പൾസ് പോളിയോ ദിനാചരണം ആദ്യതുള്ളി മകന് നൽകി കളക്ടർ ജി. പ്രിയങ്ക

കൊച്ചി : ജില്ലയിലെ പോളിയോ ദിനാചരണത്തിൽ കളക്ടർ ജി. പ്രിയങ്ക ആദ്യ തുള്ളി നൽകിയത് മകൻ കനിഷ്കിന്. എറണാകുളം ജനറൽ ആശുപത്രിയിൽ സബ് നാഷണൽ പൾസ് പോളിയോ ദിനാചരണത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് മകനുമായെത്തിയ പ്രിയങ്ക, ആദ്യ ഡോസ് പോളിയോ തുള്ളിമരുന്ന് മകനുതന്നെ കൊടുക്കാൻ തയ്യാറാവുകയായിരുന്നു. ഭർത്താവ് നിതീഷ് സിൻഹ കനിഷ്കിനെയും മടിയിൽ കിടത്തി കസേരയിലിരുന്നപ്പോൾ പ്രിയങ്ക തുള്ളിമരുന്ന് അവന് നൽകി. ദിനാചരണം ടി.ജെ. വിനോദ് എം. എൽ.എ. ഉദ്ഘാടനം ചെയ്തു.
ജില്ലയിൽ അഞ്ച് വയസ്സിനു താഴെയുള്ള 1,61,529 കുട്ടികൾക്കായി 1,879 ബൂത്തുകളാണ് പോളിയോ തുള്ളിമരുന്ന് വിതരണത്തിനായി സജ്ജീകരിച്ചത്. പോളിയോ തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികൾക്ക് ആരോഗ്യപ്രവർത്തകരും പരിശീലനം ലഭിച്ച വൊളന്റിയർമാരും തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി വീടുകളിലെത്തി തുള്ളിമരുന്ന് നൽകും.
കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ഷഹീർ ഷാ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എം.എം. ഹനീഷ്, എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. പ്രഭുദാസ്, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. എം.എസ്. രശ്മി, സ്റ്റേറ്റ് ലെവൽ മോണിറ്ററും അസിസ്റ്റന്റ് ഡയറക്ടറുമായ ഡോ. യു. അഞ്ജലി, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ആൽജോ സി. ചെറിയാൻ, എം.സി.എച്ച്. ഓഫീസർ ഇൻ ചാർജ് എം.എ. പ്രീതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.