ഡോ. ജോസഫ് സണ്ണിക്ക് ഒക്യുപേഷണൽ തെറാപ്പിസ്റ്റ് പ്രൊഫഷണൽ എക്സലൻസ് അവാർഡ്

കൊച്ചി: കേരളാ ഒക്യുപേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ (കോട്ട) നൽകുന്ന 2026-ലെ പ്രൊഫഷണൽ എക്സലൻസ് അവാർഡ് നേട്ടത്തിൽ ഡോ. ജോസഫ് സണ്ണി. ഒക്യുപേഷണൽ തെറാപ്പി രംഗത്തെ മാതൃകാപരമായ സേവനങ്ങൾക്കും സംഭാവനകൾക്കുമുള്ള അംഗീകാരമായിട്ടാണ് പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്‌മെന്റ് സ്ഥാപകനും ചെയർമാനുമായ ഡോ. ജോസഫ് സണ്ണി പുരസ്‌കാരത്തിന് അർഹനായത്. തിരുവനന്തപുരത്ത് 'കോട്ട' സംഘടിപ്പിച്ച ലോക ഒക്യുപേഷണൽ തെറാപ്പി ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി കെ. മുരളീധരനിൽനിന്ന് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി.

എസ്.ആർ.എം. മെഡിക്കൽ കോളേജിൽ നിന്ന് ഒക്യുപേഷണൽ തെറാപ്പിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഡോ. ജോസഫ് സണ്ണി, തുടർന്ന് ജയ്പൂർ എം.വി.ജി. സർവകലാശാലയിൽ നിന്ന് കുട്ടികളിലെ ഓട്ടിസം സ്ക്രീനിംഗിൽ പിഎച്ച്ഡിയും നേടിയിട്ടുണ്ട്. കേരളത്തിൽ ഒക്യുപേഷണൽ തെറാപ്പി പഠന കോഴ്സുകൾ കൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം, തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ അഞ്ച് വർഷത്തോളം ഒക്യുപേഷണൽ തെറാപ്പിസ്റ്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭിന്നശേഷിക്കാരായ കുട്ടികൾക്കും വിവിധ ആരോഗ്യ പ്രയാസങ്ങൾ നേരിടുന്നവർക്കും കൈത്താങ്ങായി ഒക്യുപേഷണൽ തെറാപ്പി രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. ആതുരശുശ്രൂഷാ രംഗത്ത് രോഗമുക്തിക്കൊപ്പം വ്യക്തികളുടെ സ്വതന്ത്ര ജീവിതവും ഉറപ്പാക്കുന്നതിൽ തെറാപ്പിസ്റ്റുകളുടെ സേവനം അത്യന്താപേക്ഷിതമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി കെ. മുരളീധരൻ അഭിപ്രായപ്പെട്ടു.

കേരളാ ഒക്യുപേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ ഫൗണ്ടർ ഡോ. മേരി ഫിലിപ്, സെക്രട്ടറി ഡോ. സി. സ്മൃതി ജോസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Content Highlights: Dr. Joseph Sunny won the 2026 KOTA Professional Excellence Award., The award was presented by Health Minister K. Muraleedharan in Thiruvananthapuram., He is the founder and chairman of Prayer Centre for Child Development., He holds a PhD in Autism Screening from MVG University, Jaipur.