പിറവം പുഞ്ചയിൽ വെള്ളമെത്തുന്നില്ല; കൃഷിയിറക്കാനാകാതെ കർഷകർ

പിറവം : മുണ്ടകൻ കൃഷിക്ക് നിലമൊരുക്കാനാകാതെ കർഷകർ വലയുന്നു. പിറവത്തിന്റെ നെല്ലറകളിലൊന്നായ പിറവം പുഞ്ച ബി.യിൽപ്പെട്ട നൂറുകണക്കിന് ഏക്കർ പാടത്താണ് വെള്ളമെത്താത്തതുമൂലം കൃഷിപ്പണികൾ മുടങ്ങുന്നത്. പിറവം തോട്ടഭാഗത്തെ അമിക്കര ജലസേചന പദ്ധതിയിൽ നിന്നാണ് പുഞ്ചയിൽ വെള്ളമെത്തുന്നത്. ഇവിടെ പകൽ ഏതാനും മണിക്കൂറുകൾ മാത്രമാണ് പമ്പിങ്. ഇതുമൂലം വെള്ളം എല്ലായിടത്തുമെത്തുന്നില്ല. കനാൽ കടന്നുപോകുന്ന ഭാഗങ്ങളിൽ കരഭൂമിയിലെ കൃഷികൾ നനച്ച ശേഷമേ നെൽകർഷകർക്ക് വെള്ളം ലഭിക്കൂവെന്നതാണ് സ്ഥിതി.

നെൽകൃഷിക്കാണ് വെള്ളം പമ്പ് ചെയ്യുന്നതെങ്കിലും അത് പലപ്പോഴും പാടങ്ങളിലേയ്ക്കെത്താറില്ലെന്ന് കർഷകർ പരാതിപ്പെട്ടു, ബി പുഞ്ചയിൽ പല ഭാഗത്തും കൃഷിക്ക് നിലമൊരുക്കിത്തുടങ്ങി. വെള്ളം കിട്ടാത്തതിനാൽ പണികൾ മുന്നോട്ടുകൊണ്ടു പോകാനാകുന്നില്ല.

ഒരു ചാലും മറ്റും ഉഴുത പാടങ്ങൾ വെള്ളം കിട്ടാതെ വരണ്ടുപോവുകയാണെന്ന് പിറവം പുഞ്ച ബി പാടശേഖരസമിതി സെക്രട്ടറിയും കർഷകസംഘം വില്ലേജ് സമിതി സെക്രട്ടറിയുമായ കെ.കെ. സുരേഷും പുഞ്ചയിൽ സ്വന്തം കൃഷിയിടത്തും പാട്ടത്തിനെടുത്ത സ്ഥലത്തും കൃഷിചെയ്യുന്ന കർഷക ജാൻസി ഏലിയാസും പറഞ്ഞു.

പകൽ മാത്രമുള്ള പമ്പിങ് കൊണ്ട് ബി പുഞ്ചയിൽ കൃഷിചെയ്യാനാവില്ല. കൃഷിക്ക് നിലമെരുക്കാൻപോലും കഴിയുന്നില്ല. അതിനാൽ പദ്ധതിയിൽ രാത്രിയും പമ്പുചെയ്ത് വെള്ളം എത്തിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ചെറുകിട ജലസേചനവകുപ്പിന് കീഴിൽ താത്കാലിക ജീവനക്കാരാണ് പലയിടത്തും പമ്പിങ് നടത്തുന്നത്.

ചെറുകിട ജലസേചന വകുപ്പിനെ സംബന്ധിച്ചിടത്തോളം ആവശ്യത്തിന് ജീവനക്കാരില്ലെന്ന പരിമിതിയുണ്ട്. നാമമാത്രമായ ദിവസവേതനത്തിന് തൊഴിലാളികളെ കിട്ടാനില്ലെന്ന പരാതിയുണ്ട്. പാടശേഖരങ്ങളിലെ ചെറിയ കുളങ്ങളിൽനിന്ന് പെട്രോൾ പമ്പ് ഉപയോഗിച്ച് വെള്ളമടിച്ചെടുത്ത് കൃഷിചെയ്യാൻ ഏതാനും കർഷകർ ശ്രമിച്ചെങ്കിലും വർധിച്ച ഇന്ധനവില അതിനും തടസ്സമാകുകയാണ്.