മാറ്റങ്ങളുടെ കാലത്തും ദാരിദ്ര്യമൊഴിയാതെ കടലോരം

തോപ്പുംപടി: 'ഓരോ വർഷവും കടലിൽ മീൻ കുറയുന്നു. പണ്ടൊക്കെ കടലിൽ പോയാൽ മീൻ കിട്ടുമെന്ന് ഉറപ്പായിരുന്നു. ഇപ്പോൾ ഒരു നിശ്ചയവുമില്ല. പലപ്പോഴും എണ്ണക്കാശ് പോലും കിട്ടുന്നില്ല’. ചെല്ലാനത്തെ മത്സ്യത്തൊഴിലാളി പാപ്പച്ചൻ പറയുന്നു. കേരളത്തിന് എഴുപത് തികയുമ്പോൾ, കടലോരത്തുനിന്നുള്ള വർത്തമാനമാണിത്.
കാലം, മത്സ്യമേഖലയിൽ വലിയ വിപ്ലവങ്ങളുണ്ടാക്കി. യന്ത്രം കടന്നുവന്നതോടെ, മീൻപിടിത്ത ജോലിയുടെ ആയാസം കുറഞ്ഞു. കടലിന്റെ അടിത്തട്ടുവരെ കോരിയെടുക്കാൻ ശേഷിയുള്ള വലകൾ വന്നു. പക്ഷേ, ഇതൊന്നും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിതനിലവാരം ഉയർത്താൻ സഹായിച്ചില്ലെന്നതാണ് സത്യം. സാധാരണ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഇപ്പോഴും ദാരിദ്ര്യവുമായുള്ള പോരാട്ടത്തിലാണ്. കൂടുതൽ പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയും. പേഴ്സീൻ ബോട്ടുകളുടെ വരവ് മേഖലയിൽ വലിയ വിപ്ലവമായിരുന്നു.
കൊച്ചി കേന്ദ്രീകരിച്ച് നൂറോളം പേഴ്സീൻ ബോട്ടുകളുണ്ടായിരുന്നു. തൊഴിലാളിക്കും കച്ചവടക്കാർക്കും വലിയ വരുമാനം നൽകിയ പേഴ്സീൻ ബോട്ടുകളിലേറെയും ഇപ്പോൾ കടലിൽ ഇറക്കുന്നില്ല. മീനില്ലാത്തതുതന്നെയാണ് പ്രശ്നം. കൊച്ചിയിൽ ഈ വർഷം കടലിൽ പോയത് വെറും 30 പേഴ്സീൻ ബോട്ടുകളാണ്. അവതന്നെ എല്ലാ ദിവസവും പോകുന്നില്ല. മത്സ്യ ഉത്പാദനത്തിൽ സംസ്ഥാനം വലിയ നേട്ടമുണ്ടാക്കുന്നതായി പറയുമ്പോഴും, അത് സാധാരണ മത്സ്യത്തൊഴിലാളിയുടെ ഇല്ലായ്മകൾ മാറ്റിയില്ല. ചെറുവള്ളങ്ങൾക്ക് പകരം കടലിൽ ഇറങ്ങുന്നത് വമ്പൻ യാനങ്ങളാണ്. എൻജിൻ ഘടിപ്പിച്ച ഇത്തരം യാനങ്ങളുടെ എണ്ണം വളരെയധികമായി. കടൽസമ്പത്തിന്റെ അമിത ചൂഷണമാണ് നടന്നത്. സാങ്കേതികരംഗത്തുണ്ടായ മാറ്റം, മേഖലയ്ക്ക് വലിയ തിരിച്ചടിയായി മാറുന്ന കാഴ്ചയാണിപ്പോൾ.
നീണ്ടുപോകുന്ന വറുതിക്കാലം
:കേരളത്തിന്റെ പ്രിയമത്സ്യങ്ങളായ ചാള, അയല തുടങ്ങിയവയുടെ ലഭ്യതക്കുറവ് ഈ കാലഘട്ടം നേരിട്ട വലിയ പ്രതിസന്ധിയാണ്. തീരമേഖലയെ പട്ടിണിയിൽനിന്ന് കരകയറ്റിയിരുന്നത് ഈ മത്സ്യങ്ങളാണ്. ഇടയ്ക്കിടെ ഇവ അപ്രത്യക്ഷമാകുന്നത് വലിയ പ്രതിസന്ധിയാകുന്നു. വൈപ്പിൻ, ചെല്ലാനം, കൊച്ചി, മുനമ്പം മേഖലകളിൽ തൊഴിലാളികൾക്ക് സ്ഥിരവരുമാനമില്ലാതായി. വള്ളവുമായി അവർ ഇറങ്ങുന്നത് അനിശ്ചിതത്വത്തിലേക്കാണ്. ഡീസൽ, മണ്ണെണ്ണ തുടങ്ങിയവയുടെ വില ഉയരുമ്പോൾ, തകർന്നുപോകുകയാണ് ഈ മേഖല. പലപ്പോഴും വെറുംകൈയോടെയാണ് മടക്കം. ഇന്ധനത്തിന് ചെലവായ തുക കടമായി മാറും. സബ്സിഡികൾ കടങ്കഥയായി മാറി.
