സമരം തത്കാലത്തേക്ക് നിർത്തി കുടുംബം; കൂടുതൽ നടപടിക്കായി കോടതിയെ സമീപിക്കും

പോലീസ് നടപടികളിൽ തൃപ്തരെന്നും കുടുംബം
ചേരാനല്ലൂർ : അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മക്കളും ബന്ധുക്കളും ചേരാനല്ലൂർ സ്റ്റേഷനിൽ അസിസ്റ്റന്റ് പോലീസ് കമ്മിഷണറുമായി നടത്തിയ ചർച്ചയിൽ സമരം തത്കാലത്തേക്ക് നിർത്തിവയ്ക്കാൻ ധാരണയായി. പോലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികളിൽ തൃപ്തരാണെന്നും കോടതി നടപടികൾ അനുകൂലമാകുമെന്നു പ്രതീക്ഷിക്കുന്നതായും ചർച്ചയ്ക്കുശേഷം കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
കാറോടിച്ച പതിനേഴുകാരനെയും അച്ഛനായ ജഡ്ജിയെയും നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ നടപടികൾ സ്വീകരിക്കുമെന്നു ജയബാലകൃഷ്ണന്റെ മക്കൾ പറഞ്ഞു. പതിനേഴുകാന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ നൽകിയ അപ്പീലിൽ കക്ഷിചേരും. ഇയാളുടെ അച്ഛനായ ജഡ്ജിയെ സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കായി കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.
ജയബാലകൃഷ്ണന്റെ മരണാനന്തര ചടങ്ങുകൾക്കു ശേഷം വൈകീട്ട് അഞ്ചോടെയാണ് മക്കളും ബന്ധുക്കളും ഉൾപ്പെടെയുള്ളവർ സ്റ്റേഷനിലെത്തിയത്. ഇവർക്കൊപ്പം വക്കീലും വിവിധ രാഷ്ട്രീയപാർട്ടികളുടെ പ്രവർത്തകരുമുണ്ടായിരുന്നു. എന്നാൽ, മക്കളെയും അവരുടെ വക്കീലിനെയും മാത്രമാണ് പോലീസ് അകത്തേക്ക് പ്രവേശിപ്പിച്ചത്. തുടർന്നു ഗേറ്റ് അടയ്ക്കുകയും ചെയ്തു.ഇതോടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ സ്റ്റേഷനു പുറത്ത് ബഹളം വയ്ക്കുന്നതിന് ഇതു കാരണമായി. എട്ടുമണിയോടെ ബന്ധുക്കളെയും അകത്തേക്ക് കടത്തിവിട്ടതോടെയാണ് ബഹളം അവസാനിച്ചത്. സർക്കാരും പോലീസും എടുത്തിട്ടുള്ള നടപടികൾ രേഖാമൂലം വേണമെന്ന ആവശ്യമാണ് ചർച്ച നീണ്ടുപോകുന്നതിനു കാരണമായത്. രാത്രി ഒൻപതോടെയാണ് ചർച്ച അവസാനിച്ചത്.