വീൽച്ചെയറിലും മെഡൽ: ആൽഫിയ ജെയിംസിനെ മന്ത്രി അനൂപ് ജേക്കബ് അനുമോദിച്ചു

പിറവം : ജപ്പാനിലെ നഗോയയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ വീൽച്ചെയർ ബാഡ്മിന്റൺ ഡബിൾസിൽ വെങ്കലം നേടിയ ആൽഫിയ ജെയിംസിനെ മന്ത്രി അനൂപ് ജേക്കബ് അനുമോദിച്ചു. ജപ്പാനിൽനിന്ന് കഴിഞ്ഞ ദിവസമാണ് ആൽഫിയ പാമ്പാക്കുട പിറമാടത്തെ വീട്ടിലെത്തിയത്. തനിക്ക് ലഭിച്ച വെങ്കലമെഡലുമായി നിയമസഭാ ചേംബറിലെത്തിയ ആൽഫിയയെ മന്ത്രി സ്വീകരിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനെയും മന്ത്രി ഒ.ജെ. ജനീഷിനെയും കണ്ടാണ് ആൽഫിയ മടങ്ങിയത്.

പ്ലസ്‌ വണിന് പഠിക്കുമ്പോൾ ബാസ്കറ്റ്ബാളിൽ തിളങ്ങിനിൽക്കെ, തൊടുപുഴ മുട്ടത്ത് സ്കൂൾ ഹോസ്റ്റലിന്റെ നാലാംനിലയിൽ നിന്ന് വീണ് നട്ടെല്ലിനു ക്ഷതമേറ്റാണ് ആൽഫിയയുടെ ജീവിതം വീൽച്ചെയറിലായത്. എങ്കിലും പഠനവും കായികരംഗത്തോടുള്ള അടുപ്പവും കൈവിട്ടില്ല. അങ്ങനെയിരിക്കെയാണ് പാരാ ബാഡ്മിന്റണിലേക്ക്‌ ശ്രദ്ധതിരിഞ്ഞത്. ബെംഗളൂരുവിൽ നഴ്‌സായിരുന്ന അമ്മ വിജി, ജോലി രാജിവെച്ച് മകൾക്ക്‌ കരുത്തുപകർന്ന് കൂടെനിന്നു. സംസ്ഥാനതല മത്സരങ്ങളിൽ ആൽഫിയ തിളങ്ങി. ആൽഫിയയുടെ മികവ് തിരിച്ചറിഞ്ഞ പ്രമുഖ വ്യവസായ ഗ്രൂപ്പ് ദുബായിയിലെ അവരുടെ ഓഫീസിൽ അക്കൗണ്ടന്റായി ജോലി നൽകി. തുടർപരിശീലനങ്ങൾക്കും അവർ താങ്ങായി.