മണ്ണെണ്ണ വേണമെങ്കിൽ കരിഞ്ചന്തയെ ആശ്രയിക്കണം. കാലാവസ്ഥാ വ്യതിയാനമാണ് മത്സ്യമേഖലയെ അടിമുടി തകർക്കുന്ന മറ്റൊരു പ്രശ്നം.
മത്സ്യത്തൊഴിലാളികളുടെ തൊഴിൽദിനങ്ങളുടെ എണ്ണം 50 ശതമാനത്തോളം കുറഞ്ഞതായി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനങ്ങൾ പറയുന്നു. ഒന്നിന് പുറകേ മറ്റൊന്നായി വന്ന ചുഴലിക്കാറ്റുകളും തീരമേഖലയിൽ തീകോരിയിട്ടു. സുനാമിയിലായിരുന്നു തുടക്കം.
പിന്നെ ഓക്കി, പ്യാർ, ഗജ, വായു, വിസർഗ, ടൗട്ടെ തുടങ്ങി എത്രയെത്ര കൊടുങ്കാറ്റുകൾ... ഇതുകൂടാതെയാണ് പ്രളയത്തിന്റെ കെടുതികൾ. എല്ലാം കൂടുതൽ ബാധിച്ചത് കടലോര മേഖലയെയാണ്.
കോർപ്പറേറ്റുകൾ കടന്നുവരുമ്പോൾ
: ഉപജീവനത്തിനായി കടലോരവാസികൾ മീൻപിടിച്ചിരുന്ന കാലം മാറി. മീൻ ഇപ്പോൾ വ്യാവസായിക ആവശ്യത്തിനുള്ള അസംസ്കൃത വസ്തുകൂടിയാണ്. ജില്ലയിലെമ്പാടും ടൺ കണക്കിന് ചെറുമീനുകളെയാണ് പിടിച്ചെടുക്കുന്നത്. വള്ളങ്ങൾ മാത്രമല്ല, ബോട്ടുകളും കരയിൽ കൊണ്ടുവരുന്നതിലേറെയും മീൻകുഞ്ഞുങ്ങളാണ്. വളർന്ന് വലുതായാൽ നാടിന് നേട്ടമാകുന്ന ഈ കുഞ്ഞുങ്ങളെ പിടിച്ച് കയറ്റിവിടുകയാണ്. ഒന്നുമില്ലാത്ത കടലിൽനിന്ന് കിട്ടുന്നതെല്ലാം അവർ പിടിച്ചെടുക്കുന്നു. ജില്ലയിലെ പ്രധാന ഹാർബറുകൾക്ക് മുൻപിൽ കാത്തുകിടക്കുന്ന വലിയ ലോറികളിൽ കയറ്റി ഈ കുഞ്ഞൻ മീനുകളെ ഫാക്ടറികളിലേക്ക് കൊണ്ടുപോകുകയാണ്. മീൻതീറ്റയും, കോഴിത്തീറ്റയുമൊക്കെ ഉത്പാദിപ്പിക്കാനുള്ള അസംസ്കൃത വസ്തുവാണീ ചെറുമീനുകൾ.
വൻകിട കമ്പനികളാണ് ഈ വ്യവസായത്തിന് പിന്നിൽ. ബ്ലൂ ഇക്കണോമിയുടെ കാലത്ത് 'മത്സ്യം' വെറും ഭക്ഷ്യവസ്തു മാത്രമല്ല. അത് തിരിച്ചറിയുന്ന കോർപ്പറേറ്റുകൾ ഇവിടേക്ക് കണ്ണുവയ്ക്കുകയാണ്. ടൂറിസംകൂടി ലക്ഷ്യമിട്ടാണ് അവരുടെ വരവ്. സാങ്കേതികമായി എത്ര വികസിച്ചിട്ടും, മീൻ കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാൻ മതിയായ സൗകര്യങ്ങൾ ഇപ്പോഴും തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. ജില്ലയിലെ ഒരു ഹാർബറിലും ഇതിനുള്ള സൗകര്യമില്ല. മീൻ കിട്ടിയാൽ പെട്ടവിലയ്ക്ക് വിൽക്കാൻ ഇപ്പോഴും തൊഴിലാളികൾ നിർബന്ധിതരാകുന്നു. മീൻപിടിക്കാൻ ശാസ്ത്രീയ സംവിധാനമുണ്ട്. പക്ഷേ, അത് സൂക്ഷിക്കാൻ തൊഴിലാളിക്ക് സൗകര്യം ലഭിക്കുന്നില്ല. കൊടുങ്കാറ്റ് പോലെയാണ് മത്സ്യമേഖലയിൽ മാറ്റങ്ങളുണ്ടായത്. പക്ഷേ, അതൊന്നും കടലോരത്തിന്റെ കണ്ണീരൊപ്പുന്നില്ല.