെക്ടർ ഭൂമിയാണ് ജില്ലയിൽ ഏറ്റെടുക്കേണ്ടിവരുക. 2898 പ്ലോട്ടുകളാണ് ഇതിലുള്ളത്. 2600 വീടുകളും 170 വ്യാപാരസ്ഥാപനങ്ങളും ഇതിൽ പെടും. ഒഴിപ്പിക്കേണ്ടിവരുന്ന കെട്ടിടങ്ങളുടെ വിലനിർണയത്തിന് ഒരു അംഗീകൃത ഏജൻസിയെ ചുമതലപ്പെടുത്തിയിരുന്നു. ചില പഞ്ചായത്തുകളിൽ അത് പൂർത്തിയാക്കുകയും ചെയ്തു.
ഇതിനിടെ തുരങ്കപാതയും
തീരദേശ പാതയുടെകൂടി ഭാഗമായി വൈപ്പിൻകരയുടെ വടക്കേയറ്റത്ത് മുനമ്പത്തെ തൃശ്ശൂർ ജില്ലയിലെ അഴീക്കോടുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ എത്തിനിൽക്കുന്നു. തെക്കേയറ്റത്ത് ഫോർട്ട് വൈപ്പിനെ ഫോർട്ട്കൊച്ചിയുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ജില്ലയിൽ കൊച്ചിയിൽ 21.3 കിലോമീറ്ററും വൈപ്പിനിൽ 26.7 കിലോമീറ്ററുമാണ് തീരദേശപാത വരേണ്ടത്. ഈ രണ്ടിടങ്ങളെയും ബന്ധിപ്പിക്കാൻ കൊച്ചി അഴിമുഖത്ത് സംവിധാനമൊരുങ്ങേണ്ടതുണ്ട്. നിർദേശം ഉയർന്ന തുരങ്കപാതയ്ക്കായുള്ള പഠനം സർക്കാർ പ്രഖ്യാപിച്ചിരുന്നു.
നിലവിൽ തീരദേശപാതയ്ക്കായി നിശ്ചയിച്ച തുകയ്ക്ക് പുറമേയാണ് ഇതിന് പണം കണ്ടെത്തേണ്ടിവരുക.
മുഖംതിരിക്കാതെ ഭൂവുടമകൾ
ഇത്രയേറെ കുടുംബങ്ങളെ കുടിയൊഴുപ്പിക്കേണ്ടി വരുമെങ്കിലും ആരും വലിയ എതിർപ്പ് ഉയർത്തിയിരുന്നില്ല. മികച്ചവില കിട്ടുമെന്ന പ്രതീക്ഷ തന്നെയാണ് ഒരു കാരണം. പലരും കടംവാങ്ങി വീടുവെയ്ക്കാൻ സ്ഥലം കണ്ടെത്തിക്കഴിഞ്ഞു.
മറ്റ് വഴികൾ തേടുമെന്ന് എം.എൽ.എ.
കിഫ്ബിയോടുള്ള എതിർപ്പ് തുടരുമ്പോഴും വൈപ്പിൻകരയ്ക്ക് ഒരു സമാന്തരപാത അനിവാര്യമായതിനാൽ തീരദേശപാതയ്ക്ക് മറ്റ് ഫണ്ടുകൾ ലഭ്യമാക്കാനുള്ള ശ്രമം തുടരുമെന്ന് ടോണി ചമ്മണി എം.എൽ.എ. ഉറപ്പിച്ചുപറയുന്നു.