നാടകീയ സംഭവങ്ങൾക്കൊടുവിൽ കാലടി സമരത്തിന് വിജയസമാപ്തി

#എം.എസ്. സന്തോഷ്

കാലടി: ആവശ്യത്തിന് അധ്യാപകരെ നിയമിക്കുക, സ്‌റ്റൈപ്പെൻഡ് വിതരണം ചെയ്യുക, മാർക്ക് ലിസ്റ്റ് വിതരണം ചെയ്യുക, കാമ്പസിൽ ശുദ്ധജലം ഉറപ്പാക്കുക തുടങ്ങിയ 18 ആവശ്യങ്ങൾ ഉയർത്തിയാണ് സംസ്കൃത സർവകലാശാലയിൽ ജൂലായ് 22-ന് എസ്.എഫ്.ഐ. സമരം തുടങ്ങിയത്. സമരക്കാരുമായി ചർച്ചനടത്താൻ വൈസ് ചാൻസലർ ഒരുക്കമായിരുന്നില്ല.

ഓഗസ്റ്റ് 13-ന് സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുക്കാൻ വൈസ് ചാൻസലർ എത്തി. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ വൈസ് ചാൻസലറുടെ ഓഫീസിന്റെ ഗേറ്റിനു താഴെ എസ്.എഫ്.ഐ. പ്രവർത്തകർ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. വി.സി.യെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സമരക്കാർ. പെരുമ്പാവൂർ എ.എസ്.പി. ഇടപെട്ട് സമരക്കാരുടെ പ്രതിനിധികളും വി.സി.യുമായി ചർച്ചയ്ക്ക് അവസരമൊരുക്കി. അടിയന്തര പ്രാധാന്യമുള്ള അഞ്ച് ആവശ്യങ്ങൾ പറയാൻ വി.സി. നിർദേശിച്ചു. 18 ആവശ്യങ്ങളും പരിഗണിക്കണമെന്ന് സമരക്കാർ നിലപാടെടുത്തു. ചർച്ച വിജയിച്ചില്ല. സിൻഡിക്കേറ്റ് യോഗം കഴിഞ്ഞപ്പോൾ മടങ്ങിപ്പോകാൻ സുരക്ഷയൊരുക്കണമെന്ന് വി.സി. പോലീസിനോട് ആവശ്യപ്പെടുകയും പോലീസ് അകമ്പടിയോടെ താഴേക്കിറങ്ങുകയും ചെയ്തു. പ്രതിഷേധിച്ചുനിന്ന എസ്.എഫ്.ഐ. പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് വി.സി.യുടെ അടുത്തേക്കെത്തി. പോലീസ് വലയം തീർത്ത് വി.സി.യെ താഴെ വാഹനത്തിലെത്തിച്ചു. ഓഫീസിൽനിന്നും താഴേക്കിറങ്ങുമ്പോൾ എസ്.എഫ്.ഐ. പ്രവർത്തകർ അടുത്തെത്തി മുടിക്കുത്തിന് പിടിച്ചുവലിച്ചെന്നും മാന്തിയെന്നും അസഭ്യം പറഞ്ഞെന്നും വൈസ് ചാൻസലറിൽ നിന്നും പരാതി ഉയർന്നു. ഔദ്യോഗിക വാഹനത്തിന്റെ കണ്ണാടി തകർത്തുവെന്നും വശങ്ങളിൽ പോറലേൽപ്പിച്ചെന്നും പരാതി നൽകി.

മൂന്നുദിവസം കഴിഞ്ഞാണ് വി.സി. പോലീസിൽ പരാതി നൽകിയത്. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് മാത്രമാണ് സംഭവദിവസം പോലീസ് കേസെടുത്തിരുന്നത്. ഗവർണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വൈസ് ചാൻസലർ പരാതി നൽകിയതെന്ന ആക്ഷേപമാണ് സമരകേന്ദ്രങ്ങൾ ഉയർത്തിയത്.

സിൻഡിക്കേറ്റ് യോഗം നടക്കുമ്പോൾ ഗേറ്റിനു താഴെ എസ്.എഫ്.ഐ. നടത്തിയ ഒരു പ്രതിഷേധ പരിപാടിയാണ് ഏറെ വിവാദമായത്. വൈസ് ചാൻസലർ സിസാ തോമസിന്റെ പ്രതീകാത്മക ശവസംസ്കാരച്ചടങ്ങായിരുന്നു പ്രതിഷേധമെന്ന് സർവകലാശാല കുറ്റപ്പെടുത്തി. എന്നാൽ, തിയേറ്റർ വിഭാഗത്തിൽ കേടായിക്കിടന്ന ലൈറ്റുകളുടെ ശവസംസ്കാരം അവതരിപ്പിച്ച 'ലൈറ്റ് മരിച്ചേ' എന്ന നാടകത്തെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നാണ് എസ്.എഫ്.ഐ. വാദം. ദേഹോപദ്രവം ഏൽപ്പിച്ചുവെന്ന വി.സി.യുടെ പരാതിയിൽ 16 പ്രവർത്തകരുടെ പേരിൽ കേസെടുത്തു. അതിൽ നാല് എസ്.എഫ്.ഐ. പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മറ്റ് 12 പേർ ജാമ്യമെടുത്തു.

