ക്രിക്കറ്റ് സെന്റർ ഓഫ് എക്‌സലൻസുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

അങ്കമാലി : സംസ്ഥാനത്ത് അത്യാധുനിക ക്രിക്കറ്റ് സെന്റർ ഓഫ് എക്സലൻസുമായി കേരള ക്രിക്കറ്റ് ലീഗിലെ പ്രധാന ഫ്രാഞ്ചൈസിയും രണ്ടാം സീസണിലെ കിരീടജേതാക്കളുമായ കൊച്ചി ബ്ലൂ ടൈഗേഴ്സ്. അങ്കമാലി ഫിസാറ്റ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ച 'ബ്ലൂ ടൈഗേഴ്സ് ആർ-16 സെന്റർ ഓഫ് എക്സലൻസ്' മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. തുടർന്ന് ടർഫിലെത്തിയ മന്ത്രി ബാറ്റ് വീശി. മുൻ ഇന്ത്യൻ താരം ടിനു യോഹന്നാനാണ് പന്തെറിഞ്ഞത്.
കേരള ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എ. സതീശൻ, തൃശ്ശൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ഇഗ്നി മാത്യു, സെക്രട്ടറി ജോസ് പോൾ, അമ്പയർ ടോണി ഇമ്മട്ടി, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സഹ ഉടമ എം. ശിവപ്രസാദ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സി.ഇ.ഒ. രഘു രാമചന്ദ്രൻ, ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് എന്നിവർ പങ്കെടുത്തു. മുൻ കേരള രഞ്ജി ട്രോഫി താരം റൈഫി വിൻസെന്റ് ഗോമസാണ് അക്കാദമിയുടെ പരിശീലകനിരയ്ക്ക് നേതൃത്വം നൽകുന്നത്.