എളന്തിക്കര-കോഴിത്തുരുത്ത് മണൽബണ്ട് നിർമാണം; ഡ്രെജ്ജിങ് തുടങ്ങി

പറവൂർ : പെരിയാറിൽ നിന്നും ചാലക്കുടിയാറിലേക്ക് ഓരുജലം കയറുന്നത് തടയുന്നതിനായി മണൽബണ്ട് കെട്ടുന്നതിനുള്ള ഡ്രെജ്ജിങ് വെള്ളിയാഴ്ച ആരംഭിച്ചു. എളന്തിക്കര-കോഴിത്തുരുത്ത് കരകളെ ബന്ധിപ്പിച്ചുകൊണ്ടാണ് മണൽബണ്ട് പണിതീർക്കുന്നത്. ഇത്തവണ കാലവർഷക്കാലത്ത് മഴ കുറവായതിനാൽ ശക്തിയായ വേലിയേറ്റമുണ്ടായ ദിവസങ്ങളിൽ പെരിയാറിൽനിന്ന് ഓരുജലം ചാലക്കുടിയാറിലേക്ക് കയറിയിരുന്നു.
ഉപ്പ് കയറിയതിനാൽ കുടിവെള്ള പമ്പിങ് പല ദിവസങ്ങളിലും നിർത്തിവെക്കേണ്ടിവന്നു. ഈ ദിവസങ്ങളിൽ പ്രദേശവാസികൾ പണം കൊടുത്താണ് വെള്ളം വാങ്ങിയിരുന്നത്. ആയിരം ലിറ്റർ വെള്ളത്തിന് 500 രൂപ നിരക്കിൽ പണം നൽകിയാണ് കുടിവെള്ളം വാങ്ങിയിരുന്നത്. പ്രശ്നം രൂക്ഷമായപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇടപെടുകയും കുടിവെള്ളം അടിയന്തരമായി എത്തിക്കാൻ നിർദേശം നൽകുകയും ചെയ്തു. എന്നിട്ടും കുടിവെള്ളം എത്തുന്നില്ലെന്നു കാട്ടി എൽ.ഡി.എഫ്. സമരം നടത്തിയിരുന്നു. ഇപ്പോൾ വേലിയേറ്റത്തിന് ശക്തി കുറവായതിനാൽ ഓരുജലം കയറുന്നില്ല. അതിനാൽ രാത്രി കുടിവെള്ള പമ്പിങ് നടക്കുന്നുണ്ട്.