വിഷയത്തിൽ സർവകലാശാല അന്വേഷണ കമ്മിഷനെ വെച്ചു. സംഭവത്തിൽ 16 വിദ്യാർഥികൾ കുറ്റക്കാരാണെന്ന് കമ്മിഷൻ റിപ്പോർട്ട് നൽകി. ഇവരെ സർവകലാശാല സസ്‌പെൻഡ് ചെയ്തു. ഇൗ നടപടി രണ്ടുമാസം നീണ്ടു. പരീക്ഷ അടുക്കുകയും സർവകലാശാലയുടെ ഭാഗത്തുനിന്നും ചർച്ചയ്ക്ക് സാധ്യത ഇല്ലാതെ വരുകയും ചെയ്തതോടെയാണ് സർവകലാശാലാ കവാടത്തിനു മുന്നിൽ നിരാഹാരസമരം തുടങ്ങുന്നത്. ആദ്യം സമരം അനുഷ്ഠിച്ച കെ.വി. അഭിജിത്ത്, അശ്വന്ത്, അർച്ചന എന്നിവരെ സമരം 12-ാം ദിവസത്തിലേക്ക് കടന്നപ്പോൾ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് 10 ദിവസമായി എം.എസ്. ശിവകുമാർ, സി.പി. ശ്രദ്ധ, കെ.എൽ. അതുല്യ എന്നിവർ സമരമനുഷ്ഠിച്ച് വരുകയായിരുന്നു. വിധിവന്ന ശേഷം മൂവരെയും ആശുപത്രിയിലേക്ക് മാറ്റി.

വൈസ് ചാൻസലർക്ക് അനുകൂലമായ പ്രതികരണങ്ങളാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിൽനിന്നും ഉണ്ടായത്. ഇതിനെ ആർ.എസ്.എസ്.-കോൺഗ്രസ് ധാരണ എന്ന നിലയിൽ ഇടതുകേന്ദ്രങ്ങൾ പ്രചരിപ്പിച്ചു. സസ്‌പെൻഷനിലായ വിദ്യാർഥികൾ പരീക്ഷയെഴുതാൻ അനുമതി തേടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സിംഗിൾ ബെഞ്ച് വിദ്യാർഥികൾക്ക് അനുകൂല വിധി പറഞ്ഞപ്പോൾ സർവകലാശാലാ വൈസ് ചാൻസലർ സിസാ തോമസ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. പരീക്ഷയെഴുതാൻ ആവശ്യമായ ഹാജർ വിദ്യാർഥികൾക്കില്ലെന്ന വാദമാണ് ഉന്നയിച്ചത്. സിംഗിൾ ബെഞ്ചിന്റെ വിധിക്ക് സ്റ്റേ ലഭിച്ചു. തുടർന്ന്, വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിക്കുകയും വിശദമായി പഠിച്ച് വിധിപറയാൻ സുപ്രീംകോടതി ഹൈക്കോടതി സിംഗിൾ ബെഞ്ചിന് നിർദേശം നൽകുകയുമാണുണ്ടായത്.

