തെരുവുനായ ശല്യം ആര് പരിഹരിക്കും ?

ചെറായി : തെരുവുനായ ശല്യത്തിന് പരിഹാരം കണ്ടെത്താതെ പഞ്ചായത്തുകൾ. പിന്നെ ആര് കണ്ടെത്തുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. വൈപ്പിൻകരയിലെ ബീച്ചുകളിലും സംസ്ഥാന പാതയോരങ്ങളിലും തെരുവുനായ്ക്കൾ അലഞ്ഞുതിരിയുകയാണ്. എടവനക്കാട്, കുഴുപ്പിള്ളി, മുനമ്പം ബീച്ചുകളിൽ എത്തുന്ന വിനോദസഞ്ചാരികൾ തെരുവുനായ്ക്കളെ ഭയന്നാണ് നടക്കുന്നത്.
വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലും ബസ് സ്റ്റോപ്പുകളിലും തെരുവുനായ്ക്കൾ കൂട്ടമായി കിടക്കുന്നതിനാൽ ഭീതിയോടെയാണ് ജനങ്ങൾ സഞ്ചരിക്കുന്നത്. നായ്ക്കൾ ഇടയ്ക്ക് സഞ്ചാരികളുടെ അടുത്തേക്ക് ഓടിയടുക്കാറുണ്ട്. കുട്ടികളുമായെത്തുന്നവർ വളരെ ഭീതിയോടെയാണ് ബീച്ചിലെത്തി തിരിച്ചുപോകുന്നത്. മുനമ്പം മുസിരിസ് ബീച്ചിലും ഹാർബറിലും പരിസരത്തും പൊതുവഴിയിലും നിരവധി തെരുവുനായ്ക്കളാണ് തമ്പടിക്കുന്നത്. നായശല്യം ക്ഷേത്രത്തിലെത്തുന്നവർക്കും ഭീഷണിയാണ്.
നേരം സന്ധ്യയാകുമ്പോൾ ബീച്ച് റോഡിലും നടപ്പാതയിലും ഇറങ്ങി വിലസുന്ന നായ്ക്കൾ ഇരുചക്രവാഹന യാത്രക്കാർക്കും ഭീഷണിയാണ്. നായ്ക്കൾ വാഹനങ്ങൾക്ക് കുറുകേ ചാടി പലരും അപകടത്തിൽപ്പെടുന്നുണ്ട്. ബന്ധപ്പെട്ട പഞ്ചായത്ത് ഇടപെട്ട് തെരുവുനായശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും സഞ്ചാരികളുടെയും ആവശ്യം. എടവനക്കാട് കിഴക്ക് താമരവട്ടം പ്രദേശത്തും തെരുവുനായ ശല്യം അതിരൂക്ഷമാണ്.