ഹയർ സെക്കൻഡറി നാടകം ‘വേട്ട’ പൊരുതി യോഗ്യത നേടി

കോലഞ്ചേരി : കലോത്സവവേദിയിൽ വ്യാഴാഴ്ചനടന്ന ഹയർ സെക്കൻഡറി വിഭാഗ നാടകവേദി ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്. ആതിഥേയരായ കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച ‘വേട്ട’ യാണ് സംസ്ഥാന മത്സരത്തിന് യോഗ്യത നേടിയത്. ലൗ ജിഹാദിന്റെ ചുവടുപിടിച്ച് മതം വേട്ടയാടപ്പെടുന്നവന്റെ ദുരവസ്ഥയാണ് വേട്ടയിൽ കുട്ടികൾ അവതരിപ്പിച്ചത്. ജയിലിൽ മജീദ് മർദനമേറ്റ് മരിക്കുന്നതും നായിക മല്ലിക മതചൂഷണത്തിനിരയാകുന്നതും കാണികളെ ചിന്തിപ്പിക്കുന്ന രംഗങ്ങളായി.
ജാതീയമായ വിഭാഗീയതമൂലം നിലവിൽ സമൂഹം അനുഭവിക്കേണ്ടി വരുന്ന ജാതീയ പ്രവണതകളെ രൂക്ഷമായി വിമർശിക്കുന്നതാണ് നാടകം. സി.സി. കുഞ്ഞുമുഹമ്മദ് എഴുതി സംവിധാനംചെയ്ത നാടകത്തിലെ പ്രധാന കഥാപാത്രമായ മജീദിനെ അവതരിപ്പിച്ച വൈഷ്ണവാണ് നല്ല നടൻ. പുതുമയാർന്ന അവതരണ രീതിയും നാടകത്തിന്റെ മാറ്റുകൂട്ടി. മത്സരത്തിൽ ഒപ്പം പിടിച്ചുനിന്ന നാടകമാണ് എറണാകുളം സെയ്ന്റ് തേരേസാസ് ഹയർ സെക്കൻഡറി സ്കൂൾ അവതരിപ്പിച്ച ‘ഒറ്റാൽ കുരുതി’. പരിസ്ഥിതിയെ കശാപ്പു ചെയ്യുന്നവർക്കെതിരേ കണ്ടൽക്കാടുകളുടെയും പൊക്കാളിപ്പാടങ്ങളുടെയും നാശവും ചതിയിലൂടെ പുല്ലാനി ത്തുരുത്തു കൈയേറാൻ വരുന്നവരുടെ കഥയിലൂടെ കുട്ടികൾ അവതരിപ്പിച്ചു. നാടുകാക്കാൻ കരുത്തോടെ മണ്ണെണ്ണവിളക്കുമായി പോരാട്ടത്തിനെത്തുന്ന കാളിയമ്മയെന്ന കഥാപാത്രമാണ് നാടകത്തിന്റെ ശക്തി. കാളിയമ്മയെ അവതരിപ്പിച്ച പാർവതി നന്ദയാണ് നല്ല നടി. 12 നാടകങ്ങൾ രജിസ്റ്റർ ചെയ്തതിൽ 7 എണ്ണമാണ് രംഗത്തെത്തിയത്.