രാഷ്ട്രീയപോരാട്ടമായി സമരം

: ജന്തർമന്തറിലേതുൾപ്പെടെയുള്ള വിദ്യാർഥി പ്രക്ഷോഭം കൊടുമ്പിരികൊണ്ടപ്പോഴായിരുന്നു കാലടിയിലും എസ്.എഫ്.ഐ. സമരം തുടങ്ങുന്നത്. ആ നിലയിലും സമരത്തിന് പിന്തുണ കിട്ടി. ഐഷി ഘോഷ് ഉൾപ്പെടെയുള്ള നേതാക്കൾ തുടക്കത്തിലേ പിന്തുണയുമായി എത്തിയിരുന്നു. സമരത്തോട് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ സ്വീകരിച്ച നിലപാടും പത്രസമ്മേളനത്തിലൂടെ മുഖ്യമന്ത്രി സമരത്തിനെതിരേ പറഞ്ഞ കാര്യങ്ങളും ഇടതുപക്ഷത്തിന്റെ സമരാവേശം കൂട്ടി. ഇതോടെ സമരം കൂടുതൽ ശ്രദ്ധ നേടി.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, റിട്ട. ജസ്റ്റിസ് ചന്ദ്രു, സിനിമാതാരം പ്രകാശ് രാജ്, സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവർ സമരപ്പന്തലിൽ എത്തി. സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, ഇടതുമുന്നണി നേതാക്കൾ, കലാ- സാംസ്കാരിക പ്രവർത്തകർ എന്നിവർ തുടർച്ചയായി വന്നു കൊണ്ടിരുന്നു. കലാപരിപാടികളും പാട്ടും നൃത്തവുമെല്ലാമായി സമരപ്പന്തൽ സജീവമായിരുന്നു. നിരാഹാരമരിക്കുന്നവർക്ക് കൂട്ടായി എപ്പോഴും സമരപ്പന്തലിൽ നിറയെ പ്രവർത്തകരുണ്ടായിരുന്നു. എം.സി. റോഡിന് അഭിമുഖമായി തീർത്ത സമരപ്പന്തലും ജനശ്രദ്ധ നേടി.

എസ്.എഫ്.ഐ. നിരാഹാരസമരം അവസാനിപ്പിച്ചു

കാലടി : ഹൈക്കോടതിവിധി അനുകൂലമായതിനേത്തുടർന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ കവാടത്തിനു മുന്നിൽ 22 ദിവസമായി നടത്തിവന്ന നിരാഹാരസമരം എസ്.എഫ്.ഐ. അവസാനിപ്പിച്ചു. സമരം നടത്തിയിരുന്ന എം.എസ്. ശിവകുമാർ, സി.പി. ശ്രദ്ധ, കെ.എൽ. അതുല്യ എന്നിവർക്ക് സി.പി.എം. ജില്ലാ സെക്രട്ടറി എസ്. സതീഷ് നാരങ്ങാനീര് നൽകി, സമരം അവസാനിപ്പിച്ചു.

നിരാഹാരസമരം അവസാനിപ്പിച്ചെങ്കിലും തങ്ങൾ ഉയർത്തിയ ആവശ്യങ്ങൾ നേടിയെടുക്കുംവരെ സമരം തുടരുമെന്ന് എസ്.എഫ്.ഐ. അറിയിച്ചു. സസ്‌പെൻഷനിലായ 16 വിദ്യാർഥികളെയും തിങ്കളാഴ്ച തന്നെ കാമ്പസിൽ പ്രവേശിപ്പിക്കണമെന്ന് കോടതി ഉത്തരവുണ്ടായ പശ്ചാത്തലത്തിൽ വിദ്യാർഥികൾ കാമ്പസിൽ പ്രവേശിച്ചു. എന്നാൽ, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ കവാടം താഴിട്ട് പൂട്ടിയിരിക്കയായിരുന്നു. കോടതിവിധിയുടെ പകർപ്പ് കിട്ടിയിട്ടില്ലെന്നാണ് അധികൃതർ പ്രതികരിച്ചത്. ഇവിടെനിന്ന് പ്രതിഷേധിച്ചശേഷം പ്രവർത്തകർ സമരപ്പന്തലിലേക്ക് പ്രകടനമായി മടങ്ങി. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷിച്ചു.

ആർ.എസ്.എസ്., കോൺഗ്രസ് കൂട്ടുകെട്ടിനുള്ള തിരിച്ചടി- എസ്. സതീഷ്

കൊച്ചി : കാലടി സർവകലാശാല വിദ്യാർഥി സമരവിജയം ആർ.എസ്.എസിന്റെയും കോൺഗ്രസിന്റെയും അവിശുദ്ധ കൂട്ടുകെട്ടിനുള്ള തിരിച്ചടിയാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എസ്. സതീഷ് പറഞ്ഞു.

വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി പരീക്ഷയെഴുതാൻ അനുമതി നൽകിയ ഹൈക്കോടതി വിധി, ആർ.എസ്.എസ് അനുകൂല വൈസ് ചാൻസലർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും യു.ഡി.എഫ്. സർക്കാരിന്റെ സംഘപരിവാർ നിലപാടിനും ഏറ്റ കനത്ത തിരിച്ചടിയാണ്.

നുണ പ്രചരിപ്പിച്ച് വിദ്യാർഥികളുടെ ഭാവി തകർക്കാൻ ശ്രമിച്ച വൈസ് ചാൻസലർ ഡോ. സിസ തോമസും യു.ഡി.എഫ്. സർക്കാരും വിദ്യാർഥികളോടും പൊതുസമൂഹത്തോടും മാപ്പ് പറയണമെന്നും എസ്. സതീഷ് ആവശ്യപ്പെട്ടു.