കുമ്പളങ്ങി പാലത്തിലെ അപകടമരണം: പോലീസിന്റെ ഭാഗത്ത് വീഴ്ച, പ്രതിഷേധം ശക്തം

പള്ളുരുത്തി: കുമ്പളങ്ങി-പെരുമ്പടപ്പ് പാലത്തിൽ കേടായിക്കിടന്നിരുന്ന ടിപ്പർ ലോറിയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധം ശക്തം. പാലത്തിൽ കേടായിക്കിടന്ന ടിപ്പർ ലോറിയിൽ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. കുമ്പളങ്ങി സ്വദേശിയായ അനു (18) ആണ് അപകടത്തിൽ മരിച്ചത്.
രണ്ടുദിവസം മുൻപാണ് പാലത്തിൽ വെച്ച്
'ചെറുവാളന്തറ ' എന്ന പേരിലുള്ള ടിപ്പർ ലോറി ബ്രേക്ക് ഡൗണായത്. അതിനുശേഷം ലോറി രണ്ടുദിവസം പാലത്തിൽ തന്നെ കിടന്നു. അത് നീക്കാൻ പോലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്നാണ് പരാതി. ലോറിയിൽ കോൺക്രീറ്റ് കട്ടകൾ ലോഡ് ചെയ്തിരുന്നു. കട്ടകൾ ഇറക്കി ലോറിനീക്കാൻ ഒരു നടപടിയുമുണ്ടായില്ല. കുമ്പളങ്ങിയിൽ പ്രത്യേക പോലീസ് ഔട്ട് പോസ്റ്റ് തന്നെയുണ്ട്. കുമ്പളങ്ങി പഞ്ചായത്തിലേക്കുള്ള പ്രധാന പാലത്തിൽ ഗതാഗതം തടസ്സപ്പെടുന്ന രീതിയിൽ ലോറി കിടന്നിട്ടും അത് നീക്കുന്ന കാര്യം പോലീസ് ഗൗരവത്തിലെടുത്തില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പാലത്തിലാണെങ്കിൽ വെളിച്ചക്കുറവുള്ളതിനാൽ ലോറി നിർത്തിയിട്ടിരിക്കുന്നത് പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല. ലോറിയിൽ മതിയായ അപകട മുന്നറിയിപ്പ് സംവിധാനമോ, റിഫ്ളക്ടറുകളോ ഉണ്ടായിരുന്നില്ല. പാർക്കിങ് ലൈറ്റും പ്രവർത്തിച്ചിരുന്നില്ല. അപകടത്തിന് ഇതെല്ലാം കാരണമായി.
തിരക്കേറിയ പാലത്തിൽനിന്ന് വാഹനം നീക്കാൻ പോലീസിന് അടിയന്തരമായി ഇടപെടാമായിരുന്നു. എവിടെ അപകടമുണ്ടായാലും ആദ്യഘട്ടത്തിൽ തന്നെ പോലീസ് ഈ ജോലി കൃത്യമായി ചെയ്യാറുണ്ട്. എന്നാൽ കുമ്പളങ്ങിയിൽ അതുണ്ടായില്ല.
അപകടം നടന്ന ശേഷം നാട്ടുകാരും, സമീപത്തെ കയറ്റിറക്ക് തൊഴിലാളികളും ചേർന്ന് ലോറിയിലുണ്ടായിരുന്ന കോൺക്രീറ്റ് കട്ടകൾ ഇറക്കിയ ശേഷം ലോറി തള്ളിമാറ്റുകയായിരുന്നു. അപകടത്തിന് ശേഷം ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ലോറി ഉടമയ്ക്കെതിരേ കേസുമെടുത്തു.
അപകട വിവരമറിഞ്ഞ് രാത്രി തന്നെ മുഹമ്മദ് ഷിയാസ് എം.എൽ.എ., പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി തുടങ്ങിയവർ സ്ഥലത്തെത്തി. ലോറി നീക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ടവരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് എം.എൽ.എ. പറഞ്ഞു.
കുറ്റക്കാർക്കെതിരേ നടപടി വേണം
കുമ്പളങ്ങിപ്പാലത്തിൽ അപകടത്തിന് വഴിവെച്ച ലോറിയുടെ ഡ്രൈവർക്കും, ലോറി ഉടമയക്കുമെതിരേ നരഹത്യ കുറ്റത്തിന് കേസെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ. പള്ളുരുത്തി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ട് ദിവസം ലോറി പാലത്തിൽ കിടന്നിട്ടും അത് നീക്കാൻ പോലീസോ, മോട്ടോർ വാഹന വകുപ്പോ നടപടിയെടുത്തില്ല. ഉദ്യോഗസ്ഥർക്കെതിരേയും നടപടി വേണമെന്ന് ഇവർ ആവശ്യപ്പെട്ടു.
Content Highlights: Protests erupt over police negligence after an 18-year-old youth died when his bike hit a broken-down tipper lorry on the Kumbalangi bridge.