കാർ പെട്രോൾപമ്പിന്റെ മതിലിലേക്ക് ഇടിച്ചുകയറി; നാലുപേർക്ക് പരിക്ക്

പെരുമ്പാവൂർ : പി.പി. റോഡിൽ വെങ്ങോലയ്ക്ക് സമീപം അമിതവേഗത്തിലെത്തിയ കാർ റോഡരികിലെ വൈദ്യുതി കാൽ തകർത്ത് പെട്രോൾ പമ്പിന്റെ മതിലിലേക്ക് ഇടിച്ചുകയറി. പരിക്കേറ്റ കാർ യാത്രക്കാരായ നാലുയുവാക്കളെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടുപേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാത്രി 11.30-നാണ് അപകടം. പെരുമ്പാവൂർ ഭാഗത്തുനിന്ന് വന്ന കാർ വെങ്ങോല ജങ്ഷനുമുൻപ് റോഡിന്റെ വലതുവശത്തെ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അറയ്ക്കപ്പടി താണിവീട്ടിൽ ഷാഹുൽ (26), വാത്തിമറ്റം വീട്ടിൽ ഫായിസ് (28), ചേലക്കുളം സ്വദേശികളായ സിയാദ് (25), അജ്മൽ (28) എന്നിവർക്കാണ് പരിക്കേറ്റത്.
ഷാഹുലിനും ഫായിസിനുമാണ് സാരമായി പരിക്കേറ്റത്. വൈദ്യുതി തൂണിലിടിച്ച കാർ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ് പെട്രോൾ പമ്പിന്റെ ഷോവാൾ തകർത്ത് വശത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന രണ്ടുപേർ പുറത്തേക്ക് തെറിച്ചുവീണു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കാറിലുണ്ടായിരുന്നവരെ ആദ്യം പെരുമ്പാവൂരിലെ ആശുപത്രിയിലെത്തിക്കുകയും പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റിലേക്ക് മാറ്റുകയും ചെയ്തു. പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറാത്തതിനാൽ വൻദുരന്തം ഒഴിവായി.