സുബ്ഹാൻ ഖുറേഷിക്ക് കഠിനതടവും പിഴയും

‘സിമി’യുടെ വാഗമൺ ക്യാമ്പ്

കൊച്ചി : നിരോധിത സംഘടനയായ ‘സിമി’യുടെ വാഗമൺ ക്യാമ്പ് കേസിലെ പ്രതിയായ മഹാരാഷ്ട്ര സ്വദേശിക്ക് ഏഴു വർഷം കഠിനതടവും പിഴയും വിധിച്ചു. മഹാരാഷ്ട്ര ഈസ്റ്റ് ഠാണെ നയാനഗർ മീരാ റോഡ് സ്വദേശി അബ്ദുൽ സുബ്ഹാൻ ഖുറേഷിയെ (54) യാണ് എൻ.ഐ.എ. കോടതി ശിക്ഷിച്ചത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യു.എ.പി.എ.), സ്ഫോടകവസ്തു നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരമാണ് പ്രത്യേക എൻ.ഐ.എ. കോടതി ജഡ്ജി ഹഫീസ് മുഹമ്മദ് ശിക്ഷ വിധിച്ചത്. റിമാൻഡ് കാലാവധി കുറച്ച് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.

ഇന്ത്യൻ മുജാഹിദിന്റെ സ്ഥാപകാംഗങ്ങളിലൊരാളായ അബ്ദുൽ സുബ്ഹാൻ ഖുറേഷി, വാഗമൺ ക്യാമ്പ് നടക്കുമ്പോൾ സംഘടനയുടെ ട്രഷറർ ആയിരുന്നുവെന്നാണ് എൻ.ഐ.എ.യുടെ കണ്ടെത്തൽ. 2018 ജനുവരിയിൽ ഡൽഹി പോലീസാണ് ഖുറേഷിയെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തത്.

യു.എ.പി.എ., സ്ഫോടകവസ്തു നിയമം എന്നിവയിലെ വകുപ്പുകൾകൂടി പരിഗണിച്ച് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ക്രിമിനൽ ഗൂഢാലോചനയ്ക്ക് 7 വർഷം കഠിനതടവ്, ജീവനും സ്വത്തിനും ഹാനിയുണ്ടാക്കുന്ന തരത്തിൽ സ്ഫോടകവസ്തു കൈവശം ​െവച്ചതിന് സ്ഫോടകവസ്തു നിയമപ്രകാരം 7 വർഷം കഠിനതടവ്, 25,000 രൂപ പിഴ, തീവ്രവാദ സംഘടനയുമായി ചേർന്നു പ്രവർത്തിച്ചതിന് യു.എ.പി.എ. പ്രകാരം 5 വർഷം കഠിനതടവ്, തീവ്രവാദ സംഘടനയിൽ അംഗമായതിന് യു.എ.പി.എ. പ്രകാരം 5 വർഷം കഠിനതടവ്, 25,000 രൂപ പിഴ, നിയമവിരുദ്ധമായി പ്രഖ്യാപിച്ച സംഘടനയിൽ അംഗമായതിന് യു.എ.പി.എ. പ്രകാരം ഒരുവർഷം കഠിനതടവ്, 25,000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.

നിരോധിത സംഘടനയായ ‘സിമി’യിലെ അംഗങ്ങൾ 2007 ഡിസംബറിൽ വാഗമൺ തങ്ങൾപാറയിൽ ആയുധ, കായിക പരിശീലനം നടത്തിയെന്നാണ് കേസ്. 38 പ്രതികളുള്ള കേസിൽ 18 പേരെ വിട്ടയച്ചിരുന്നു. കേസിലെ പ്രതിയായ വാസിഖ് ബില്ല ഇനിയും പിടിയിലാകാനുണ്ട്. മുണ്ടക്കയം പോലീസ് രജിസ്റ്റർ ചെയ്ത കേസ് 2010 ജനുവരിയിൽ എൻ.ഐ.എ. ഏറ്റെടുക്കുകയായിരുന്നു.

ഡെപ്യൂട്ടി ലീഗൽ അഡ്‌വൈസർ അർജുൻ അമ്പലപ്പറ്റ, സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ ജയിംസ് കാരണത്ത്, പബ്ലിക് പ്രോസിക്യൂട്ടർ എസ്. ശ്രീനാഥ് എന്നിവർ എൻ.ഐ.എ.ക്കുവേണ്ടിയും അഡ്വ. വി.ടി. രഘുനാഥ് പ്രതിഭാഗത്തിനുവേണ്ടിയും ഹാജരായി.